കുടുംബങ്ങളിൽ പ്രശ്നങ്ങളില്ലാത്തത് മാധ്യമപ്രവർത്തകർക്ക് മാത്രമാണെന്ന് സി.പി.എം കൊല്ലം ജില്ല സെക്രട്ടറി
text_fieldsകൊല്ലം: ‘പാർട്ടിയിലാണെങ്കിലും കുടുംബങ്ങളിലാണെങ്കിലും സ്വാഭാവികമായ അഭിപ്രായവ്യത്യാസങ്ങളുണ്ടാകും. അത് ചൂണ്ടികാണിക്കുകയും പരിഹരിക്കുകയും ചെയ്യും. കേരളത്തിൽ പത്രപ്രവർത്തകരുടേതല്ലാത്ത എല്ലാ കുടുംബങ്ങളിലും പ്രശ്നങ്ങളുണ്ട്’ -സി.പി.എം കൊല്ലം ജില്ല സെക്രട്ടറി എസ്. സുദേവിന്റെതാണീ വാക്കുകൾ. ജില്ല സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം കൊല്ലം പ്രസ് ക്ലബിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ ജില്ലയിൽ സി.പി.എമ്മിന് ചിലമേഖലയിൽ വോട്ടുകുറഞ്ഞതും ബി.ജെ.പിക്ക് കൂടിയതും സ്ഥായിയായ പ്രതിഭാസമല്ലെന്നും പോയവോട്ടുകൾ തിരിച്ചുപിടിക്കുമെന്നും സുദേവൻ പറഞ്ഞു. പാർലമെന്റ് തെരഞ്ഞെടുപ്പും തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭ തെരഞ്ഞെടുപ്പും ഒരേ പോലെ കാണേണ്ടതില്ല.
വ്യത്യസ്ഥ സ്വഭാവത്തിലാണ് വോട്ടർമാർ അതിനോട് പ്രതികരിക്കുന്നത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളിയിൽ രണ്ടാമതെത്തിയ സി.പി.എമ്മും മൂന്നാമതെത്തിയ ബി.ജെ.പിയും തമ്മിലെ വോട്ട് വ്യത്യാസം 190 മാത്രമായത് പ്രത്യേകസാഹചര്യത്തിൽ സംഭവിച്ച പ്രതിഭാസം മാത്രമാണ്. അത് തിരിച്ചുവരും.
പാർട്ടിയിൽ പ്രശ്നങ്ങളില്ലെന്നും കരുനാഗപ്പള്ളിയിലെ വിഭാഗീയത പരിഹരിക്കാൻ അഡ്ഹോക്ക് കമ്മറ്റി നടപടി സ്വീകരിച്ചു വരികയാണന്നും അദ്ദേഹം വ്യക്തമാക്കി. പരിഹാരത്തിന് കാലപരിധി നിശ്ചയിച്ച് പറയാനാവില്ല. ടൂറിസം പ്രോത്സാഹിപ്പിക്കാൻ സഹായമൊരുക്കും. സീപ്ലൈയിൻ പദ്ധതിയും സർക്കാർ നടപ്പാക്കും. കല്ലട ജലസേചന പദ്ധതിയുടെ കനാൽ കടന്നുപോകുന്നമേഖലയിൽ അതിന്റെ സുരക്ഷ ഉറപ്പാക്കാൻ സർക്കാറിൽ സമ്മർദ്ദംചെലുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘മേയർ മാറുന്നതിൽ തീരുമാനമായില്ല’
മുൻ ധാരണ പ്രകാരം കൊല്ലം കോർപറേഷന്റെ മേയർ സ്ഥാനം സി.പി.ഐക്ക് നൽകുന്നകാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് എസ്. സുദേവൻ. കോർപറേഷനുകളുടെയും ജില്ല പഞ്ചായത്തുകളുടെയും കാര്യത്തിൽ എൽ.ഡി.എഫ് നേതൃത്വമാണ് കാര്യങ്ങൾ തീരുമാനിക്കുക. മുൻ ധാരണകളൊന്നും ഇക്കാര്യത്തിലുണ്ടായിട്ടില്ല.
‘പാറയും മണലും മെഡിക്കൽ ഷോപ്പിൽ കിട്ടില്ല’
വികസന പ്രവർത്തനങ്ങൾക്കും വീടുണ്ടാക്കാനും പാറയും മണലും മെറ്റലുമൊക്കെ ആവശ്യമുണ്ടെന്നും അതൊന്നും പലചരക്ക് കടയിലോ മെഡിക്കൽ ഷോപ്പിലോ വാങ്ങാൻ കിട്ടില്ലെന്നും സി.പി.എം ജില്ല സെക്രട്ടറി. ജില്ലയിലെ മലയോരമേഖലയിലാണ് ഇതിനായി ഖനനം നടക്കേണ്ടത്. പരിസ്ഥിതി സംരക്ഷിച്ചുള്ള പാറ ഖനനം നടക്കേണ്ടതുണ്ടെന്ന ഖണ്ഡിത അഭിപ്രായമാണ് പാർട്ടിയുടേത്. ഖനനവും പരിസ്ഥിതിസംരക്ഷണവും ഒന്നിച്ച് എങ്ങനെ മുന്നോട്ട് പോകുമെന്ന ചോദ്യത്തിൽനിന്ന് അദ്ദേഹം ഒഴിഞ്ഞ് മാറി. പ്രസ് ക്ലബ് പ്രസിഡൻറ് ഡി. ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സനൽ ഡി. പ്രേം സ്വാഗതവും ട്രഷറൽ കണ്ണൻനായർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.