സി.പി.എം കൊലവിളി മുദ്രാവാക്യം: പൊലീസ് കേസെടുത്തു, `ഓർമയില്ലേ ഷുഐബിനെ..വല്ലാണ്ടങ്ങ് കളിച്ചപ്പോൾ...'
text_fieldsപയ്യോളി: കഴിഞ്ഞ ദിവസം രാത്രി തിക്കോടിയിൽ കോൺഗ്രസ് പ്രവർത്തകർക്കെതിരായി സി.പി.എം പ്രവർത്തകരുടെ കൊലവിളി മുദ്രാവാക്യത്തിനെതിരെ കേസെടുത്ത് പൊലീസ്. കണ്ടാലറിയാവുന്ന സി.പി.എം പ്രവർത്തകർക്കെതിരെ 143, 146, 147 വകുപ്പുകൾ പ്രകാരമാണ് പയ്യോളി പൊലീസ് കേസെടുത്തിരിക്കുന്നത്. കേസിൽ ആരുടെയും പേര് പരാമർശിക്കുന്നില്ല. കോൺഗ്രസ് തിക്കോടി മണ്ഡലം പ്രസിഡന്റ് രാജീവന്റെ പരാതി പ്രകാരമാണ് പൊലീസ് നടപടി.
ചൊവ്വാഴ്ച രാത്രി നടന്ന സി.പി.എം പ്രകടനത്തിലാണ് കൊലവിളി നടത്തിയത്. `ഓർമയില്ലേ കൃപേഷിനെ, ഓർമയില്ലേ ഷുഐബിനെ....വല്ലാണ്ടങ്ങ് കളിച്ചപ്പോൾ.... ചത്തുമലർന്നത് ഓർമയില്ലേ...പ്രസ്ഥാനത്തിന് നേരെ വന്നാൽ, ഏതു പൊന്നുമോനായാലും വീട്ടിൽ കയറി കൊത്തികീറും....പ്രസ്ഥാനത്തെ തൊട്ടെന്നാൽ കൊല്ലാൻ ഞങ്ങൾ മടിക്കില്ല, കൊല്ലാൻ ഞങ്ങൾ മടിക്കില്ല, കൊല്ലാൻ ഞങ്ങൾ മടിക്കില്ല'-എന്നിങ്ങനെയാണ് കൊലവിളി മുദ്രാവാക്യങ്ങൾ. ഇൗ പ്രകടനം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തിരുന്നില്ല. സി.പി.എം പ്രവർത്തകരുടെ കൊലവിളി മുദ്രാവാക്യത്തിനെതിരെ എസ്.ഡി.പി.ഐയും പോപ്പുലർ ഫ്രണ്ടും ദൃശ്യങ്ങൾ സഹിതം പരാതി നൽകിയിട്ടുണ്ട്. കോഴിക്കോട്ടെ വിവിധ പ്രദേശങ്ങളിൽ സമാനമായ രീതിയിൽ സി.പി.എം പ്രവർത്തകർ കൊലവിളി മുദ്രാവാക്യം വിളിച്ചെന്ന് ആക്ഷേപമുണ്ട്. കൊലവിളി മുദ്രാവാക്യത്തിനെതിരെ പൊലീസ് നടപടിയെടുക്കാൻ മടിക്കുന്നുവെന്നാണ് കോൺഗ്രസിന്റെ വിമർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.