'എസ്.ഡി.പി.ഐയുമായി അന്തർധാര സജീവം'; സി.പി.എം ഇസ്ലാമികവത്കരണത്തിലേക്ക് പോവുന്നു- കെ. സുരേന്ദ്രന്‍
text_fieldsതിരുവനന്തപുരം: സി.പി.എം കൂടുതല്‍ക്കൂടുതല്‍ ഇസ്ലാമികവത്കരണത്തിലേക്ക് പോവുകയാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സി.പി.എം. ലോക്കല്‍ സെക്രട്ടറിയുടെ എസ്.ഡി.പി.ഐ ബന്ധത്തെച്ചൊല്ലി ആലപ്പുഴയില്‍ 38 പാര്‍ട്ടി അംഗങ്ങള്‍ കൂട്ടരാജിവെച്ചതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'ലോക്കല്‍ സെക്രട്ടറി തലത്തില്‍ മാത്രമല്ല, മന്ത്രിസഭയിലും സെക്രട്ടേറിയറ്റിലും വരെ സി.പി.എം- എസ്.ഡി.പി.ഐ അന്തര്‍ധാര സജീവമാണ്. നേരത്തേ ഒളിഞ്ഞും തെളിഞ്ഞുമായിരുന്നു എങ്കിൽ ഇപ്പോള്‍ ഇത് പരസ്യമാണ്. ന്യൂനപക്ഷങ്ങളുടെ വോട്ടിനുവേണ്ടി ഏത് ഭീകരസംഘടനയുമായും കൂട്ടുകൂടാം എന്ന ബംഗാള്‍ ലൈനിന് എന്തുസംഭവിച്ചു എന്ന് കേരളത്തിലെ നേതാക്കള്‍ ഓര്‍ത്താല്‍ നല്ലത്.
കൂടുതൽ സൗകര്യം മമതയോടൊപ്പം പോകുന്നതായിരുക്കുമെന്ന് തിരിച്ചറിഞ്ഞ മുസ്ലീം ന്യൂനപക്ഷം അങ്ങോട്ടും ഭൂരിപക്ഷം ബി.ജെ.പി.യിലേക്കും പോയപ്പോള്‍ സമ്പൂര്‍ണ തകര്‍ച്ചയാണ് സി.പി.എമ്മിനുണ്ടായത്. ആലപ്പുഴയിലെ സംഭവവികാസങ്ങള്‍ ഒറ്റപ്പെട്ടതല്ല. കേരളമാകെ ഈ അവിശുദ്ധബാന്ധവം സി.പി.എം അണികളെ ഇരുത്തിച്ചിന്തിപ്പിക്കുമെന്ന കാര്യം ഉറപ്പാണ്'- സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
സി.പി.എം ചെറിയനാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഷീദ് മുഹമ്മദിന് എസ്.ഡി.പി.ഐ ബന്ധമുണ്ടെന്ന് ആരോപിച്ച് 38 എൽ.സി അംഗങ്ങളാണ് കൂട്ടരാജി സമര്‍പ്പിച്ചത്. രാജിവെച്ചവർ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട്. ശനിയാഴ്ച ജില്ല സെക്രട്ടേറിയറ്റ് ചേരാനിരിക്കെയാണ് പാർട്ടിയിൽ കൂട്ടരാജി.
ലോക്കൽ സെക്രട്ടറി ഷീദ് മുഹമ്മദ് എസ്.ഡി.പി.ഐക്കാരനുമായി അടുത്ത ബന്ധമുള്ളയാളാണെന്നും ഇയാൾ പാർട്ടിയുടെ അച്ചടക്കവുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകാൻ കഴിയാത്ത ആളാണെന്നും പ്രവർത്തകർ ജില്ല സെക്രട്ടറിക്ക് നൽകിയ കത്തിൽ പറയുന്നു. ഇദ്ദേഹത്തിന്റെ ബിസിനസ് പങ്കാളിയാണ് എസ്.ഡി.പി.ഐ പ്രവർത്തകനെന്നും അംഗങ്ങൾ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.