യു.ഡി.എഫിലെ അതൃപ്തിയിൽ കണ്ണുവെച്ച് സി.പി.എം
text_fieldsതിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ ആർ.എസ്.എസ് അനുകൂല 'വാക്കുപിഴയിൽ' രാഷ്ട്രീയ നേട്ടം ലക്ഷ്യംവെച്ച് സി.പി.എം. മുസ്ലിം ലീഗിനെ യു.ഡി.എഫിൽനിന്നു പുറത്ത് കൊണ്ടുവരാനാകുമോ എന്നാണ് പാർട്ടി നോട്ടം. മുഖ്യമന്ത്രി ഉൾപ്പെടെ സി.പി.എം പ്രമുഖർ സുധാകരന്റെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയത് ഇതിന്റെ ഭാഗമായാണ്. ഗവർണറുടെ നടപടികളിൽ ലീഗിനും ആർ.എസ്.പിക്കുമുള്ള ഭിന്നസ്വരങ്ങൾ നേരത്തേതന്നെ സി.പി.എം- എൽ.ഡി.എഫ് നേതൃത്വം ചൂണ്ടിക്കാട്ടിയിരുന്നു.
ഗവർണറെ കോൺഗ്രസ് പിന്തുണക്കുമ്പോഴും സംഘ്പരിവാർ അജണ്ട നടപ്പാക്കാനുള്ള ഗവർണറുടെ നീക്കങ്ങളെ യു.ഡി.എഫ് ഘടകകക്ഷികൾ എതിർത്തിരുന്നു. സുധാകരന്റെ ആർ.എസ്.എസ് അനുകൂല നിലപാട് എന്ന ശക്തമായ പ്രചാരണം അസംതൃപ്തരായ ലീഗിനെ കൂടുതൽ അസ്വസ്ഥമാക്കാൻ ലക്ഷ്യമിട്ടാണ്.
യു.ഡി.എഫിലെ നിർണായക ശക്തിയായ ലീഗ് മുന്നണി വിട്ടാൽ വൻ നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് സി.പി.എം. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവനയിൽ സി.പി.എമ്മിന്റെ നോട്ടം വ്യക്തം. ആർ.എസ്.എസ് ശാഖക്ക് സംരക്ഷണം നൽകിയെന്ന വെളിപ്പെടുത്തലുമായി വിവാദങ്ങൾക്ക് തുടക്കമിട്ട കെ. സുധാകരൻ പിന്നീട് പറഞ്ഞതെല്ലാം സ്വയം കുടുക്കുന്നതായിരുന്നു. ഹിന്ദു ഫാഷിസ്റ്റുകൾക്ക് പിന്തുണ നൽകുന്ന നിലപാട് താൻ മാത്രമല്ല നെഹ്റുവും സ്വീകരിച്ചെന്ന നിലയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വാക്കുപിഴ എന്ന നിലയിൽ പ്രസംഗം ന്യായീകരിക്കാൻ ശ്രമിച്ചപ്പോൾ അതും തിരിച്ചടിയായി.
സുധാകരന്റെ പ്രസ്താവനക്കെതിരെ കോൺഗ്രസിൽനിന്ന് പോലും അതൃപ്തിയുണ്ടായ സാഹചര്യത്തിലാണ് ലീഗിന്റെ നിലപാട് ചോദിച്ച് സി.പി.എം സെക്രട്ടറിതന്നെ രംഗത്തെത്തിയത്. ആർ.എസ്.എസുമായി ബന്ധപ്പെട്ട് മുന്നോട്ടുപോകാൻ ശ്രമിക്കുന്ന കോൺഗ്രസിന്റെ മുഖമാണ് കെ.പി.സി.സി പ്രസിഡന്റ് തുറന്നുകാണിക്കുന്നതെന്നും ഇങ്ങനെ യു.ഡി.എഫിൽ തുടരാനാകുമോയെന്ന് ലീഗ് പരിശോധിക്കണമെന്നുമുള്ള ഗോവിന്ദന്റെ വാക്കുകളിൽ സി.പി.എമ്മിന്റെ ഉദ്ദേശ്യം വ്യക്തമാണ്. ലീഗ് എൽ.ഡി.എഫിൽ എത്തുന്നതിനോട് നേരത്തേതന്നെ സി.പി.എമ്മിന് താൽപര്യമുണ്ട്. എന്നാൽ, സി.പി.ഐ, ഐ.എൻ.എൽ തുടങ്ങിയ കക്ഷികൾക്ക് ഇതിനോട് വലിയ താൽപര്യമില്ല. കേരള കോൺഗ്രസ് (എം) എത്തിയത് മുന്നണിയിൽ തങ്ങളുടെ സ്വാധീനം കുറച്ചെന്ന് സി.പി.ഐ ജില്ല സമ്മേളനങ്ങളിൽ വിമർശനങ്ങൾ ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.