'പാർട്ടിയെ കുത്തിയാണ് പോകുന്നത് ഓർത്തു വെച്ചോ, ഒരു ദാക്ഷിണ്യവും ഉണ്ടാവില്ല, സി.പി.എമ്മിന്റെ ഏരിയ സെക്രട്ടറിയാണ് പറയുന്നത്, കരുതി ഇരുന്നോ'; കൂറുമാറിയ അംഗത്തിന്റെ ഭർത്താവിന് ഭീഷണി
text_fieldsസി.പി.എം എടക്കര ഏരിയ സെക്രട്ടറി ടി.രവീന്ദ്രൻ
മലപ്പുറം: ചുങ്കത്തറ ഗ്രാമപഞ്ചായത്തിൽ ഭരണം നഷ്ടമായതിന് പിന്നാലെ കൂറുമാറിയ അംഗത്തിന്റെ ഭർത്താവിന് ഭീഷണിയുമായി സി.പി.എം ഏരിയ സെക്രട്ടറി. പഞ്ചായത്ത് അംഗം നുസൈബയുടെ ഭർത്താവ് സുധീര്‍ പുന്നപ്പാലയെയാണ് സി.പി.എം എടക്കര ഏരിയ സെക്രട്ടറി ടി.രവീന്ദ്രൻ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്.
പി.വി അൻവറിനൊപ്പം നിന്നാൽ ഗുരുതര ഭവിഷത്ത് ഉണ്ടാകും. പാർട്ടിയെ കുത്തിയാണ് പോകുന്നത് ഓർത്തു വച്ചോ. ഒരു ദാക്ഷിണ്യവും നിന്നോടോ നിന്‍റെ കുടുംബത്തിനോടോ ഉണ്ടാവില്ല. ഞങ്ങൾ ഇനി ഒരുങ്ങി നിൽക്കും. സി.പി.എമ്മിന്‍റെ ഏരിയാ സെക്രട്ടറിയാണ് പറയുന്നത്. കരുതിയിരുന്നോയെന്നും ടി.രവീന്ദ്രൻ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു.
'നിങ്ങൾ അൻവറിന്റെ പിന്നാലെയല്ലേ നടക്കുന്നത്? അങ്ങനെത്തന്നെ നടന്നോ. നമുക്ക് നോക്കാം. അൻവർ എന്താണ് എന്നത് എനിക്കറിയാം. സ്വന്തം കാര്യത്തിനുവേണ്ടിമാത്രം നിൽക്കുന്നയാളാണയാൾ. ഞങ്ങൾക്ക് ആറോ എട്ടോ മാസം ഭരണം പോകുമെന്നേയുള്ളൂ. കരുതിയിരുന്നോളൂ' എന്ന് രവീന്ദ്രൻ സംഭാഷണത്തിൽ പറയുന്നു.
എന്നാൽ, ഭീഷണിപ്പെടുത്തിയതല്ലെന്ന് ടി.രവീന്ദ്രൻ വിശദീകരിച്ചു. കൂറുമാറില്ലന്ന് ഉറപ്പ് തന്നിട്ട് ലംഘിച്ചപ്പോൾ പ്രതിഷേധം അറിയിക്കുകയാണ് ചെയ്തതെന്നും. അവിശ്വാസ പ്രമേയത്തിനു മുമ്പുള്ളതാണ് ഫോൺ വിളിയെന്നും അദ്ദേഹം വിശദീകരിച്ചു.
ചുങ്കത്തറ ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റിനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതോടെ ഇടതുപക്ഷത്തിന് ഭരണം നഷ്ടമായിരുന്നു. വൈസ് പ്രസിഡന്റ് നുസൈബ സുധീര്‍ യു.ഡി.എഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയതോടെ ഒമ്പതിനെതിരെ 11 വോട്ടുകള്‍ക്കാണ് അവിശ്വാസം വിജയിച്ചത്.
ഇതോടെ ഒന്നര വര്‍ഷത്തെ ഭരണത്തിനുശേഷം പ്രസിഡന്റ് സി.പി.എമ്മിലെ ടി.പി. റീനയുടെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് ഭരണസമിതി പുറത്തായി.
പി.വി. അന്‍വർ നേതൃത്വംനൽകുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നിലമ്പൂര്‍ മണ്ഡലം കണ്‍വീനറാണ് നുസൈബ സുധീറിന്റെ ഭർത്താവ് സുധീര്‍ പുന്നപ്പാല.
പി.വി. അന്‍വറിന്റെ ഇടപെടലിനെ തുടര്‍ന്നാണ് യു.ഡി.എഫ് അവിശ്വാസത്തിന് മുതിര്‍ന്നത്. 20 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ ഇരുമുന്നണികള്‍ക്കും പത്ത് അംഗങ്ങള്‍ വീതമാണുള്ളത്. എല്‍.ഡി.എഫ് സമിതിയുടെ ഭരണപരാജയം ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ് അവിശ്വാസ നോട്ടീസ് നല്‍കിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.