അണികളെ ബി.ജെ.പിയിലേക്കെത്തിക്കാൻ ശ്രമിക്കുന്നു; വെള്ളാപ്പള്ളിക്കെതിരെ ആഞ്ഞടിച്ച് സി.പി.എം
text_fieldsതിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ആഞ്ഞടിച്ച് സി.പി.എം. സംഘ്പരിവാർ അജണ്ടക്ക് കീഴടങ്ങുന്ന മനസ്സ് വെള്ളാപ്പള്ളിയിൽ രൂപപ്പെട്ടുവരുന്നുവെന്നാണ് പ്രസ്താവനകളിൽനിന്ന് മനസ്സിലാകുന്നതെന്നും നവോത്ഥാന സമിതി ചെയർമാൻ സ്ഥാനത്ത് തുടരുന്ന കാര്യം സർക്കാറാണ് തീരുമാനിക്കേണ്ടതെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. രാജ്യസഭ സ്ഥാനാർഥികളെ തീരുമാനിച്ച പശ്ചാത്തലത്തിൽ ഇടതുപക്ഷം ന്യൂനപക്ഷത്തിന് കീഴ്പെട്ടുവെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. ബി.ജെ.പി രൂപവത്കരിച്ച് കേന്ദ്ര മന്ത്രിസഭയിൽ ഒരു മുസ്ലിമിനെ പോലും ഉൾപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്നതിനു നേരെ ഒരു തരത്തിലുള്ള പ്രശ്നവും വെള്ളാപ്പള്ളിക്കില്ല.
എസ്.എൻ.ഡി.പി നേതൃത്വം അണികളെ ബി.ജെ.പിയിലേക്കെത്തിക്കാൻ ശ്രമിക്കുകയാണ്. ഈഴവ സമുദായത്തിൽ വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമമാണ് നടന്നത്. രൂപവത്കരണ കാലം മുതൽ സ്വീകരിച്ച മതനിരപേക്ഷ ഉള്ളടക്കത്തിൽനിന്ന് വ്യത്യസ്തമായി വർഗീയതയിലേക്ക് നീങ്ങാനാണു ശ്രമം. തുഷാർ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ ബി.ഡി.ജെ.എസ് രൂപവത്കരിച്ചതോടെ ഇൗഴവ സമുദായത്തിലേക്കു ബി.ജെ.പി ആസൂത്രണം ചെയ്ത കടന്നുകയറ്റ അജണ്ടയാണ് നടന്നത്. വെള്ളാപ്പള്ളി നടേശന്റെ ഭാര്യയും മകനുമെല്ലാം സമുദായത്തെ ആർ.എസ്.എസ് വത്കരിക്കാൻ ശ്രമം നടത്തിയിട്ടുണ്ട്. സർവമതസംഗമം നടത്തി എല്ലാ മതങ്ങളുടെയും സാരാംശം ഒന്നാണെന്ന് പ്രഖ്യാപിച്ച ശ്രീനാരായണഗുരുവിന്റെ ദർശനങ്ങളിൽനിന്ന് വ്യത്യസ്തമായ നിലപാടാണ് നേതൃനിരയിലുള്ളവർ സ്വീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.