സി.പി.എം നേതാവ് മധു മുല്ലശ്ശേരി ബി.ജെ.പിയിലേക്ക്; പ്രഖ്യാപനം ഇന്ന് 11 മണിക്ക്
text_fieldsതിരുവനന്തപുരം: 42 വർഷം സി.പി.എം പ്രവർത്തകനും നേതാവുമായിരുന്ന തിരുവനന്തപുരം മംഗലപുരം ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി ബി.ജെ.പിയിലേക്ക്. പാർട്ടിമാറ്റം സംബന്ധിച്ച് ഇന്ന് 11 മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് മധു അറിയിച്ചു.
കഴിഞ്ഞ ദിവസം ഏരിയാ സമ്മേളനത്തിൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച മധുവിനെതിരെ ജില്ലാ സെക്രട്ടറി വി. ജോയി രംഗത്തുവന്നിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് സി.പി.എം വിടുകയാണെന്ന് മധു പ്രഖ്യാപിച്ചത്. ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയ തീരുമാനത്തില്‍ പ്രതിഷേധിച്ച് മധു സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. പിന്നാലെയാണ് പാർട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ചത്. സാമ്പത്തിക ആരോപണങ്ങളും ക്രമവിരുദ്ധ ഇടപെടലുകളും മധുവിനെതിരെ ഉയർന്നിരുന്നു.
മധു എട്ടുവർഷം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ആറ് വർഷം ഏരിയ സെക്രട്ടറിയുമായും സേവനമനുഷ്ടിച്ചിരുന്നു. ഏരിയ സമ്മേളനത്തിൽ തനിക്കെതിരെ വിമർശനം പോലും ഉയർന്നിരുന്നില്ലെന്നും പാര്‍ട്ടി നല്‍കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും അച്ചടക്കത്തോടെ കൃത്യമായി നടത്തിയിട്ടുണ്ടെന്നും മധു പറഞ്ഞു.
കഴക്കൂട്ടം ഏരിയാ കമ്മിറ്റി രണ്ടായതിനു ശേഷം മംഗലപുരത്ത് രണ്ട് തവണയും മധു മുല്ലശ്ശേരിയാണ് സെക്രട്ടറിയായത്. സാധാരണ പാർട്ടി പ്രവർത്തകർക്ക് സമീപിക്കാൻ സാധിക്കാത്ത ആളായി ഏരിയാ സെക്രട്ടറി മാറിയെന്ന ആരോപണമാണ് മധുവിനെതിരെ ഉയർന്നത്. എന്നാൽ വിഭാഗീയ പ്രവര്‍ത്തനങ്ങളാണ് വി. ജോയി നടത്തിവരുന്നതെന്നാണ് മധുവിന്റെ ആരോപണം. പുതിയ ഏരിയാ കമ്മിറ്റി ചേർന്നപ്പോൾ മധുവിനു പകരം എം ജലീലിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. പിന്നാലെയാണ് അപ്രതീക്ഷിത നീക്കത്തിൽ പ്രതിഷേധിച്ച് മധു ഇറങ്ങിപ്പോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.