മാനഭംഗപ്പെടുത്തിയത് സി.പി.എം നേതാവടക്കം നാലുപേരെന്ന് യുവതി (VIDEO)
text_fieldsകൊച്ചി: പൊലീസിൽ നിന്ന് മോശം അനുഭവം ഉണ്ടായതായി ഭർത്താവിന്‍റെ സുഹൃത്തുക്കളാൽ മാനഭംഗത്തിനിരയായ യുവതി. ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയോടൊപ്പം വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണ് കരഞ്ഞ് കൊണ്ട് യുവതി ദുരനുഭവങ്ങൾ വെളിപ്പെടുത്തിയത്. നഗരസഭാ കൗൺസിലറായ സി.പി.എം നേതാവ് ജയന്തൻ വടക്കാഞ്ചേരി, ബിനേഷ്, ജിനേഷ്, ഷിബു എന്നിവരാണ് പീഡിപ്പിച്ചതെന്നും യുവതി വെളിപ്പെടുത്തി. കാറിൽ കൊണ്ടുപോയാണ് ഇവർ പീഡിപ്പിച്ചതെന്നും അവർ പറഞ്ഞു.
തൃശൂരില്‍ പോയിട്ട് മൂന്നു മാസമായി. തൃശൂരില്‍ പോയാല്‍ ഞങ്ങളെ കൊല്ലും. കേസ് പിൻവലിച്ചിട്ടും പ്രതികൾ നിരന്തരം ഉപദ്രവിച്ചു. പൊലീസിൽ നിന്നും നീതി ലഭിച്ചില്ല. മൂന്ന് ദിവസം പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തു. തെളിവെടുപ്പിന് കൊണ്ടുപോയി ജനമധ്യത്തിൽ തന്നെ അപമാനിച്ചു. പേരാമംഗലം സി.ഐയാണ് മാനസികമായി പീഡിപ്പിച്ചത്. 2014 ആഗസ്റ്റിലാണ് പരാതി നല്‍കിയത്. സി.ഐയില്‍ നിന്നുണ്ടായത് വളരെ മോശമായ പെരുമാറ്റമുണ്ടായത്.
മൊഴി മാറ്റിപ്പറയാൻ പൊലീസും സമ്മർദം ചെലുത്തി. തുടർന്നാണു ആദ്യം നൽകിയ പരാതിയിൽനിന്നു പിന്നോട്ടുപോകാൻ തീരുമാനിച്ചത്. അതിനനുസരിച്ചാണ് മജിസ്ട്രേറ്റിനു മൊഴി നൽകിയതെന്നും യുവതി വെളിപ്പെടുത്തി. മൊഴി നൽകുമ്പോൾ ഭർത്താവിനെ കാറിൽ തടഞ്ഞുവച്ചിരുന്നു. സമ്മർദമുണ്ടോയെന്നു മജിസ്ട്രേട്ട് ചോദിച്ചപ്പോൾ താൻ കരഞ്ഞു. തിരുത്തിപ്പറയേണ്ട മൊഴി പഠിപ്പിച്ചത് പൊലീസ് സ്റ്റേഷനിൽവച്ചാണെന്നും യുവതി കൂട്ടിച്ചേർത്തു.
കൂടുതൽ കാര്യങ്ങൾ താൻ മുഖ്യമന്ത്രിയോട് വിവരിക്കുമെന്നും യുവതി പറഞ്ഞു. അതേസമയം, സംഭവത്തെ കുറിച്ച് തനിക്കറിയില്ലെന്ന് നഗരസഭാ കൗൺസിലറും സി.പി.എം നേതാവ് ജയന്തൻ വടക്കാഞ്ചേരി പ്രതികരിച്ചു. സാമ്പത്തിക ഇടപാടിന്‍റെ പേരിലുള്ള പ്രതികാരമായാണ് ആരോപണമെന്നും അദ്ദേഹം പറഞ്ഞു.
2014ല്‍ നടന്ന സംഭവമാണിതെന്നും വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതിനാലാണ് പരാതി നല്‍കാന്‍ വൈകിയതെന്നും ഭാഗ്യലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു. യുവതിയുടെ ഭർത്താവ്, നടിയും സാമൂഹിക പ്രവർത്തകയുമായ പാർവതി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.