പത്മകുമാർ ബി.ജെ.പിയിലേക്ക്? ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി
text_fieldsസി.പി.എം സംസ്ഥാന സമ്മേളന നഗരിയിൽ എ. പത്മകുമാർ
പത്തനംതിട്ട: സംസ്ഥാന കമ്മിറ്റിയില്‍ ഉൾപ്പെടുത്താത്തതില്‍ അതൃപ്തി പരസ്യമാക്കി രംഗത്തെത്തിയ സി.പി.എം പത്തനംതിട്ട ജില്ല സെക്രട്ടേറിയറ്റ് അംഗവും മുൻ എം.എൽ.എയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ. പത്മകുമാർ ബി.ജെ.പിയിലേക്ക് ചേക്കേറുമെന്ന് അഭ്യൂഹം. പാർട്ടിയുമായുള്ള പിണക്കം പരസ്യമാക്കിയ പത്മകുമാറുമായി ബി.ജെ.പി നേതാക്കൾ കൂടിക്കാഴ്ച നടത്തി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എ. സൂരജും അയിരൂർ പ്രദീപുമാണ് അദ്ദേഹത്തിന്റെ വീട്ടിൽ ചർച്ചക്കെത്തിയത്. ബി.ജെ.പി സംസ്ഥാനനേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് ചർച്ച എന്നാണ് സൂചന.
പത്മകുമാർ വന്നാൽ സ്വീകരിക്കുമെന്ന് ബി.ജെ.പി പത്തനംതിട്ട ജില്ല നേതൃത്വം ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. മറ്റു കാര്യങ്ങൾ പാർട്ടി സംഘടനാ തലത്തിൽ തീരുമാനിക്കുമെന്നാണ് ഇന്ന് ചർച്ചയിൽ പങ്കെടുത്ത ബി.ജെ.പി ജില്ല വൈസ് പ്രസിഡന്‍റ് ആയിരൂർ പ്രദീപ് പറഞ്ഞത്. അതേസമയം, പത്മകുമാർ പാർട്ടി വിട്ടുവന്നാൽ സ്വീകരിക്കുന്നതിൽ തടസ്സമില്ലെന്ന് കോൺഗ്രസും വ്യക്തമാക്കിയിരുന്നു. അത്തരത്തിൽ ഒട്ടേറെ ആളുകൾ പാർട്ടിയിലേക്ക് വരുന്നുണ്ടെന്നാണ് ഡി.സി.സി പ്രസിഡന്‍റ് സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞത്.
ഇന്നലെ ഉച്ചവരെ സി.പി.എം സംസ്ഥാന സമ്മേളനത്തിൽ സജീവമായി പങ്കെടുത്ത പാർട്ടി നേതാവാണ് പത്മകുമാർ. എന്നാൽ, സംസ്ഥാന കമ്മിറ്റിയില്‍ ഉൾപ്പെടുത്തില്ല എന്ന് ഉറപ്പായതോടെ അതൃപ്തി പരസ്യമാക്കി ഉച്ചഭക്ഷണത്തിനും പൊതുസമ്മേളനത്തിലും പങ്കെടുക്കാതെ അദ്ദേഹം കൊല്ലത്ത് നിന്ന് മടങ്ങുകയായിരുന്നു. പാർട്ടിക്കെതിരായ വെളിപ്പെടുത്തൽ വിവാദമായതോടെ, പാർട്ടി വിട്ട് പോകില്ലെന്നും അനുവദിക്കുകയാണെങ്കിൽ ബ്രാഞ്ച് തലത്തിൽ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംസ്ഥാന കമ്മിറ്റിയില്‍ ഉൾപ്പെടുത്താത്തതില്‍ അതൃപ്തി പരസ്യമാക്കി ഇന്നലെയാണ് പത്മകുമാര്‍ രംഗത്തെത്തിയത്.
‘കമ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ച് ഉണ്ടാകാൻ പാടില്ലാത്ത ചില സംഭവങ്ങളാണ് ഉണ്ടായത്. പറഞ്ഞ കാര്യങ്ങളിൽ ഞാൻ ഉറച്ചുനിൽക്കുകയാണ്. കമ്യൂണിസ്റ്റ് പാർട്ടികൾ രാഷ്ട്രീയവും സംഘടനാപരവുമായ കാര്യങ്ങൾ പരിശോധിച്ചാണ് സാധാരണ ഉപരിസമിതികളിലേക്ക് ആളുകളെ എടുക്കാറുള്ളത്. പക്ഷേ, ഇപ്പോൾ അങ്ങനെ ഉണ്ടായില്ല. പത്തനംതിട്ട ജില്ലയിൽ 52 വർഷമായി പ്രവർത്തിക്കുന്നയാളാണ് ഞാൻ. ഞാൻ പ്രതീക്ഷിച്ചിരുന്നു പരിഗണനയുണ്ടാകുമെന്ന്. അതുണ്ടായില്ല. ഇനി പാർട്ടി തീരുമാനിക്കട്ടെ. പാർട്ടി വിട്ടുപോകാനൊന്നും ഇല്ല. പാർട്ടി അനുവദിക്കുകയാണെങ്കിൽ ഇനി എന്‍റെ ബ്രാഞ്ചിൽ പ്രവർത്തിക്കാനാണ് ആഗ്രഹം. ഒമ്പത് വർഷം മാത്രം പാർട്ടിയിൽ പ്രവർത്തിച്ച വീണ ജോർജിനെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയത് അവരുടെ കഴിവ് പരിഗണിച്ചായിരിക്കും. അതിലൊന്നും തർക്കമില്ല. എനിക്ക് എന്‍റെ കാര്യത്തിൽ മാത്രമാണ് പരാതിയുള്ളത്. മറ്റ് പാർട്ടികൾ എന്നെ സ്വാഗതം ചെയ്യുന്നത് അവരുടെ ഒരു അറിവില്ലായ്മയുടെ ഫലമാണ്. ഞാൻ എന്നും സി.പി.എമ്മായിരിക്കും. പാർട്ടിക്ക് എന്ത് തീരുമാനവുമെടുക്കാം’ -പത്മകുമാർ പറഞ്ഞു.
ഇന്നലെ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലാണ് എ. പത്മകുമാര്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. ‘ചതി, വഞ്ചന, അവഹേളനം... 52 വര്‍ഷത്തെ ബാക്കിപത്രം, ലാല്‍സലാം’ എന്നായിരുന്നു സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ പുതിയ പട്ടിക വന്നതിനുപിന്നാലെ താടിക്ക് കൈ കൊടുത്തിരിക്കുന്ന ചിത്രവും ചേർത്ത് പത്മകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
താൻ ഉൾപ്പെടുന്ന ആറന്മുള മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മന്ത്രി വീണ ജോർജിനെ ക്ഷണിതാവായി സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതാണ് പത്മകുമാറിനെ പ്രകോപിപ്പിച്ചതെന്നാണ് പറയപ്പെടുന്നത്. പാർട്ടിയിലെ പ്രവർത്തന പാരമ്പര്യവും സീനിയോറിറ്റിയും ഒക്കെ മാറ്റിവെച്ച് വീണ ജോർജിന് പാർട്ടി നേതൃത്വം നൽകുന്ന പരിഗണനയെച്ചൊല്ലി ജില്ലയിലെ പാർട്ടിയിൽ മുറുമുറുപ്പുണ്ട്. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളുമായുള്ള ബന്ധമാണ് ഈ പരിഗണനക്കും ഇപ്പോൾ പ്രത്യേക ക്ഷണിതാവാക്കിയതിനും പിന്നിലെ കാരണമെന്നാണ് വിമർശനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.