ഇസ്‌ലാമോഫോബിയ പ്രചരിപ്പിക്കുന്നതിൽ സി.പി.എം നേതാക്കൾ ആനന്ദം കൊള്ളുന്നു-എസ്.ഡി.പി.ഐ
text_fieldsതിരുവനന്തപുരം: സി.പി.എം നേതാക്കൾ നിരന്തരം ഇസ്‌ലാമോഫോബിയ പ്രചരിപ്പിക്കുകയാണെന്നും ആർ.എസ്.എസിനെക്കാൾ ഭീകരമായി ഇത്തരം ദുഷ്പ്രചരണങ്ങളിൽ ആനന്ദം കൊള്ളുന്നവരായി സി.പി.എം നേതാക്കൾ മാറിയെന്നും എസ്.ഡി.പി.ഐ. മുസ്‌ലിം സമൂഹത്തിൽ നിന്നുണ്ടാകുന്ന രാഷ്ട്രീയ സംഘാടനങ്ങളെ തീവ്രവാദ ചാപ്പ കുത്തി അകറ്റിനിർത്തുന്ന സമീപനത്തിന് സി.പി.എമ്മാണ് തുടക്കമിട്ടത്.
മുസ്‌ലിം വിരുദ്ധ പരാമർശങ്ങൾ നടത്തുന്ന സി.പി.എം നേതാക്കളുടെ എണ്ണം വർധിച്ചുവരികയാണ്. ചില നേതാക്കളുടെ മാത്രം മനോഭാവമായി ഇതിനെ കാണാൻ കഴിയില്ല. 'മുസ്‌ലിം വിരുദ്ധത' സി.പി.എം നിലപാടായി മാറുന്നു എന്നതാണ് യാഥാർഥ്യം. നിരന്തരമായി മുസ്‌ലിം വിരുദ്ധ പരാമർശം നടത്തുന്ന നേതാക്കളെ പാർട്ടി തള്ളി പറയാതിരിക്കുന്നതിലൂടെ പാർട്ടിയുടെ നിർദ്ദേശ പ്രകാരമാണ് ഇക്കൂട്ടർ ഇത്തരം പ്രസ്താവനകൾ നടത്തുന്നത് എന്നാണ് ബോധ്യമാകുന്നത്.
ഗെയിൽ, ദേശീയപാത വിരുദ്ധ സമരം അടക്കമുള്ള ജനകീയ സമരങ്ങളിലെ മുസ്‌ലിം സാന്നിധ്യം പോലും തീവ്രവാദമെന്ന് സിപിഎം വിലയിരുത്തിയിരുന്നു. മെക്-സെവൻ എന്ന ആരോഗ്യ കൂട്ടായ്മയിൽ പോലും തീവ്രവാദം കണ്ടെത്തിയവരാണ് സിപിഎം. ഇസ്‌ലാമോഫോബിയ വളർത്തി സംഘപരിവാറിന് വിദ്വേഷ പ്രചരണത്തിന് പ്രതലമൊരുക്കി കൊടുക്കുന്ന പ്രവർത്തനങ്ങളാണ് സി.പി.എം കാലങ്ങളായി ചെയ്തുവരുന്നത്.
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ഉൾപ്പെടെയുള്ള സി.പി.എം നേതാക്കളുടെ വിഷലിപ്തമായ മുസ്‌ലിം വിരുദ്ധ പരാമർശങ്ങൾ ആർ.എസ്.എസും ബി.ജെ.പിയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുകയും അതുവഴി നേട്ടം കൊയ്യുകയും ചെയ്തിട്ടുണ്ട്. താൽക്കാലിക ലാഭത്തിനുവേണ്ടിയിട്ടുള്ള സി.പി.എമ്മിന്റെ ഇത്തരം പ്രസ്താവനകൾ മതനിരപേക്ഷ കേരളത്തിന് അപകടമാണെന്നും സംസ്ഥാന പ്രസിഡന്റ് സി.പി.എ ലത്തീഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.