മാത്യു കുഴൽനാടനെതിരെ ആരോപണവുമായി സി.പി.എം
text_fieldsകൊച്ചി: കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എം.എൽ.എക്കെതിരെ ആരോപണവുമായി സി.പി.എം. മാത്യു കുഴൽനാടൻ എം.എൽ.എ കള്ളപ്പണം വെളുപ്പിച്ചെന്നും നികുതി വെട്ടിപ്പ് നടത്തിയെന്നും സി.പി.എം എറണാകുളം ജില്ല സെക്രട്ടറി സി.എൻ. മോഹനൻ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
മൂന്നാറിൽ ഏഴു കോടി വിലയുള്ള ഭൂമി 1.92 കോടി മാത്രം കാണിച്ച് രജിസ്റ്റർ ചെയ്ത് സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിപ്പ് നടത്തി. 2021 മാർച്ച് 18ന് രാജകുമാരി സബ് രജിസ്ട്രാർ ഓഫിസിൽ 561-21 നമ്പറായി രജിസ്റ്റർ ചെയ്യപ്പെട്ട വസ്തുവിനും 4000 ചതുരശ്രയടി റിസോർട്ടിനും മാത്യു കുഴൽനാടനും രണ്ട് പങ്കാളികളും വിലയായി കാണിച്ചിരിക്കുന്നത് 1.92 കോടിയാണ്. സ്ഥല പരിശോധനപോലും നടത്താതെയാണ് ഈ സ്ഥലം രാജകുമാരി സബ് രജിസ്ട്രാർ 15,40,800 രൂപ മുദ്രവില ചുമത്തി രജിസ്ട്രേഷൻ നടത്തിക്കൊടുത്തത്. എന്നാൽ, തെരഞ്ഞെടുപ്പ് കമീഷന് നൽകിയ സത്യവാങ്മൂലത്തിൽ 3.5 കോടിയുടെ ഭൂമി സ്വന്തമായുണ്ടെന്നാണ് കാണിച്ചിരിക്കുന്നത്. ഇത് പകുതി ഷെയറിനാണെന്നും കാണിച്ചിട്ടുണ്ട്. ഭൂമിയുടെ യഥാർഥ വില ഏഴുകോടിയിലധികം രൂപ വരും.
തെരഞ്ഞെടുപ്പ് കമീഷന് നൽകിയിരിക്കുന്ന സത്യവാങ്മൂലത്തിൽ ദുബൈ, ഡൽഹി, ഗുവാഹതി, ബംഗളൂരു, കൊച്ചി എന്നിവിടങ്ങളിൽ താൻകൂടി പങ്കാളിയായ സ്ഥാപനങ്ങളിൽനിന്ന് 23 കോടി വരുമാനമുണ്ടെന്നാണ് കാണിച്ചിരിക്കുന്നത്. അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ച് 12 വർഷം മാത്രമായ ഇദ്ദേഹത്തിന് ഇത്രമാത്രം വരുമാനമുണ്ടായത് സംശയകരമാണ്. ഓഫിസ് വഴി കള്ളപ്പണം വെളുപ്പിക്കുന്നതായി സംശയിക്കേണ്ടതുണ്ട്. മാത്യു കുഴൽനാടന്‍റെ അനധികൃത ഇടപാടുകൾ സംബന്ധിച്ച് ഏത് അന്വേഷണം വേണമെന്ന് സർക്കാർ തീരുമാനിക്കും. ഇത് സംബന്ധിച്ച് മൂവാറ്റുപുഴ മണ്ഡലത്തിലുള്ളവരാണ് പരാതി നൽകിയത്. വിജിലൻസിനടക്കം പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ കഴമ്പുള്ളതുകൊണ്ടാണ് അന്വേഷിക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടത്. രാഷ്ട്രീയപരമായും ഇതിനെതിരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും മോഹനൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.