സി.പി.എം നേതാവിന്റെ ഫോൺ സംഭാഷണം പുറത്ത്; 'ജാഥയിൽ പങ്കെടുത്തില്ലെങ്കിൽ ജോലിയുണ്ടാവില്ല'
text_fieldsകുട്ടനാട്: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുത്തില്ലെങ്കിൽ ജോലി പോകുമെന്ന് സി.പി.എം പ്രാദേശിക നേതാവിന്റെ ഭീഷണി. ഇത് സംബന്ധിച്ച ഫോൺ സംഭാഷണം പുറത്തായി.
കുട്ടനാട്ടിലെ കായൽ മേഖലയിൽ ജോലി ചെയ്യുന്ന ചുമട്ട് തൊഴിലാളിക്കാണ് സി.പി.എം കൈനകരി നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഫോണിലൂടെ മുന്നറിയിപ്പ് നൽകിയത്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ കുട്ടനാട് നെടുമുടിയിലെ സ്വീകരണ സമ്മേളനത്തിന് എത്തിയില്ലെങ്കിൽ ജോലിയുണ്ടാവില്ലെന്നാണ് നേതാവ് പറയുന്നത്.
റാണി കായൽ മേഖലയിൽ ജോലി ചെയ്യുന്ന ചുമട്ടുകാരായ 172 തൊഴിലാളികളോടും ജാഥക്കെത്താനാണ് നിർദേശം നല്കിയത്. ഇവരിൽ പകുതിപ്പേരും ഒരു രാഷ്ട്രീയ പാർട്ടിയുടെയും അംഗങ്ങളല്ല. അസൗകര്യം പറഞ്ഞ തൊഴിലാളിയോടാണ് ജോലിയുണ്ടാവില്ലെന്ന് മുന്നറിയിപ്പ് നല്കിയത്. കുട്ടനാട്ടിൽ ഇപ്പോൾ പുഞ്ചകൃഷി വിളവെടുപ്പ് നടക്കുകയാണ്.
നെല്ല് സംഭരണ ജോലികൾ നടക്കുന്ന പാടശേഖരങ്ങളിൽ ചുമട്ടുജോലിക്കായി നിരവധി തൊഴിലാളികളാണ് എത്തുന്നത്. എല്ലാവരും പാർട്ടി അംഗങ്ങളും അനുഭാവികളും അല്ലെങ്കിലും യൂനിയന്റെ യൂനിഫോം ധരിച്ചാണ് തൊഴിലാളികൾ ജോലി ചെയ്യുന്നത്. ഇവരെ എല്ലാവരെയും ജാഥയിൽ പങ്കെടുപ്പിക്കാനാണ് പ്രാദേശിക നേതൃത്വം നിർദേശം നൽകിയത്. ജാഥക്കെത്തിയവർ ഹാജർ രേഖപ്പെടുത്തണമെന്നും തൊഴിലാളികൾക്ക് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.