കരുവന്നൂരിൽ സി.പി.എം, കണ്ടലയിൽ സി.പി.ഐ! 60 കോടി ആവിയായ വഴി
text_fieldsതിരുവനന്തപുരം: തൃശൂരിലെ കരുവന്നൂരാണ് തിരുവനന്തപുരത്തെ കണ്ടല. കരുവന്നൂർ ബാങ്കിലെ തട്ടിപ്പിന് തണലായത് സി.പി.എം ആണെങ്കിൽ കണ്ടലയിൽ അത് സി.പി.ഐയാണെന്ന വ്യത്യാസം മാത്രം. കണ്ടല സര്‍വീസ് സഹകരണ ബാങ്കിൽനിന്ന് ആവിയായത് 60 കോടിയിലേറെ രൂപ.
കാൽ നൂറ്റാണ്ടോളം പ്രസിഡന്‍റായ സി.പി.ഐ നേതാവ് ഭാര്യക്കും മകനും ഉൾപ്പെടെയുള്ളവർക്ക് എല്ലാ മാനദണ്ഡങ്ങളും കാറ്റിൽപറത്തി വായ്പ നൽകി. കുടുംബക്കാർക്കൊപ്പം പാർട്ടി ബന്ധുക്കൾക്കും പ്രസിഡന്‍റിന്‍റെ 'സഹകരണ വായ്പ' ലഭിച്ചിട്ടുണ്ട്.
അനധികൃത നിയമനങ്ങൾ, നിക്ഷേപത്തുക വകമാറ്റി ചെലവഴിക്കൽ, മുൻകൂർ അനുമതിയില്ലാതെ അനധികൃത നിർമാണം, വായ്പ അനുവദിക്കുന്നതിലെ ക്രമക്കേട്, അമിത പലിശ നൽകി ഭീമമായ നഷ്ടം വരുത്തൽ തുടങ്ങിയ തട്ടിപ്പുകളാണ് കോടികൾ പുകയാക്കിയത്.
കട്ടത് നാലരക്കോടി
തിരുവനന്തപുരത്ത് ഇലക്ട്രിക്കൽസ് ആൻഡ് ഇലക്ട്രോണിക്സ് ടെക്നീഷ്യൻസ് സഹകരണ സംഘത്തിന്‍റെ മറവിൽ നടന്നത് നാലരക്കോടിയിലേറെ രൂപയുടെ തട്ടിപ്പാണ്.
സംഘം ഓണററി സെക്രട്ടറി ലേഖ പി. നായരും ഭർത്താവ് കൃഷ്ണകുമാറും ആറ് ഭരണസമിതി അംഗങ്ങളുമാണ് തട്ടിപ്പിന്‍റെ സൂത്രധാരന്മാർ. തകരപ്പറമ്പിലെ കൊച്ചാർ റോഡിൽ 2013 മുതൽ പ്രവർത്തിക്കുന്ന സംഘത്തിന്‍റെ മറവിൽ സെക്രട്ടറിയും ഭർത്താവും ചേർന്ന് 1,05,21,297 രൂപയും ഭരണസമിതി അംഗങ്ങളായ മുരുകൻ, പി. പ്രീതി, അജിത്ത് സലീം, ജി. ശ്രീകുമാർ, എൽ. ശ്രീപതി, ഉണ്ണികൃഷ്ണൻ നായർ എന്നിവർ ചേർന്ന് 3,57,11,832 രൂപയും തട്ടിയെടുത്തെന്നാണ് സഹകരണ അസി. രജിസ്ട്രാർ സർക്കാറിന് നൽകിയ റിപ്പോർട്ടിൽ പറയുന്നത്.
ഇതാണ് അടിച്ചുമാറ്റൽ
വിമുക്തഭടനായ കാട്ടാക്കട മൊളിയൂര്‍ റോഡില്‍ അഞ്ജലി ഭവനില്‍ ചന്ദ്രൻ 2000 ഫെബ്രുവരിയിൽ ഭാര്യ സുകേശിനിയുടെ പേരിൽ 1,70,000 രൂപ തിരുവനന്തപുരം മാറനല്ലൂര്‍ ക്ഷീര വ്യവസായ സഹകരണ സംഘത്തില്‍ 10 വര്‍ഷത്തേക്ക് സ്ഥിരനിക്ഷേപം നടത്തി. തുടർന്ന് അദ്ദേഹം ഭാര്യയുമായി സംസ്ഥാനത്തിനുപുറത്ത് ജോലി സ്ഥലത്തേക്കുപോയി. 2011ല്‍ നാട്ടിലെത്തിയ അദ്ദേഹം പണം പിൻവലിക്കാനെത്തിയപ്പോഴാണ് തട്ടിപ്പ് അറിയുന്നത്. ഭാര്യ പണം പിന്‍വലിച്ചെന്നാണ് രേഖകളിൽ. ഭാര്യ പണം പിന്‍വലിച്ചുവെന്നുപറയുന്ന ദിവസങ്ങളിലെല്ലാം ചന്ദ്രനൊപ്പം അവരും ഉണ്ടായിരുന്നുവെന്ന് രേഖകള്‍ സഹിതം മുഖ്യമന്ത്രിവരെ ഉന്നതർക്ക് പരാതി നല്‍കിയെങ്കിലും ഇതുവരെ ആ പണം തിരികെ കിട്ടിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.