സി.പി.എം ഇടപെട്ടു; ചെറിയ വീടുകളുടെ പെർമിറ്റ് ഫീസ് വർധന കുറയും
text_fieldsതിരുവനന്തപുരം: പാർപ്പിട നിർമാണ പെർമിറ്റ് ഫീസ് കുത്തനെ ഉയർത്തിയതിൽ ഭാഗിക ഇളവിനൊരുങ്ങി സർക്കാർ. സി.പി.എം നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണിത്. അതേസമയം, തദ്ദേശസ്ഥാപനങ്ങളുടെ തനത് വരുമാനം കൂട്ടാൻ ലക്ഷ്യമിട്ട് നടപ്പാക്കിയ പെർമിറ്റ് ഫീസ് വർധന തീരുമാനത്തിൽ കാര്യമായ പുനഃപരിശോധനക്ക് പാർട്ടിയും സർക്കാറും തയാറുമല്ല.
1600 ചതുരശ്ര അടിയിൽ കുറവ് വിസ്തീർണമുള്ള വീടുകൾക്ക് മാത്രം പെർമിറ്റ് ഫീസിൽ ഭാഗിക ഇളവ് നൽകാനാണ് ആലോചന. കെട്ടിട നിർമാണ ചട്ടങ്ങളിൽ ഭേദഗതി വരുത്തി സര്‍ക്കാർ പ്രഖ്യാപിച്ച നികുതി വര്‍ധനയിൽ വൻ പ്രതിഷേധമാണ് ഉയർന്നത്.
ജനരോഷം കണക്കിലെടുത്ത് തീരുമാനം പുനഃപരിശോധിക്കണമെന്ന അഭിപ്രായം കഴിഞ്ഞദിവസങ്ങളിൽ ചേർന്ന സി.പി.എം സംസ്ഥാന നേതൃയോഗത്തിലും ഉയർന്നു. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയത്തിൽ ജനരോഷം കണക്കിലെടുക്കാതെ മുന്നോട്ടുപോകാനാകില്ല. സ്ലാബിലെ ഏറ്റവും കുറഞ്ഞ നിരക്ക് ഈടാക്കിയാൽ മതിയെന്നാണ് ഭരണത്തിലിരിക്കുന്ന തദ്ദേശസ്ഥാപനങ്ങളോട് കോൺഗ്രസ് നിര്‍ദേശിച്ചിരിക്കുന്നത്. യു.ഡി.എഫിന്റെ ഇത്തരം നീക്കങ്ങൾ പാർട്ടിക്കും സർക്കാറിനും സാരമായ പരിക്കുണ്ടാക്കുന്നതാണെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
ചെറിയ വീട് വെക്കുന്ന സാധാരണക്കാർക്ക് ഇളവ് പ്രഖ്യാപിച്ച് പരിക്ക് കുറക്കാനാണ് സി.പി.എമ്മും സർക്കാറും ആലോചിക്കുന്നത്. ഇതുസംബന്ധിച്ച സന്ദേശം പാർട്ടി നേതൃത്വം സർക്കാറിന് മുന്നിൽ വെച്ചിട്ടുണ്ട്. ഇളവ് പ്രഖ്യാപനം വൈകാതെ ഉണ്ടായേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.