വെടിവെക്കാൻ പറഞ്ഞാൽ വെടിവെക്കും -രാജേന്ദ്രനെതിരെ വീണ്ടും എം.എം. മണി
text_fieldsഅടിമാലി: മുൻ മന്ത്രിയും ഉടുമ്പൻചോല എം.എൽ.എയുമായ എം.എം. മണി സി.പി.എമ്മിന്‍റെ മുൻ എം.എൽ.എ എസ്. രാജേന്ദ്രനെതിരെ വീണ്ടും രംഗത്ത്. യോഗ്യതയില്ലാത്തതുകൊണ്ടാണ് രാജേന്ദ്രനെ പാർട്ടിയിൽനിന്ന് പുറത്താക്കിയതെന്നും അതിന് മുൻകൈ എടുത്തത് താൻ തന്നെയാണെന്നും അദ്ദേഹം തുറന്നടിച്ചു. എം.കെ. ജോയി രക്തസാക്ഷി ദിനാചരണം രാജകുമാരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മണി.
ഒരുവർഷത്തെ സസ്പെൻഷനിലുള്ള രാജേന്ദ്രനെ പാർട്ടിയിൽനിന്ന് പുറത്താക്കിയെന്ന് വ്യക്തമാക്കുന്നതായിരുന്നു മുതിർന്ന നേതാവായ മണിയുടെ വാക്കുകൾ. താൻ സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവാണെന്നും വെടിവെക്കാൻ പറഞ്ഞാൽ വെടിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജേന്ദ്രനെ പോലുള്ള ഒരുത്തന് പറ്റിയ പാർട്ടിയല്ല സി.പി.എം. രാജേന്ദ്രനെതിരെ ഇടപെടേണ്ട സാഹചര്യം പാർട്ടിയിലുണ്ടായാൽ ഇനിയും താൻ ഇടപെടും. 15 വർഷം അദ്ദേഹത്തെ ചുമന്നതാണ്. തുടരെ എം.എൽ.എ ആയിട്ടും മൂന്നാറിൽ ഒരു വികസനവും രാജേന്ദ്രൻ നടപ്പാക്കിയില്ലെന്നും മണി കുറ്റപ്പെടുത്തി.
തനിക്കെതിരായ പാർട്ടി നടപടികൾക്ക് പിന്നിൽ മണിയാണെന്ന് രാജേന്ദ്രൻ നേരത്തേ ആരോപിച്ചിരുന്നു. മണിയെ പോലുള്ളവർ നേതാക്കളായി തുടരുന്ന പാർട്ടിയിൽ ഇനി പ്രവർത്തിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.