വിമർശകരോട് മയം വേണ്ട കടന്നാക്രമണത്തിന്റെ ലൈനിൽ സി.പി.എം
text_fieldsതിരുവനന്തപുരം: പാർട്ടിക്കും സർക്കാറിനുമെതിരായ വിമർശനങ്ങളെ പ്രതിരോധിക്കാൻ കടന്നാക്രമണത്തിന്റെ ശൈലി സ്വീകരിച്ച് സി.പി.എം. പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരായ വിജിലൻസ് കേസും മാർക്ക്ലിസ്റ്റ് വിവാദത്തിൽ മാധ്യമപ്രവർത്തകക്ക് എതിരായ കേസും പുതിയ സമീപനത്തിന്റെ ഭാഗമാണ്. സർക്കാറിനെ പ്രതിരോധത്തിലാക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസിനെയും കുടുംബത്തെയും കേന്ദ്രീകരിച്ചുള്ള ആരോപണങ്ങളാണ് പ്രതിപക്ഷം തുടർച്ചയായി ഉയർത്തിക്കൊണ്ടുവരുന്നത്.
ആരോപണങ്ങൾക്ക് മാധ്യമങ്ങളിൽ വലിയ ഇടം ലഭിക്കുന്നതും മത്സരത്തിന്റെ ഭാഗമായി മാധ്യമങ്ങൾ കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരുന്നതും സർക്കാറിനെ അസ്വസ്ഥമാക്കുന്നുണ്ട്. പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും കൈകാര്യം ചെയ്യണമെന്ന നയത്തിലേക്ക് സി.പി.എം എത്തിയതിന്റെ സാഹചര്യം ഇതാണ്.
2020ൽ ഏറെ ചർച്ചയായ പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ വി.ഡി. സതീശനെതിരെ അന്ന് സർക്കാർ കേസെടുത്തില്ല. ഇപ്പോൾ മുഖ്യമന്ത്രി അമേരിക്കക്ക് പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് ഫയൽ വിളിപ്പിച്ച് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ എഴുതാത്ത പരീക്ഷ വിജയിച്ചുവെന്ന് മാർക്ക് ലിസ്റ്റിൽ രേഖപ്പെടുത്തിയത് പുറത്തുവിട്ടത് കെ.എസ്.യുവാണ്. കെ.എസ്.യുവിന്റെ ആരോപണമായി ആ റിപ്പോർട്ട് ചെയ്തതിനാണ് മാധ്യമപ്രവർത്തകക്കെതിരെ കേസെടുത്തത്.
രണ്ട് കേസുകളിലും പൊതുവായി കാണാൻ കഴിയുന്ന ഒന്ന് എതിർപക്ഷത്തുള്ളവരെ കടന്നാക്രമിക്കുകയെന്ന സർക്കാറിന്റെ തന്ത്രമാണ്. മുഖ്യമന്ത്രിക്കെതിരായ ആക്രമണം പ്രതിരോധിക്കാന്‍ മന്ത്രിമാര്‍ക്ക് ബാധ്യതയുണ്ടെന്നും സ്വന്തം പ്രതിച്ഛായ ഓര്‍ത്ത് മന്ത്രിമാര്‍ അഭിപ്രായം പറയാന്‍ മടിക്കരുതെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞത് ഏതാനും ദിവസം മുമ്പാണ്.
പിണറായി വിജയന്റെ മരുമകൻ കൂടിയായ റിയാസിന്റെ പരാമർശം മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വികാരമായാണ് കണക്കാക്കുന്നത്. മാധ്യമപ്രവർത്തകക്ക് എതിരായി കേസെടുത്തതിനെ ശക്തമായി ന്യായീകരിച്ച് രംഗത്തുവന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സർക്കാർ വിരുദ്ധ പ്രചാരണം നടത്തുന്നവർക്കെതിരെ ഇനിയും കേസെടുക്കുമെന്ന മുന്നറിയിപ്പും നൽകി.
മാധ്യമപ്രവർത്തകക്കെതിരായ കേസെടുത്തതിൽ വ്യാപക വിമർശനം ഉയരുമ്പോഴും ഇനിയും കേസെടുക്കും, കൈകാര്യം ചെയ്യുമെന്ന് പാർട്ടി സെക്രട്ടറി ഉറപ്പിച്ച് പറയുന്നത് മുഹമ്മദ് റിയാസ് പങ്കുവെച്ച വികാരത്തിന്റെ പ്രതിഫലനമാണ്.
സി.പി.എമ്മിന്റെ ചെറുതും വലുതുമായ നേതാക്കളെല്ലാം ഇനി പാർട്ടി സെക്രട്ടറി പറഞ്ഞുവെച്ച നിലപാടാണ് പിന്തുടരുക. ഇതുസംബന്ധിച്ച നിർദേശം നേതൃതലത്തിലുണ്ടെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.