പി.എസ്.സി അംഗമാവാൻ കോഴ: സി.പി.എം കോഴിക്കോട് ജില്ല കമ്മറ്റി യോഗം ഇന്ന്
text_fieldsകോഴിക്കോട്: ഏരിയാ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിക്കെതിരായ നടപടി ചർച്ച ചെയ്യാൻ സിപിഎം കോഴിക്കോട് ജില്ല കമ്മറ്റി യോഗം ഇന്ന് രാവിലെ 11ന് ചേരും. ഇതിന് മുന്നോടിയായി സെക്രട്ടേറിയറ്റ് യോഗവും നടക്കും. ജില്ല കമ്മറ്റി ഓഫീസിൽ ചേരുന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി.പി. രാമകൃഷ്ണനും മുഹമ്മദ് റിയാസും പങ്കെടുക്കും.
ജില്ല കമ്മറ്റിയംഗങ്ങളിൽ ഒരു വിഭാഗം നടപടിക്കെതിരാണെങ്കിലും സംസ്ഥാന നേതൃത്വം നൽകുന്ന നിർദ്ദേശങ്ങൾ നിർണ്ണായകമാകുമെന്നാണറിയുന്നത്. നിരപരാധിയാണെന്നും പരാതി കെട്ടിച്ചമച്ചതാണെന്നുമാണ് പ്രമോദ് ജില്ല സെക്രട്ടറിയേറ്റിന് നൽകിയ വിശദീകരണത്തിൽ പറയുന്നത്. എന്നാൽ, മന്ത്രി പി.എ. മുഹമ്മദ് റിയാസ് അടക്കമുള്ളവർ കർശന നടപടി വേണമെന്ന ആവശ്യക്കാരാണ്. ജില്ലാ കമ്മിറ്റി എടുക്കുന്ന തീരുമാനം ഉടൻ ചേരുന്ന ടൗൺ ഏരിയാ കമ്മറ്റി യോഗത്തിലും റിപ്പോർട്ട് ചെയ്യാനാണ് സാധ്യത.
ഈ വിഷയത്തില്‍ കോഴിക്കോട് ജില്ല കമ്മിറ്റി സ്വീകരിച്ച നടപടികളില്‍ സംസ്ഥാനകമ്മിറ്റിക്ക് കടുത്ത അതൃപ്തിയുണ്ട്. ഇത്തരത്തില്‍ ഗൗരവമേറിയ പരാതിയുണ്ടായിട്ടും ജില്ല കമ്മിറ്റി വേണ്ട ഗൗരവത്തിലെടുത്തില്ല എന്നാണ് സംസ്ഥാനകമ്മിറ്റിയുടെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ അച്ചടക്ക നടപടി പ്രമോദ് കോട്ടൂളിയില്‍ അവസാനിക്കില്ലെന്നാണ് സൂചന. വിവാദത്തില്‍ ഉള്‍പ്പെട്ട മുതിര്‍ന്ന രണ്ട് നേതാക്കള്‍ക്കെതിരേയും നടപടിയുണ്ടാകാനിടയുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം സംസ്ഥാനകമ്മിറ്റിയിലാകുമുണ്ടാവുക. ഇതിനിടയിൽ ഈ വിഷയം നിയമസഭയിൽ ചൂടേറിയ ചർച്ചകൾക്ക് വഴിയൊരുക്കി.
പി.എസ്.സി കോഴയിൽ അന്വേഷണത്തിന് തയ്യാറെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. വാങ്ങിയ പണം തിരികെ കൊടുത്ത് ഒത്തുതീർപ്പിന് ശ്രമിക്കുകയാണെന്നും പി.എസ്.സി അംഗത്വം ലേലത്തിന് വച്ചിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. ഒരുതരത്തിലുള്ള ഒത്തുതീർപ്പും ഉണ്ടാകില്ലെന്നും ശക്തമായ നടപടിയെടുക്കും എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.