കോൺഗ്രസ്-ജോജു തർക്കത്തിൽ സി.പി.എം ഇടപെട്ടു; പ്രശ്നം പരിഹരിക്കരുതെന്ന് മന്ത്രിമാർ ആവശ്യപ്പെട്ടെന്ന് കെ. സുധാകരൻ
text_fieldsകണ്ണൂർ: കോൺഗ്രസും നടൻ ജോജു ജോർജുമായുള്ള തർക്കത്തിൽ സി.പി.എം ഉന്നത നേതൃത്വം ഇടപെട്ടെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ എം.പി. മന്ത്രിമാർ പ്രശ്നം പരിഹരിക്കരുതെന്ന് ജോജുവുമായി ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ഒത്തുതീർപ്പുമായി ജോജുവിന്‍റെ സുഹൃത്തുകളാണ് എറണാകുളം ഡി.സി.സി അധ്യക്ഷനെ സമീപിച്ചത്. ഡി.സി.സി അധ്യക്ഷൻ ആരോടും മാപ്പ് പറഞ്ഞിട്ടില്ലെന്നും സുധാകരൻ വ്യക്തമാക്കി.
പ്രശ്നം പരിഹരിക്കണമെന്ന് തങ്ങൾക്ക് നിർബന്ധമില്ല. നൂറുകണക്കിന് സമരങ്ങളിൽ പ്രതിയായി നിരവധി കോൺഗ്രസ് പ്രവർത്തകർ ജയിലിൽ കിടക്കുന്നുണ്ട്. അങ്ങനെ ഉള്ളപ്പോൾ ജോജുവിന്‍റെ പരാതിയിൽ ജയിലിൽ പോകാൻ പ്രവർത്തകർക്ക് യാതൊരു മടിയും ഭയവുമില്ലെന്നും സുധാകരൻ വ്യക്തമാക്കി.
നിരവധി സിനിമ താരങ്ങളുമായി കോൺഗ്രസിന് ബന്ധമുണ്ട്. അവരുമായി സംസാരിക്കാറുമുണ്ട്. ജോജുവിന്‍റെ പ്രവൃത്തിയെ വിമർശിക്കുന്ന നിരവധി സിനിമ താരങ്ങളുണ്ട്.
സി.പി.എം സമരമായിരുന്നെങ്കിൽ ജോജു ഇറങ്ങുകയോ സമരം നടക്കുന്ന ഇടത്തേക്ക് പോവുകയോ ചെയ്യുമായിരുന്നോ എന്ന് കെ. സുധാകരൻ ചോദിച്ചു. പോയിരുന്നെങ്കിൽ ജീവനോടെ ഉണ്ടാകുമായിരുന്നോ എന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
'ഒന്നും പൊളിക്കാതെയും തകർക്കാതെയും സമരം നടത്തുന്ന' സി.പി.എമ്മിന് വേണ്ടിയാണ് പലരും വാദിക്കുന്നത്. അടിപൊളി സമരം സി.പി.എമ്മിന്‍റെ സ്റ്റൈലാണ്. ഗാന്ധിയൻ മാർഗത്തിലും അല്ലാതെയും സമരങ്ങൾ താൻ നടത്തും. ഫസൽ വധക്കേസിലെ കൊലയാളികൾക്ക് സ്വീകരണം കൊടുക്കാൻ സി.പി.എമ്മിനെ സാധിക്കൂവെന്നും കെ. സുധാകരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.