കെ. സുധാകരനെതിരെ പോക്സോ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നു -എം.വി. ഗോവിന്ദൻ
text_fieldsന്യൂഡൽഹി: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകാരനെതിരെ ഉന്നയിച്ച പോക്സോ ആരോപണം ദേശാഭിമാനി വാർത്തയുടെ അടിസ്ഥാനത്തിലുള്ളതാണെന്നും ആരോപണത്തിൽ ഉറച്ചുനിൽക്കാതിരിക്കാൻ വേറെ തെളിവ് വേണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പോക്സോ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതിയെ കുറിച്ച് കെ. സുധാകരൻ പറഞ്ഞത് അയാൾ ശത്രുവല്ല ഒരുപാട് സഹായങ്ങൾ ചെയ്ത ആളാണെന്നാണ്. അതൊന്നും മാധ്യമങ്ങൾ ചോദിക്കില്ല. സുധാകരനെതിരെ പറയുമ്പോൾ മാധ്യമങ്ങൾക്ക് എന്താണ് പ്രശ്നമെന്നും അദ്ദേഹം ചോദിച്ചു. പോളിറ്റ്ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തിയതായിരുന്നു എം.വി ഗോവിന്ദൻ.
എസ്.എഫ്.ഐയെ തകർക്കണമെന്ന ഏകപക്ഷീയമായ നിലപാട് പുലർത്തിക്കൊണ്ടാണ് മാധ്യമങ്ങൾ വാർത്തകൾ നൽകുന്നത്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ എസ്.എഫ്.ഐയെ തകർക്കാനാവില്ല. വ്യാജ രേഖ ആരുണ്ടാക്കിയാലും അംഗീകരിക്കില്ല. തെറ്റായ പ്രവണത തിരുത്തും. എസ്.എഫ്.ഐയെ പഴിപറയാനെ മാധ്യമങ്ങളുടെ നാക്കിന് ശക്തിയുള്ളൂ. കെ.എസ്.യു നേതാവ് വ്യാജരേഖ ഉണ്ടാക്കിയാലും പഴി എസ്.എഫ്.ഐക്കാണ്.
പത്രപ്രവർത്തനത്തിൽ പുതിയ രീതി പരിഗണിക്കണം. പ്രിയ വർഗീസ് കേസ് വിധിയിലെ മാധ്യമങ്ങൾക്കെതിരെ പറയുന്ന ഖണ്ഡികകൾ മാധ്യമപ്രവർത്തകർ വായിച്ചുപഠിക്കണം. ഒളിവിൽ കഴിഞ്ഞവരെ സി.പി.എമ്മുകാർ സഹായിച്ചോയെന്ന് അന്വേഷിക്കട്ടെ. ബാബുജാൻ സിന്ഡിക്കറ്റ് അംഗമെന്ന നിലയിൽ പലതിലും ഇടപെട്ടിട്ടുണ്ടാവുമെന്നും സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സംവിധാനത്തെ തകർക്കാനുള്ള ശ്രമങ്ങളാണ് കോൺഗ്രസും ബി.ജെ.പിയും ഗവർണറും മാധ്യമങ്ങളും ചെയ്യുന്നത്. വാർത്തവായിച്ചാലൊന്നും ഇവിടെ ആരുടെ പേരിലും കേസെടുക്കില്ല. എന്നാൽ, കുറ്റം ചെയ്താലും ഗൂഢാലോചന നടത്തിയാലും മാധ്യമപ്രവർത്തകനായാലും കേസെടുക്കും. മാധ്യമപ്രവർത്തകർ ഫാഷിസ്റ്റ് രീതിയല്ല പഠിക്കേണ്ടതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.