പോരാട്ട വീര്യത്തിന് വിട; എം.എം ലോറൻസ് അന്തരിച്ചു
text_fieldsകൊച്ചി: കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് പോരാട്ട വീര്യത്തിന്റെ ചുവപ്പ് പകർന്ന തൊഴിലാളി നേതാവിന് വിട. പാർശ്വവത്കരിക്കപ്പെട്ടവരെ ചേർത്തുനിർത്തി പാവപ്പെട്ടവന്റെ അവകാശസമരങ്ങളുടെ കരുത്തും കാതലുമായി നിലകൊണ്ട മുതിർന്ന സി.പി.എം നേതാവ് എം.എം. ലോറൻസ് ഇനി ജ്വലിക്കുന്ന വിപ്ലവസ്മരണ. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ഏറെനാളായി വിശ്രമത്തിലായിരുന്ന അദ്ദേഹം എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ശനിയാഴ്ച ഉച്ചക്ക് 12.15നാണ് അന്തരിച്ചത്. 95 വയസ്സായിരുന്നു.
തിങ്കളാഴ്ച രാവിലെ എട്ടിന് ഗാന്ധിനഗറിലെ വീട്ടിലും 8.30ന് കലൂർ ലെനിൻ സെന്ററിലും ഒമ്പതുമുതൽ നാലുവരെ എറണാകുളം ടൗൺഹാളിലും പൊതുദർശനമുണ്ടാകും. മൃതദേഹം വൈകീട്ട് നാലിന് എറണാകുളം ഗവ. മെഡിക്കൽ കോളജിന് കൈമാറും.
സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, എറണാകുളം ജില്ലാ സെക്രട്ടറി, ഇടതുമുന്നണി കൺവീനർ, സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി, ഇടുക്കിയിൽനിന്നുള്ള ലോക്സഭാംഗം (1980 -1984) എന്നീ നിലകളിൽ കേരള രാഷ്ട്രീയത്തിനൊപ്പം സഞ്ചരിച്ച തലയെടുപ്പുള്ള നേതാവായിരുന്നു മാടമാക്കൽ മാത്യു ലോറൻസ് എന്ന എം.എം. ലോറൻസ്. 2015 മുതൽ സി.പി.എം സംസ്ഥാന സമിതിയിൽ ക്ഷണിതാവാണ്.
1929 ജൂൺ 15ന് ഫോർട്ട്കൊച്ചി നസ്രേത്ത് മാടമാക്കൽ വീട്ടിൽ അവിര മാത്യുവിന്റെയും മേരിയുടെയും 12 മക്കളിൽ നാലാമനായാണ് ജനനം. പിതാവിന്റെ അമ്മവീട് എന്ന നിലയിൽ മുളവുകാട്ടേക്ക് കുടുംബം താമസം മാറി. എറണാകുളം സെൻറ് ആൽബർട്സ് സ്കൂൾ, മുനവ്വിറുൽ ഇസ്ലാം സ്കൂൾ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 1946ൽ കമ്യൂണിസ്റ്റ് പാർട്ടി അംഗമായി. ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണക്കേസിലെ മുഖ്യപ്രതികളിൽ ഒരാളായ ലോറൻസ് 1950ൽ അറസ്റ്റ് ചെയ്യപ്പെട്ട് പൊലീസ് മർദനത്തിനിരയായി. 22 മാസം ജയിലിൽ കഴിഞ്ഞു. പിന്നീട് പല ഘട്ടങ്ങളിലായി കരുതൽ തടങ്കലിലും മിസ തടവുകാരനായും ആറുവർഷത്തോളം ജയിൽവാസം അനുഭവിച്ചു. 1969ൽ പ്രഥമ കൊച്ചി മേയർ തെരഞ്ഞെടുപ്പിൽ നറുക്കെടുപ്പിലൂടെ സ്ഥാനം കൈവിട്ടു.
അച്ചടക്ക നടപടിയെ തുടർന്ന് 1998ൽ സി.പി.എം കേന്ദ്രകമ്മിറ്റിയിൽനിന്ന് എറണാകുളം ഏരിയ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. സേവ് സി.പി.എം ഫോറവുമായി ബന്ധപ്പെട്ട വിഭാഗീയ നീക്കങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. 2005ലെ മലപ്പുറം സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റി അംഗമായി. പ്രായാധിക്യത്തെ തുടർന്ന് 2015ൽ ലോറൻസിനെ സംസ്ഥാന കമ്മിറ്റിയിൽനിന്ന് ഒഴിവാക്കി. ‘ഓർമച്ചെപ്പ് തുറക്കുമ്പോൾ’ എന്ന ആത്മകഥ അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഭാര്യ: പരേതയായ ബേബി. മക്കൾ: അഡ്വ. എം.എൽ. സജീവൻ, എം.എൽ. സുജാത (എൻജിനീയർ, ദുൈബ), അഡ്വ. എം.എൽ. എബ്രഹാം (അബി), എം.എൽ. ആശ (തിരുവനന്തപുരം). മരുമക്കൾ: ടെനി (അധ്യാപിക), സോജ (െലക്ചറർ, സെൻറ് തെരേസാസ് കോളജ്, എറണാകുളം), ബോബൻ (എൻജിനീയർ, ദുബൈ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.