കണ്ണൂരിൽ ഡി.വൈ.എഫ്.ഐ മുൻ ജില്ല പ്രസിഡന്റിനെ സി.പി.എമ്മിൽനിന്ന് പുറത്താക്കി
text_fieldsകണ്ണൂർ: ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ല മുൻ പ്രസിഡന്റും സി.പി.എം ജില്ല കമ്മിറ്റിയംഗവുമായ മനു തോമസിനെ പാർട്ടിയിൽനിന്ന് പുറത്താക്കി. ഇദ്ദേഹത്തിനു പകരം സി.പി.എം ആലക്കോട് ഏരിയ സെക്രട്ടറി സാജൻ കെ. ജോസഫിനെ ജില്ല കമ്മിറ്റിയിൽ ഉൾപ്പെടുത്തി. രണ്ടുദിവസമായി നടന്ന ജില്ല കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
വിദേശത്ത് കഴിയുന്ന മനു തോമസ് രണ്ടുവർഷത്തോളമായി പാർട്ടിയിൽ നിർജീവമാണ്. സ്വർണക്കടത്ത്-ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുണ്ടെന്നും പണപ്പിരിവ് നടത്തുന്നുണ്ടെന്നും ആരോപിച്ച് മറ്റൊരു ജില്ല കമ്മിറ്റിയംഗത്തിനെതിരെ മനു തോമസ് നേരത്തേ പാർട്ടിക്ക് പരാതി നൽകിയത് വിവാദമായിരുന്നു.
പരാതി അന്വേഷിക്കാൻ മുതിർന്ന ജില്ല സെക്രട്ടേറിയറ്റംഗത്തെ പാർട്ടി ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാൽ, പരാതിയിൽ നടപടിയെടുക്കാതെ ആരോപണവിധേയനെ സംരക്ഷിക്കുകയാണ് നേതൃത്വമെന്നും മനു തോമസ് പിന്നീട് ഉന്നയിച്ചിരുന്നു. തുടർന്ന് പാർട്ടിയിൽ നിർജീവമാവുകയും ചെയ്തു. ലോക്സഭ തെരഞ്ഞെടുപ്പ് വേളയിൽ പ്രചാരണത്തിനൊന്നും ഇദ്ദേഹം രംഗത്തുണ്ടായിരുന്നില്ല.
അതേസമയം, മനുതോമസിനെ പുറത്താക്കിയതല്ലെന്നും അദ്ദേഹം അംഗത്വം പുതുക്കിയില്ലെന്നും സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.