ജി. ശക്തിധരനെപ്പോലെ തരം താഴാൻ പ്രതിപക്ഷത്തിന് കഴിയില്ലെന്ന് എം.എ ബേബി
text_fieldsദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി. ശക്തിധരന്റെ ആരോപണങ്ങളെ തള്ളി സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി. ജി. ശക്തിധരനു പിന്നിൽ പ്രതിപക്ഷ കക്ഷികളുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ശക്തിധരനെപ്പോലെ തരം താഴാൻ പ്രതിപക്ഷത്തിന് കഴിയില്ലെന്നും എം.എ ബേബി പറഞ്ഞു. ദുർഗന്ധമലീസമായി ആരോപണം ഉന്നയിക്കാൻ പ്രതിപക്ഷം കൂട്ടുനിൽക്കുമെന്ന് കരുതുന്നില്ല. പ്രതിപക്ഷം ഇത്രയും തരംതാഴ്ന്നുവെന്ന് പറയുന്നില്ലെന്നും എം.എ ബേബി കൂട്ടിച്ചേർത്തു.
ശക്തിധരൻ എെൻറ പഴയ സുഹൃത്താണ്. അദ്ദേഹം വ്യംഗ്യമായാണിപ്പോൾ ആരോപണം ഉന്നയിക്കുന്നത്. വിമർശനം ഉന്നയിക്കുമ്പോൾ തല ഉയർത്തിനിന്ന് തുറന്നുപറയണം. അപ്പോൾ മറുപടി പറയാം. ശക്തിധരന്റെ ആരോപണത്തിനു പിന്നിൽ പ്രതിപക്ഷമുണ്ടെന്ന് ഞാൻ കരുതുന്നില്ല. എന്നാൽ, ചിലർ അത്തരത്തിൽ അഭിപ്രായപ്പെടുന്നുണ്ടെന്നും ബേബി പറഞ്ഞു.
ഇതിനിടെ, കൈതോലപ്പായയിൽ സി.പി.എമ്മിന്റെ ഉന്നതനേതാവ് രണ്ടുകോടി കടത്തിയെന്ന വെളിപ്പെടുത്തലിന് പിന്നാലെ പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി ശക്തിധരൻ രംഗത്ത് എത്തിയിരിക്കുകയാണ്. പിണറായി വിജയനെ പേരുപറയാതെ കടന്നാക്രമിക്കുന്ന കുറിപ്പിൽ വി.എസ്. അച്യുതാനന്ദന് പ്രശംസയുമുണ്ട്.
കുറിപ്പിലെ പ്രസക്തഭാഗങ്ങൾ ഇങ്ങനെ: ‘‘കോടികൾ കൈയിലെത്തുന്ന ചരിത്രം ആരംഭിച്ചിട്ട് ഏതാനും വർഷങ്ങേള ആയുള്ളൂ. വിഭാഗീയത കൊടുമ്പിരിക്കൊണ്ട കാലശേഷമാണ് ഇത് താളം തെറ്റിയത്. മലമ്പുഴ തെരെഞ്ഞെടുപ്പ് സമയത്ത് ചെലവ് കഴിഞ്ഞ് മിച്ചം വന്ന 28 ലക്ഷം രൂപ എ.കെ.ജി സെന്ററിൽ മടങ്ങിയെത്തിയപാേട വി.എസ് ഒരു കുറിപ്പോടെ കൊടുത്തയക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. പുസ്തകത്തിന് റോയൽറ്റിയായി രണ്ട് ലക്ഷം രൂപയുടെ ചെക്ക് പബ്ലിഷറിൽനിന്ന് കിട്ടിയപ്പോൾ അതേപടി കത്തെഴുതി എ.കെ.ജി സെന്ററിൽ കൊടുത്തയക്കുന്നതും കണ്ടിട്ടുണ്ട്. അതൊക്കെയാണ് കമ്യൂണിസ്റ്റുകാരുടെ ജീവിതം. അതുകൊണ്ടാണ് വി.എസ്, വി.എസ് ആയത്. വീട്ടിൽ കോടീശ്വരനായ ഒരു അതിഥി വന്നാൽ സ്വന്തം കുടുംബത്തെ എവിടെ നിർത്തണമെന്ന് വി.എസിന് അറിയാമായിരുന്നു. വി.എസ് ഒരിക്കലും അത്തരക്കാരെ െപാലീസിനെ സ്വാധീനിച്ച് വീട്ടിൽ എത്തിച്ചിട്ടില്ല.
പാർട്ടി ആസ്ഥാനത്ത് പണം കൈകാര്യം ചെയ്യുന്ന സഖാവിൽനിന്ന് മനസ്സിലാക്കിയത് കണക്കൊന്നും പാർട്ടി കേന്ദ്രത്തിൽ ലഭ്യമേയല്ല എന്നാണ്. തെരഞ്ഞെടുപ്പ് കമീഷന് കൊടുത്ത കണക്കുകളിലും ഈ തുക ഇല്ല. എന്നാൽ പാർട്ടി സെന്ററിൽ ഏൽപ്പിച്ച 10 ലക്ഷം രൂപ സംബന്ധിച്ച് ഒരു കുറിമാനം ഉണ്ട്. ഈ 10 ലക്ഷം ആരുടെ ൈകയിലെത്തി എന്നതിന് വ്യക്തതയായി. എവിടെനിന്ന് സമാഹരിച്ചതാണ് തുക എന്നത് അതിന്മേലുള്ള കവറിൽനിന്ന് വ്യക്തം. ഒന്നുകൂടി തെളിച്ചുപറഞ്ഞാൽ ഉൾക്കടലിൽനിന്ന് ഉയർന്നുവന്ന ശതകോടീശ്വനായ ഒരു വ്യവസായിയുടേതാണെന്ന് ഓർത്താൽ മതി. വ്യവസായികളിൽ നിന്നോ മുതലാളിമാരിൽ നിന്നോ പാർട്ടി പണം വാങ്ങില്ല എന്ന് ഞാൻ പറയുന്നില്ല. ഞാനും പ്രതികരിക്കാതിരുന്നാൽ ഈ പ്രസ്ഥാനം കേരളത്തിൽ ഒരു ദുരന്തമായി മാറും എന്നത് ഉറപ്പാണ്’’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.