'സനൂപ് വധത്തിലേക്ക് ജമാഅത്തെ ഇസ്‌ലാമിയെ വലിച്ചിഴക്കാനുള്ള സി.പി.എം നേതാക്കളുടെ ശ്രമം അദ്ഭുതമുളവാക്കുന്നു'
text_fieldsകോഴിക്കോട്: തൃശൂരിൽ ആർ.എസ്.എസ് പ്രവർത്തകരാൽ കൊല്ലപ്പെട്ട ബ്രാഞ്ച് സെക്രട്ടറി സനൂപിെൻറ വധത്തിലേക്ക് ജമാഅത്തെ ഇസ്‌ലാമിയെ വലിച്ചിഴക്കാനുള്ള സി.പി.എം നേതാക്കളുടെ ശ്രമം അദ്ഭുതമുളവാക്കുന്നെന്ന് അസിസ്റ്റൻറ് അമീർ പി. മുജീബ് റഹ്മാൻ. കൊലപാതകങ്ങളിൽ കോൺഗ്രസിെൻറയും ജമാഅത്തെ ഇസ്ലാമിയുടെയും എസ്.ഡി.പി.ഐയുടെയുമൊക്കെ അകമഴിഞ്ഞ പിന്തുണ ആർ.എസ്.എസിനുണ്ടെന്ന് സനൂപിന് ആദരാഞ്ജലി അർപ്പിച്ച് ധനകാര്യ മന്ത്രി തോമസ് െഎസക്ക് ഫേസ്ബുക്കിലിട്ട പോസ്റ്റിൽ കുറിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു പി. മുജീബ് റഹ്മാൻ.
'സി.പി.എം ബ്രാഞ്ച് സെക്രട്ടറി സഖാവ് സനൂപിെൻറ വധം അപലപനീയവും നീതീകരിക്കാനാവാത്തതുമാണ്. എന്നല്ല, രാജ്യത്ത് നടക്കുന്ന ഏത് കൊലപാതകവും, അത് രാഷ്ട്രീയത്തിെൻറയും മതത്തിെൻറയും പേരിലായാലും നീതീകരിക്കാവുന്ന കാര്യമല്ല. ജനാധിപത്യ രാജ്യത്ത് ആശയങ്ങളെ ആയുധം കൊണ്ടല്ല, ആശയംകൊണ്ടുതന്നെ നേരിടണം. ഈ തത്വം നിരവധി പേരെ കൊലക്കത്തിക്കിരയാക്കിയ സി.പി.എം ഉൾപ്പടെ എല്ലാ കക്ഷികൾക്കും ബാധകമാണ്.
എന്നാൽ, സഖാവ് സനൂപിെൻറ വധത്തിലേക്ക് ജമാഅത്തെ ഇസ്‌ലാമിയെ വലിച്ചിഴക്കാനുള്ള ചില സി.പി.എം നേതാക്കളുടെ ശ്രമം ഏറെ അദ്ഭുതമുളവാക്കുന്നു. സ്വന്തം സഖാവിെൻറ രക്തസാക്ഷിത്വത്തെ സത്യസന്ധമായി സമീപിക്കുന്നതിന് പകരം അതും ജമാഅത്തിനെതിരെ രാഷ്ട്രീയ ആയുധമാക്കുന്ന രീതി ഏറെ ആശ്ചര്യകരമാണ്. ജനാധിപത്യവാദികളെന്ന് നടിക്കുകയും അതേസമയം വിയോജിക്കുന്നവർക്കുനേരെ എന്ത് വൃത്തികെട്ട ആരോപണവും ഉന്നയിക്കുന്നത് രാഷ്ട്രീയ മര്യാദക്ക് ചേർന്നതല്ല.
ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ച് സി.പി.എം നേതാക്കൾ വായിക്കുന്ന കണ്ണട മാറ്റിവെക്കേണ്ട സമയമായിരിക്കുന്നു. കാരണം, കൊലക്കത്തി ഞങ്ങളുടെ ആയുധമല്ല. ബോംബ് നിർമാണം ഞങ്ങളുടെ പദ്ധതിയല്ല. ക്രിമിനലുകളെ ഞങ്ങൾ പോറ്റാറില്ല. ഞങ്ങൾ വഴി ഒരമ്മക്കും മക്കൾ നഷ്ടപ്പെട്ടിട്ടില്ല. ഒരു കുട്ടിക്കും അച്ഛനില്ലാതായിട്ടില്ല. ഒരു സത്രീയും വിധവയായിട്ടില്ല.
നാളിതുവരെ ആശയ പ്രചാരണത്തിന് ജനാധിപത്യപരവും നിയമാനുസൃതവുമായ വഴി സ്വീകരിച്ച പ്രസ്ഥാനം, പ്രതിയോഗിയോടുപോലും ആശയസംവാദം തുടരുന്ന പ്രസ്ഥാനം, വിയോജിപ്പുകളെ സ്വാഗതം ചെയ്യുന്ന പ്രസ്ഥാനം, എല്ലാ സദുദ്യമങ്ങളിലും ഇടതുപക്ഷമുൾപ്പടെ മതനിരപേക്ഷ കക്ഷികളുമായി സഹകരിച്ചിട്ടുള്ള പ്രസ്ഥാനം, കണ്ണാടിജലം പോലെ തെളിമയുള്ള ഈ പ്രസ്ഥാന ചരിത്രം രാഷ്ട്രീയ നിലനിൽപ്പിനുവേണ്ടിയുള്ള കുളംകലക്കലുകൾകൊണ്ട് മാറിമറിയില്ല.
കാലം മാറിയിരിക്കുന്നു. ഹിംസയുടേതായ പ്രാകൃത നടപടികൾ അവസാനിപ്പിക്കേണ്ട സമയം വൈകിയിരിക്കുന്നു. ആയുധമുറകൾ അവസാനിപ്പിച്ച് ക്രിമിനലുകളെ തള്ളിപ്പറഞ്ഞ്, ജനാധിപത്യത്തിെൻറ സത്തയുൾക്കൊണ്ട്, സംവാദത്തിെൻറ ക്രിയാത്മകവും സമാധാനപരവുമായ വഴിയിലേക്ക് സി.പി.എമ്മടക്കമുള്ള മുഴുവൻ രാഷ്ട്രീയ കക്ഷികളും കയറിവരണമെന്ന ആഗ്രഹമാണ് കേരളീയ സമൂഹത്തോടൊപ്പം ഞങ്ങൾ പങ്കുവെക്കുന്നത്' -പി. മുജീബ് റഹ്മാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.