സി.പി.എം കേരളത്തിൽ പയറ്റുന്നത് ബി.ജെ.പി രാജ്യത്ത് പരീക്ഷിച്ച തന്ത്രം -വെൽഫെയർ പാർട്ടി
text_fieldsസി.പി.എം കേരളത്തിൽ പയറ്റുന്നത് ബി.ജെ.പി രാജ്യത്ത് പരീക്ഷിച്ച തന്ത്രമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. മുസ്‍ലിം സംഘടനകൾ ആർ.എസ്.എസുമായി നടത്തിയ ചർച്ചയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എമ്മിന്റെ സോഷ്യൽ എൻജിനീയറിങ് യഥാർഥത്തിൽ ബി.ജെ.പി ഇന്ത്യയിൽ പരിചയപ്പെടുത്തിയതാണ്. യു.പി തെരഞ്ഞെടുപ്പിൽ അത് യോഗി ആദിത്യനാഥ് പരിചയപ്പെടുത്തി. ഇസ്‍ലാമോഫോബിക് ആയ ഒരു സമീപനത്തിന്റെ ഭാഗമായി സൃഷ്ടിക്കുന്ന ഇതിനെ നമുക്ക് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ പ്രമുഖ മുസ്‍ലിം സംഘടനകൾ നടത്തിയ ഒരു ചർച്ചയെ കേരളത്തിൽ ഇത്രമാത്രം വിവാദമാക്കിയത് ആരാണ്?, അതിന്റെ കാരണമെന്താണ്?. അതുകൂടി പരിശോധിക്കപ്പെടേണ്ടതുണ്ട്. ചർച്ചയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ അതിൽ പങ്കെടുത്ത പ്രമുഖ മുസ്‍ലിം സംഘടനകൾ മാധ്യമങ്ങളോട് വെളിപ്പെടുത്തിയതാണ്. ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളെ ദുർബലപ്പെടുത്തുന്ന ഒന്നും അത്തരം ചർച്ചകളിൽ ഉണ്ടായിട്ടില്ല എന്നാണ് അവരുടെ തന്നെ വിശദീകരണത്തിൽനിന്ന് നമുക്ക് മനസ്സിലാക്കാനാവുന്നത്.
കേന്ദ്രത്തിനെതിരായ ഒരു പ്രചാരണ ജാഥയുടെ ഉദ്ഘാടന പ്രഭാഷണത്തിൽ കേരളത്തിന്റെ മുഖ്യമന്ത്രി തന്നെ ഏറെ സമയമെടുത്ത് ഈ വിഷയം ഉന്നയിക്കുകയാണ്. കേരളത്തിലെ മുസ്‍ലിം സമൂഹത്തിനിടയിലെ പല അഭിപ്രായ വ്യത്യാസങ്ങളെ പ്രയോജനപ്പെടുത്തിയും മത സമുദായങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കിയും പ്രത്യേകമായി ഒരു സോഷ്യൽ എൻജിനീയറിങ് സി.പി.എം കുറേ കാലമായി സൃഷ്ടിച്ചുകൊണ്ടിരിക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ അത് വളരെ വലിയ അർഥത്തിൽ സംഭവിച്ചതാണ്. ഒരുപാട് പ്രചാരണങ്ങൾ ആ സ്വഭാവത്തിലുണ്ടായി. ഈ സോഷ്യൽ എൻജിനീയറിങ്ങിന്റെ ഭാഗമായാണ് ഇത്തരം വിവാദങ്ങളുണ്ടാകുന്നത്. സി.പി.എമ്മിന്റെ സോഷ്യൽ എൻജിനീയറിങ് യഥാർഥത്തിൽ ബി.ജെ.പി ഇന്ത്യയിൽ പരിചയപ്പെടുത്തിയതാണ്. എന്തുകൊണ്ടാണ് അത്തരം ചർച്ചകൾ ഉന്നയിക്കുന്നതെന്ന് അവർ തന്നെ പുനഃപരിശോധിക്കണം. ഫാഷിസത്തിന്റെ ഇരകളാക്കപ്പെട്ട ജനസമൂഹങ്ങളെ ഈ സ്വഭാവത്തിലല്ല സി.പി.എം സമീപിക്കേണ്ടത്.
സി.പി.എം ഈ സ്വഭാവത്തിൽ നടത്തിയൊരു ചർച്ച രഹസ്യമാക്കി വെച്ചിരുന്നതാണ്. ഇപ്പോൾ കേരളത്തിൽ അത് വലിയൊരു വിവാദമായി മാറിയിരിക്കുകയാണ്. സി.പി.എം സംസ്ഥാന സെക്രട്ടറി തന്നെ പറഞ്ഞത് അതുകൊണ്ട് കേരളത്തിന് വലിയ ഉപകാരമുണ്ടായി എന്നാണ്. എന്താണ് ആ ഉപകാരമെന്ന് അവർ തന്നെയാണ് വിശദീകരിക്കേണ്ടത്.
കേരളത്തിൽ ബജറ്റുമായി ബന്ധപ്പെട്ടതടക്കം ഭരണവിരുദ്ധ വികാരം ശക്തമായപ്പോഴാണ് ഇത്തരമൊരു ചർച്ച ഉയർന്നുവരുന്നത്. ഭരണവിരുദ്ധ വികാരം മാറ്റിവെക്കാനും മറച്ചുവെക്കാനുമുള്ള നീക്കമാണിത്. അതോടൊപ്പം തന്നെ കേന്ദ്രത്തിനെതിരെ ഒരു വലിയ പ്രക്ഷോഭം നടത്തുമ്പോൾ അതിനെ കുറിച്ച് സംസാരിക്കാനുള്ള ധൈര്യം സി.പി.എമ്മിന് ഇല്ലാത്തതു കൊണ്ട് കൂടിയാണോ ഇത്തരം ചർച്ചകൾ ഉയർത്തിക്കൊണ്ടുവരുന്നതെന്ന് ന്യായമായും സംശയിച്ചുപോകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.