Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'സോളാർ സമരത്തിൽ നിന്ന്...

'സോളാർ സമരത്തിൽ നിന്ന് ഒത്തുതീര്‍പ്പ് ചര്‍ച്ചയുടെ അടിസ്ഥാനത്തിൽ സി.പി.എം തലയൂരി'; വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തകൻ

text_fields
bookmark_border
solar strike
cancel

തിരുവനന്തപുരം: സോളാർ സമരവുമായി ബന്ധപ്പെട്ട് മുതിർന്ന മാധ്യമ പ്രവർത്തകന്‍റെ വെളിപ്പടുത്തലിൽ പുതിയ രാഷ്ട്രീയ വിവാദം. ഏറെ കൊട്ടിഘോഷിച്ച് തുടങ്ങിയ സെക്രട്ടേറിയറ്റ് സ്തംഭിപ്പിക്കൽ സമരത്തിൽനിന്ന് സി.പി.എം പൊടുന്നനെ പിന്മാറിയത് ഒത്തുതീർപ്പ് ധാരണകളെ തുടർന്നെന്നാണ് മലയാള മനോരമ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന ജോൺ മുണ്ടക്കയം വെളിപ്പെടുത്തിയത്. ‘‘പിണറായി വിജയന്‍റെ വിശ്വസ്തൻ ജോൺ ബ്രിട്ടാസാണ് ഒത്തുതീർപ്പ് നീക്കങ്ങൾക്ക് തുടക്കമിട്ട് തന്നെ വിളിച്ചത്.

താനിക്കാര്യം മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ അറിയിച്ചു. തുടർന്നാണ് ഒത്തുതീർപ്പിനും സമരം അവസാനിപ്പിക്കലിനും വഴിതുറന്നതെന്നും’’ ‘സോളാർ ഇരുണ്ടപ്പോൾ’ എന്ന പേരിൽ സമകാലിക മലയാളം വാരികയിൽ എഴുതുന്ന പരമ്പരയിൽ ജോൺ മുണ്ടക്കയം വ്യക്തമാക്കുന്നു. ഇക്കാര്യങ്ങൾ സ്ഥിരീകരിച്ച് ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനും അന്ന് സി.പി.എം സഹയാത്രികനായിരുന്ന ചെറിയാൻ ഫിലിപ്പും രംഗത്തെത്തി. എന്നാൽ ആരോപണങ്ങൾ പാടെ നിഷേധിക്കുകയാണ് ജോൺ ബ്രിട്ടാസ്.

2013 ആഗസ്റ്റ് 12ന് തുടങ്ങിയ സമരം രണ്ടാംദിവസത്തിലേക്ക് കടന്നതോടെ കാര്യങ്ങൾ കൈവിട്ടുപോകുന്ന സ്ഥിതിയിലേക്കെത്തിയെന്നും ഇതിനിടെ സെക്രട്ടേറിയറ്റിന് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചുള്ള സർക്കാർ തീരുമാനം സമരക്കാരെ വെട്ടിലാക്കിയെന്നും ലേഖനത്തിൽ പറയുന്നു. ഇത് സെക്രട്ടേറിയറ്റ് വളയൽ സമരത്തെ നിരർഥകമാക്കി. അത്രയുംദിവസം പ്രവർത്തകരെ തലസ്ഥാനത്ത് പിടിച്ചുനിർത്തുക സി.പി.എമ്മിനെ സംബന്ധിച്ച് ദുഷ്കരമായിരുന്നു.

തുടക്കം ബ്രിട്ടാസിന്‍റെ ഫോൺ കോളിൽ

ജോൺ മുണ്ടക്കയത്തിന്‍റെ ലേഖനത്തിൽനിന്ന്:

രണ്ടാംദിവസം രാവിലെ 11ഓടെയാണ് ബ്രിട്ടാസിന്‍റെ ഫോൺ കോൾ തനിക്ക് ലഭിക്കുന്നത്. ‘സമരം എങ്ങനെയെങ്കിലും അവസാനിപ്പിക്കേണ്ടേ’ എന്നാണ് ബ്രിട്ടാസ് ചോദിച്ചത്. എന്താ അവസാനിപ്പിക്കണമെന്ന് തോന്നിത്തുടങ്ങിയോ എന്ന് താനും. ഉടനെ പത്രസമ്മേളനം നടത്തി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചാൽ സമരം പിൻവലിക്കാൻ തയാറാണെന്ന് ഉമ്മൻ ചാണ്ടിയെ അറിയിക്കാമോ എന്നായിരുന്നു ബ്രിട്ടാസിന്‍റെ അടുത്ത ചോദ്യം. ഇക്കാര്യം നേരത്തെ തന്നെ മുഖ്യമന്ത്രി പറഞ്ഞതാണല്ലോ എന്നത് ചൂണ്ടിക്കാട്ടിയപ്പോൾ ‘അതെ, അത് വാർത്തസമ്മേളനം വിളിച്ച് പറഞ്ഞാൽ മതി’ എന്നായി ബ്രിട്ടാസ്.

ഈ നിർദേശം നേതൃതലത്തിലുള്ളതാണെന്ന് താൻ ഉറപ്പുവരുത്തി. ഉമ്മൻ ചാണ്ടിയെ വിളിച്ച് വിവരം പറഞ്ഞപ്പോൾ പാർട്ടി തീരുമാനമാണോ എന്നാണ് അദ്ദേഹവും ചോദിച്ചത്. കുഞ്ഞാലിക്കുട്ടിയെ വിളിച്ച് വിവരം അറിയിക്കാനായിരുന്നു ഉമ്മൻ ചാണ്ടിയുടെ നിർദേശം. കുഞ്ഞാലിക്കുട്ടി തിരുവഞ്ചൂരിനെ ബന്ധപ്പെട്ടു. തിരുവഞ്ചൂർ ബ്രിട്ടാസിനെയും തുടർന്ന് കോടിയേരി ബാലകൃഷ്ണനെയും വിളിച്ച് സംസാരിച്ചു. അങ്ങനെയാണ് ഇടത് പ്രതിനിധിയായി എൻ.കെ. പ്രേമചന്ദ്രൻ യു.ഡി.എഫ് നേതാക്കളെ കാണുന്നതും ഒത്തുതീർപ്പിന് വഴിയൊരുങ്ങുന്നതും. വൈകാതെ വാർത്തസമ്മേളനം വിളിച്ച് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. മിനിറ്റുകൾക്കുള്ളിൽ സമരവും പിൻവലിച്ചു.

അപ്പോഴും ബേക്കറി ജങ്ഷനിൽ സമരക്കാർക്കൊപ്പംനിന്ന തോമസ് ഐസക് അടക്കമുള്ളവർ ഇക്കഥകളൊന്നും അറിഞ്ഞിരുന്നില്ല. ചാനലിൽനിന്ന് വിളിച്ചപ്പോൾ മാത്രമാണ് അവർ കാര്യമറിഞ്ഞതെന്നും ലേഖനം വിശദീകരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPMSolar protestSolar strike
News Summary - CPM Heads Up From Solar Strike Based on Settlement Talks
Next Story