സി.പി.എം നയംമാറ്റുന്നത് അവർക്കുവേണ്ടി മാത്രം; ടോൾ പിരിച്ചാൽ കേരളം കണ്ട ഏറ്റവും വലിയ സമരം നടക്കും -കെ. മുരളീധരൻ
text_fieldsകോഴിക്കോട്: സ്വകാര്യ സർവകലാശാല വിഷയത്തിൽ സി.പി.എമ്മിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. സി.പി.എം നയംമാറ്റുന്നത് അവർക്കുവേണ്ടി മാത്രമാണെന്ന് മുരളീധരൻ പറഞ്ഞു.
യു.ഡി.എഫ് ഒരു കാലത്തും സ്വകാര്യ സർവകലാശാലക്ക് എതിരല്ല. കെ. കരുണാകരൻ സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങൾ കൊണ്ടുവന്നപ്പോഴാണ് സി.പി.എം വലിയ പ്രശ്നങ്ങളുമായി ഇറങ്ങിയത്. അതിന്‍റെ ഭാഗമായാണ് കൂത്തുപറമ്പിൽ വെടിവെപ്പ് നടന്നത്. അന്ന് സ്വാശ്രയ സ്ഥാപനങ്ങൾ ആർക്കും തീറെഴുതി കൊടുക്കുന്നതായിരുന്നില്ല. സർക്കാറിന്‍റെ പങ്കാളിത്തം ഉള്ളതായിരുന്നു. കേരളത്തിൽ സ്വകാര്യമേഖല വരുന്നുവെന്ന് പറഞ്ഞിട്ടാണ് സി.പി.എം എതിർത്തത്. പിന്നീട് സ്വാശ്രയ കോളജുകളെ സി.പി.എമ്മിന് ഏറ്റെടുക്കേണ്ടി വന്നില്ലേ എന്നും കെ. മുരളീധരൻ ചോദിക്കുന്നു.
കിഫ്ബി റോഡുകളിൽ ടോൾ പിരിക്കാനുള്ള സർക്കാർ നീക്കത്തെയും മുരളീധരൻ രൂക്ഷമായി വിമർശിച്ചു. റോഡുകളിൽ വാഹനം തടഞ്ഞ് ടോൾ പിരിച്ചാൽ കേരളം കണ്ട ഏറ്റവും വലിയ സമരത്തിലേക്ക് യു.ഡി.എഫ് പോകുമെന്ന കാര്യത്തിൽ തർക്കമില്ല. അക്കാര്യത്തിൽ ഒരുവിട്ടുവീഴ്ചക്കും തയാറല്ല.
ടോൾ ബൂത്തുകൾ പിഴുതെറിയും. ജനത്തെ ഇനിയും പിഴിയാൻ അനുവദിക്കില്ല. ഒന്നാം പിണറായി സർക്കാരും രണ്ടാം പിണറായി സർക്കാരും കേരളത്തിലെ ജനങ്ങൾക്ക് ഗുണകരമായ യാതൊരു പദ്ധതിയും നടപ്പാക്കിയിട്ടില്ല. ഓരോ ബജറ്റിലും ജനത്തെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിയിട്ട സർക്കാരാണിത്. ജനത്തെ ഇനിയും കൊള്ളയടിക്കാൻ അനുവദിക്കില്ലെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
പാലക്കാട് എലപ്പുള്ളിയിൽ അനുമതി നൽകിയ ബ്രൂവറി ആരംഭിക്കാമെന്ന് സർക്കാർ കരുതേണ്ട. ഒരു കാരണവശാലും മദ്യ ഫാക്ടറി കൊണ്ടുവരാൻ യു.ഡി.എഫ് അനുവദിക്കില്ല. അക്കാര്യത്തിൽ ഏതറ്റം വരെയും പോകാൻ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. സർക്കാറിന്‍റെ പല പദ്ധതികളും ജനദ്രോഹകരമാണ്. സർക്കാർ തീരുമാനങ്ങൾ അടിച്ചേൽപിക്കാനാണ് ഭാവമെങ്കിൽ പ്രതിപക്ഷത്തിന്‍റെ ശക്തി എന്താണെന്ന് പ്രതിപക്ഷം കാണിച്ചു തരുമെന്നും കെ. മുരളീധരൻ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.