സി.പി.എം പ്രതിരോധത്തിൽ; മറ്റൊരു സഹകരണ സ്ഥാപനത്തിലെ തട്ടിപ്പുകൂടി പുറത്ത്
text_fieldsപത്തനംതിട്ട: സി.പി.എം നേതാവ് പ്രസിഡന്റായ മൈലപ്ര സഹകരണ ബാങ്കിന് പിന്നാലെ പാർട്ടിയെ പ്രതിരോധത്തിലാക്കി മറ്റൊരു സഹകരണ സ്ഥാപനത്തിൽ കൂടി വൻ ക്രമക്കേട്.സി.ഐ.ടി.യു നിയന്ത്രണത്തിലുള്ള പത്തനംതിട്ട ഡിസ്ട്രിക്റ്റ് മോട്ടോർ ഡ്രൈവിങ് സ്കൂൾ ഓണേഴ്സ് ആൻഡ് വർക്കേഴ്സ് സോഷ്യൽ വെൽഫെയർ കോഓപറേറ്റിവ് സൊസൈറ്റിയിലെ ഞെട്ടിക്കുന്ന സാമ്പത്തിക ക്രമക്കേടാണ് ഇപ്പോൾ തെളിവ് സഹിതം പുറത്തുവന്നിരിക്കുന്നത്. ഒരു കോടിയോളം രൂപയുടെ ക്രമക്കേട് നടന്നതായാണ് പരാതി. ഇതു സംബന്ധിച്ച് നേരത്തേ ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. അഴിമതി അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സൊസൈറ്റി അംഗങ്ങൾ വ്യാഴാഴ്ച വാർത്തസമ്മേളനം നടത്തി ആവശ്യപ്പെട്ടു.
കോന്നി മാമ്മൂട് കേന്ദ്രമായി 2020 സെപ്റ്റംബറിൽ പ്രവർത്തനം ആരംഭിച്ച സംഘമാണിത്. കേന്ദ്ര സർക്കാർ മോട്ടോർ മേഖലയിൽ നടപ്പാക്കുന്ന പരിഷ്കാരത്തെ തുടർന്ന് തൊഴിൽ സംരക്ഷണ ഭാഗമായാണ് ഡ്രൈവിങ് സ്കൂളുകളും മറ്റ് വാഹന ഉടമകളും ചേർന്ന് സൊസൈറ്റി രൂപത്കരിച്ചത്. മൊത്തം 38ഓളം വാഹന ഉടമകളുള്ളതിൽ ഡ്രൈവിങ് സ്കൂളുകളും ഉൾപ്പെടും. ഒമ്പത് ബോർഡ് മെംബർമാർ സംഘത്തിലുണ്ട്.
എന്നാൽ, ഇവർപോലും അറിയാതെ ഗുരുതര സാമ്പത്തിക ക്രമക്കേടാണ് സംഘത്തിൽ നടക്കുന്നതെന്ന് അംഗങ്ങൾ പറഞ്ഞു. ചിട്ടിയിൽ ചേർന്നവർക്ക് പണം നൽകിയിട്ടില്ല.സൊസൈറ്റിയിൽ ഗുരുതര സാമ്പത്തിക ക്രമക്കേട് നടക്കുന്നതായി ആഗസ്റ്റിൽ ഓഡിറ്റ് വിഭാഗവും കണ്ടെത്തിയിരുന്നു. സംഘം പ്രവർത്തനത്തിന്റെ ഭാഗമായി യോഗങ്ങൾ വിളിക്കുകയോ ബോർഡ് യോഗങ്ങൾ കൂടുകയോ ചെയ്യാറില്ല. ബോർഡ് യോഗങ്ങളിൽ സംഘത്തിലെ അഴിമതി ചോദ്യം ചെയ്യുന്നവരെ പുറത്താക്കുകയും ഭീഷണിപ്പെടുത്തുകയുമാണ് ചെയ്യുന്നത്.13 ലക്ഷത്തോളം രൂപയാണ് ബോർഡ് അംഗങ്ങൾ അടക്കമുള്ളവർ സൊസൈറ്റിയിൽ ഓഹരിയായി നൽകിയിരിക്കുന്നത്. എന്നാൽ, ഈ പണത്തിന് ഒരു രേഖയുമില്ല. പണം അടച്ച രസീതുകൾ സീലോ ബന്ധപ്പെട്ടവരുടെ ഒപ്പോ ഇല്ലാതെയാണ് നൽകുന്നത്.
പണം തിരികെ നൽകാനും തയാറല്ല. ഡ്രൈവിങ് സ്കൂൾ വാഹനങ്ങളുടെ ആർ.സി ബുക്കുകൾ സംഘത്തിലാണ്. ഇത് ലോൺ ഉപയോഗിച്ച് എടുത്തതായും കാണിക്കുന്നുണ്ട്. ഇതുമൂലം ഡ്രൈവിങ് സ്കൂളുകൾ ഉൾപ്പെടെ വാഹനങ്ങൾ പുറത്ത് ഇറക്കാൻപോലും സാധിക്കാത്ത സ്ഥിതിയാണ്.കോഓപറേറ്റിവ് സൊസൈറ്റി പണം വാങ്ങുന്നതിനുള്ള രസീതിൽ പ്രസിഡൻറ് ഒപ്പിടാൻ പോലും തയാറായിട്ടില്ല. സൊസൈറ്റിയിൽ ബസ് വാങ്ങിയതിൽപോലും വലിയ സാമ്പത്തിക അഴിമതിയാണ് നടന്നത്.
2021- 22 വർഷത്തെ ഓഡിറ്റ് പരിശോധനയിലാണ് വൻ ക്രമക്കേട് നടന്നതായി കണ്ടെത്തിയിട്ടുള്ളത്. സംഘത്തിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഒരു പരിശോധനയും ഭരണ സമിതി നടത്തിയിട്ടില്ലെന്നും ഓഡിറ്റ് വിഭാഗം കണ്ടെത്തി. ബാങ്ക് പ്രസിഡൻറ് ഭരണസമിതി കമ്മിറ്റി വിളിക്കുകയോ കണക്കുകൾ അവതരിപ്പിക്കുകയോ ചെയ്യാറില്ലെന്നും ആരോപണമുയർന്നു.വാർത്തസമ്മേളനത്തിൽ ബോർഡ് മെംബർ രാധാമണി, സൊസൈറ്റി അംഗങ്ങളായ എ. ശ്രീവിശാഖ്, പി.എസ്. സാംകുട്ടി, എം.കെ. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.