ഏതോ സ്ത്രീയുടെ പേരിൽ ഉമ്മൻ ചാണ്ടി ഒത്തിരി പഴികേട്ടു; അതിൽ തനിക്ക് വിശ്വാസമില്ല -ജി. സുധാകരൻ
text_fieldsആലപ്പുഴ: ഏതോ സ്ത്രീയുടെ പേരിൽ ഉമ്മൻ ചാണ്ടി ഒത്തിരി പഴികേട്ടെന്നും അതിൽ വിശ്വാസമില്ലാത്തതിനാൽ താൻ ഒരു വാക്കും പറഞ്ഞിട്ടില്ലെന്നും മുൻമന്ത്രിയും സി.പി.എം നേതാവുമായ ജി. സുധാകരൻ. ആലപ്പുഴ കല്യാണി ഓഡിറ്റോറിയത്തിൽ ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ ആൻഡ് പാലിയേറ്റിവ് കെയറിന്റെ ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷത്തെ തെറിവിളിക്കുന്നതല്ല പാർട്ടി സ്നേഹം. അങ്ങനെ ചീത്ത പറയുന്നിടത്ത് പുല്ലു മുളക്കില്ല. പ്രതിപക്ഷബഹുമാനം വളരെ പ്രധാനപ്പെട്ടതാണ്. ഉമ്മൻ ചാണ്ടി നേരിട്ടത് വ്യക്തിപരമായ ആക്രമണമാണ്. ഏതോ ഒരു സ്ത്രീയുടെ പേരിലാണ് ഒരുപാട് ആക്ഷേപിച്ചത്. ഉമ്മൻ ചാണ്ടി അങ്ങനെ ചെയ്യുമെന്ന് വിശ്വാസമില്ല. അത് രാഷ്ട്രീയമല്ലല്ലോ, വ്യക്തിപരമായ ആക്രമണമല്ലേ. വേറെ എന്തെല്ലാം ശക്തമായ വിമർശനം ഉന്നയിക്കാൻ സമയം കിടക്കുന്നു. അതൊന്നും പറയുന്നില്ല. ഇത്തരം ആക്ഷേപങ്ങൾ പറഞ്ഞുനടന്നാൽ പറയുന്നയാളുടെ പ്രസ്ഥാനത്തിന് ദോഷംചെയ്യും. രാഷ്ട്രീയ വിമർശനത്തിൽ ഒരു വിട്ടുവീഴ്ചക്കും തയാറായിട്ടില്ല. ജനസഞ്ചയത്തെയാണ് ഉമ്മൻ ചാണ്ടി സ്നേഹിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മറിയാമ്മ ഉമ്മൻ നിർവഹിച്ചു. മുതിർന്ന മാധ്യമപ്രവർത്തകരായ കളർകോട് ഹരികുമാർ, എ. ഷൗക്കത്ത് എന്നിവരെ ആദരിച്ചു. പ്രസിഡന്‍റ് അഡ്വ. പി.ജെ. മാത്യു അധ്യക്ഷത വഹിച്ചു. ആലപ്പുഴ നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ, ആലപ്പുഴ രൂപത വികാരി ജനറൽ ഫാ. ജോയി പുത്തൻവീട്ടിൽ, ഷാനിമോൾ ഉസ്മാൻ, എ.എ. ഷുക്കൂർ, ഡോ. കെ.എസ്. മനോജ്, എ.എം. നസീർ, സുനിൽ ജോർജ്, ഷെഫീഖ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.