വിവാദങ്ങൾ തിരിച്ചടിയായി; കത്തിലും നിയമനങ്ങളിലും സി.പി.എമ്മിന് അതൃപ്തി
text_fieldsതിരുവനന്തപുരം: മേയറുടെ 'കത്ത്', സർവകലാശാല നിയമനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവാദങ്ങൾ രാഷ്ട്രീയ തിരിച്ചടിയായെന്ന് സി.പി.എം വിലയിരുത്തൽ. വെള്ളിയാഴ്ച ചേർന്ന സെക്രട്ടേറിയറ്റ് യോഗമാണ് നിയമന വിവാദങ്ങളിലും പാർട്ടി നേതാക്കളുടെ പേരിൽ പുറത്തുവരുന്ന കത്തുകളിലും അതൃപ്തി പ്രകടിപ്പിച്ചത്.
വിവാദങ്ങൾ പ്രതിപക്ഷ പാർട്ടികൾ ഉപയോഗിക്കുന്നു. അതിനെ രാഷ്ട്രീയമായി നേരിടാനും നിയമന കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്താനുമാണ് തീരുമാനം. തിരുവനന്തപുരം കോർപറേഷനിലെ കത്ത് വിവാദം, വ്യാപക പിൻവാതിൽ നിയമനം നടക്കുന്നെന്ന പ്രചാരണത്തിന് സ്വീകാര്യത നൽകി. ഇത് ഒരു വിഭാഗം ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കി. അതിനെ പ്രതിരോധിക്കേണ്ടതുണ്ട്. ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റാൻ ഓർഡിനൻസിനു പകരം ബിൽ കൊണ്ടുവരാനുള്ള സർക്കാർ നീക്കം നന്നായെന്ന അഭിപ്രായവും സെക്രട്ടേറിയറ്റിലുണ്ടായി.
കോർപറേഷൻ വിഷയത്തിൽ ബി.ജെ.പിയും യു.ഡി.എഫും നടത്തുന്ന സമരങ്ങളെ രാഷ്ട്രീയ പ്രചാരണങ്ങളിലൂടെ പ്രതിരോധിക്കാനാണ് തീരുമാനം. നിയമന വിവാദങ്ങൾ ഗൗരവമായി പരിശോധിക്കണമെന്ന അഭിപ്രായമുയർന്നു. നിയമനങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചെങ്കിലും ഉടൻ വേണ്ടെന്നാണ് ധാരണ. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിലെ അസി. പ്രഫസറായി നിയമിച്ച വിഷയത്തിൽ തൽക്കാലം ഇടപെടേണ്ടെന്ന വിലയിരുത്തലാണ് സി.പി.എമ്മിലുണ്ടായത്. ഈ വിഷയത്തിലെ ഹൈകോടതി വിധി സർക്കാറിനെതിരാണെന്ന് വരുത്തിത്തീർക്കാൻ നീക്കം നടക്കുന്നുണ്ട്. ഇത് വ്യക്തിയും സർവകലാശാലയും തമ്മിലെ വിഷയമായി പരിഗണിച്ചാൽ മതിയെന്നാണ് സി.പി.എം നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.