അക്കൗണ്ട് മരവിപ്പിച്ചതിനെതിരെ സി.പി.എം തെരഞ്ഞെടുപ്പ് കമീഷനിൽ
text_fieldsന്യൂഡൽഹി: തൃശൂർ ജില്ല കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത് ചോദ്യം ചെയ്ത് സി.പി.എം തെരഞ്ഞെടുപ്പു കമീഷനിൽ. എല്ലാ പാർട്ടികൾക്കും തെരഞ്ഞെടുപ്പ് നേരിടാൻ പാകത്തിൽ അവസരമൊരുക്കേണ്ട ഘട്ടത്തിൽ ആദായനികുതി വകുപ്പിൽനിന്നുണ്ടായ നടപടി ദുരുദ്ദേശ്യപരമാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാറിന് നൽകിയ കത്തിൽ പറഞ്ഞു.
ആദായനികുതി വകുപ്പിനും തെരഞ്ഞെടുപ്പു കമീഷനും നേരത്തേതന്നെ നൽകിയ സംയോജിത കണക്കുകളിൽ തൃശൂർ ജില്ല കമ്മിറ്റിയുടെ അക്കൗണ്ടുകളും ഉൾപ്പെട്ടിട്ടുണ്ടെന്ന് കത്തിൽ വിശദീകരിച്ചു. അവരുടെ വെബ്സൈറ്റിലും ഇത് ലഭ്യമാണ്. ഇതുവരെ എതിർപ്പൊന്നും ഉന്നയിച്ചിരുന്നില്ല.
നികുതി നിയമങ്ങൾ പാലിക്കുന്നതിന് സി.പി.എമ്മിനെ മുമ്പ് ആദായനികുതി അധികൃതർ പ്രശംസിച്ചിട്ടുള്ളതാണ്. ഇപ്പോഴത്തെ നടപടി രാഷ്ട്രീയപ്രേരിതമാണ്.
തെരഞ്ഞെടുപ്പു കാലത്ത് ഇത്തരം നടപടികളൊന്നും സ്വീകരിക്കില്ലെന്ന് ആദായനികുതി വകുപ്പ് സുപ്രീംകോടതിയിൽ പറഞ്ഞിട്ടുമുണ്ട്. ഇത്തരമൊരു നടപടി സ്വീകരിക്കുന്നതിന് തെരഞ്ഞെടുപ്പു കമീഷനെ ആദായനികുതി വകുപ്പ് സമീപിച്ചിരുന്നോ എന്ന് വ്യക്തമല്ല.
തൃശൂരിൽ ബി.ജെ.പി സ്ഥാനാർഥി മത്സരിക്കുന്നത് വെറും ആകസ്മികത മാത്രമാണോ എന്ന് സംശയിക്കണം. ആദായനികുതി വകുപ്പിന്‍റെ ഉത്തരവ് തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ മരവിപ്പിക്കണമെന്ന് യെച്ചൂരി കത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.