സി.പി.എമ്മിന് ഏറെ സ്വീകാര്യനായ മുൻ കെ.എസ്.യുക്കാരൻ
text_fieldsകോഴിക്കോട്: സ്ത്രീയോട് അശ്ലീല സംഭാഷണം നടത്തിയെന്ന ആരോപണത്തെ തുടർന്ന് രാജിവെക്കേണ്ടിവന്ന എ.കെ. ശശീന്ദ്രെൻറ രാഷ്ട്രീയജീവിതം ആരംഭിച്ചത് കെ.എസ്.യുവിലൂടെ. കണ്ണൂർ എളയാവൂർ സ്വദേശിയായ ശശീന്ദ്രൻ 1962ലാണ് ഇന്ത്യൻ നാഷനൽ കോൺഗ്രസിെൻറ വിദ്യാർഥി സംഘടനയായ കെ.എസ്.യുവിലൂടെ പൊതുപ്രവർത്തനം തുടങ്ങിയത്.
മുതിർന്ന കോൺഗ്രസ് നേതാവായ എ.കെ. ആൻറണി, വയലാർ രവി എന്നിവരോടൊപ്പമായിരുന്നു വിദ്യാർഥി രാഷ്ട്രീയ പ്രവർത്തനത്തിെൻറ തുടക്കം. തുടർന്ന് കോൺഗ്രസിെൻറ വിവിധതലങ്ങളിൽ ഭാരവാഹിയായി. 65-ൽ കെ.എസ്.യു കോഴിക്കോട് ജില്ല പ്രസിഡൻറായ അദ്ദേഹം 67-ൽ സംസ്ഥാന ജനറൽ സെക്രട്ടറിയായി. 1969ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും 78-ൽ സംസ്ഥാന പ്രസിഡൻറുമായി. പാർട്ടി പിളർന്നപ്പോൾ കോൺഗ്രസ് എസിലെത്തിയതോടെ പ്രവർത്തനം കെ.പി. ഉണ്ണികൃഷ്ണൻ, എ.സി. ഷൺമുഖദാസ് എന്നിവർക്കൊപ്പമായി. 82 മുതൽ 98 വരെ കോൺഗ്രസ് (എസ്) സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. 1999 മുതൽ 2004 വരെ എൻ.സി.പി സംസ്ഥാന സെക്രട്ടറി, 2004 മുതൽ സംസ്ഥാന വൈസ് പ്രസിഡൻറ്, 2006 മുതൽ നിയമസഭാ കക്ഷി നേതാവ്, എൻ.സി.പി ദേശീയ വർക്കിങ് കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങളും വഹിച്ചു. കോഫി ബോർഡ് അംഗം, ഹൗസിങ് ബോർഡ് അംഗം തുടങ്ങിയ നിലയിലും പ്രവർത്തിച്ചു.
നിയമസഭ െതരഞ്ഞെടുപ്പിൽ 1980ൽ പെരിങ്ങളം മണ്ഡലത്തിലായിരുന്നു കന്നിയങ്കം. തുടർന്ന് 82ൽ എടക്കാട് മണ്ഡലത്തിൽനിന്ന് വിജയിച്ച ശശീന്ദ്രന് 87ലെ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ പരാജയമായിരുന്നു. പിന്നീട് 2006ൽ ബാലുശ്ശേരിയിൽനിന്നാണ് വീണ്ടും െതരഞ്ഞെടുക്കപ്പെട്ടത്. 2011ലും 2016ലും എലത്തൂരിൽനിന്ന് ഉയർന്ന ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 2011ൽ മണ്ഡലത്തിൽനിന്ന് നേടിയ 14654 വോട്ടിെൻറ ഭൂരിപക്ഷം ഇരട്ടിയാക്കി 29057 വോട്ടിനാണ് ജനതാദൾ (യു)വിെൻറ പി. കിഷൻചന്ദിനെ പരാജയപ്പെടുത്തിയത്. ജില്ലയിലെ മികച്ച ഭൂരിപക്ഷങ്ങളിലൊന്നായിരുന്നു ഇത്. ഇൗ മന്ത്രിസഭയിൽനിന്ന് നേരത്തേ രാജിവെക്കേണ്ടിവന്ന മുൻ വ്യവസായമന്ത്രി ഇ.പി. ജയരാജനും വൻ ഭൂരിപക്ഷമുണ്ടായിരുന്നു. എതിർ സ്ഥാനാർഥി കെ.പി. പ്രശാന്തിനെ 43381വോട്ടിനാണ് അദ്ദേഹം മട്ടന്നൂരിൽ തോൽപിച്ചത്. കൂടുതൽ ഭൂരിപക്ഷം നേടിയ രണ്ട് ജനപ്രതിനിധികൾക്ക് മന്ത്രിക്കസേരയിൽനിന്ന് രാജിവെച്ച് ഒഴിയേണ്ടിവന്നു എന്നത് സവിശേഷതയായി.
മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ സി.പി.എം നേതാക്കളിലും അണികളിലും ഏറെ സ്വീകാര്യതയുള്ള സംസ്ഥാനത്തെ മുതിർന്ന നേതാക്കളിൽ ഒരാളാണ് ശശീന്ദ്രൻ. എൻ.സി.പിയുടെ എം.എൽ.എ എന്നതിനോടൊപ്പം ഇൗ സ്വീകാര്യതയും മന്ത്രിസ്ഥാനത്ത് എത്താൻ ശശീന്ദ്രനെ സഹായിച്ചു.
എൻ.സി.പിയുടെ തന്നെ കുട്ടനാട് എം.എൽ.എ തോമസ് ചാണ്ടിയും മന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കുകയും ഒടുവിൽ ഇരുവർക്കും രണ്ടരവർഷം വീതം നൽകാനും തീരുമാനിക്കുകയായിരുന്നു. ഇടത് കോട്ടയായ എലത്തൂരിൽനിന്ന് മത്സരത്തിനുപോലും ഇടെയാരുക്കാതെ അദ്ദേഹത്തിന് വിജയമൊരുക്കിയതും കണ്ണൂർ സ്വദേശിയായ ശശീന്ദ്രന് സി.പി.എമ്മിലുള്ള പിന്തുണയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.