ലൗ ജിഹാദിനെയും ഭരണഘടനയെയും കുറിച്ച് സി.പി.എം നേതാക്കൾ സംഘപരിവാർ ഭാഷയില്‍ സംസാരിക്കുന്നത് ഗൗരവതരം -ഡോ. ആസാദ്
text_fieldsകോഴിക്കോട്: സി.പി.എമ്മിന്റെ നേതാക്കള്‍ ലൗ ജിഹാദിനെയും ഭരണഘടനയെയും പറ്റി പറയുമ്പോൾ സംഘപരിവാര ഭാഷയില്‍ സംസാരിക്കുന്നു എന്നത് ഗൗരവതരമാണെന്ന് ഇടത് ചിന്തകൻ ഡോ. ആസാദ്. ഇത്തരം ചിന്തകള്‍ക്ക് പാര്‍ട്ടിയില്‍ അനുകൂല സാഹചര്യം നിലനില്‍ക്കുന്നു എന്നത് ഞെട്ടിക്കേണ്ടതാണ്. നാക്കുപിഴയോ വളച്ചൊടിക്കലോ അല്ല നടന്നതെന്നു വ്യക്തം. രാഷ്ട്രീയമായ വ്യക്തതക്കുറവോ വ്യതിചലനമോ ആണ് സംഭവിക്കുന്നത് -അദ്ദേഹം പറഞ്ഞു.
രാജിക്കത്ത് മുഖ്യമന്ത്രിക്കു കൈമാറിയ വിവരം അറിയിച്ച് നടത്തിയ വാർത്താ സമ്മേളനത്തിലും തനിക്കു തെറ്റു പറ്റിയതായി സജിചെറിയാന്‍ പറഞ്ഞില്ല. മാധ്യമങ്ങള്‍ പ്രസംഗം വളച്ചൊടിച്ചു എന്ന ആരോപണം തുടരുകയും ചെയ്തു. നിയമസഭയില്‍ പറഞ്ഞതുപോലെ നാക്കു പിഴയാണെന്നും ഈ പ്രസ്താവനയില്‍ പറഞ്ഞില്ല. ദേശീയതലത്തില്‍ സി പി എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും നിലപാടുകളെ ക്ഷീണിപ്പിച്ച പരാമര്‍ശമാണ് തന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് സജി ചെറിയാന്‍ സമ്മതിക്കുന്നില്ല.
ഭരണഘടന സംരക്ഷിക്കുക എന്ന ആശയം മുന്‍നിര്‍ത്തി സി പി എം സമീപകാലത്ത് വിപുലമായ കാമ്പെയിന്‍ നടത്തിയിരുന്നു. അതിന്റെ അന്തസ്സത്തക്കു ചേരാത്ത പ്രസംഗം നടത്തിയതില്‍ അദ്ദേഹത്തിനു ഖേദം തോന്നേണ്ടിയിരുന്നു. അതുണ്ടായില്ല എന്നത് പാര്‍ട്ടി അംഗീകരിക്കുമോ എന്നുമറിയണം.
ഭരണഘടനയോടൊപ്പം ഭരണഘടനാ മൂല്യങ്ങളും ആദരിക്കപ്പെടണം. ഭരണഘടനക്കു നിന്ദയേല്‍ക്കുന്നതുപോലെ ജനാധിപത്യത്തിനും മതനിരപേക്ഷതക്കും നിന്ദയേല്‍ക്കുന്നതും അതീവ ഗുരുതരമായ വിഷയമാണ്. പൗരസമൂഹം തിരുത്തല്‍ പ്രേരണകളുമായി ഉണര്‍ന്നിരുന്നേ പറ്റൂ -ആസാദ് ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.
കുറിപ്പിന്റെ പൂർണരൂപം
സാംസ്കാരിക, ഫിഷറീസ് മന്ത്രി സജി ചെറിയാനോട് സി പി എം നേതൃത്വം രാജി ആവശ്യപ്പെട്ടതും അദ്ദേഹം അതിനു വഴങ്ങിയതും നല്ല കാര്യം. ഇന്നു രാവിലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനമൊന്നും പുറത്തു വിട്ടില്ലെങ്കിലും രാജി വെക്കാന്‍ അദ്ദേഹത്തോട് നിര്‍ദ്ദേശിച്ചിരുന്നു എന്നു വേണം കരുതാന്‍. സെക്രട്ടറിയേറ്റു യോഗം കഴിഞ്ഞു മടങ്ങുമ്പോള്‍ മന്ത്രി നല്‍കിയ മറുപടി മാധ്യമങ്ങളെ തല്‍ക്കാലം തീരുമാനം അറിയിക്കാതിരിക്കാനുള്ള ഒരു അടവു മാത്രമായി കാണണം. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാനും രാജിക്കു വേണ്ട തയ്യാറെടുപ്പുകള്‍ നടത്താനും അദ്ദേഹത്തിനു സമയം അനുവദിക്കപ്പെട്ടു.
വൈകുന്നേരം ആറുമണിക്കു നടത്തിയ പത്ര സമ്മേളനത്തില്‍ അദ്ദേഹം രാജിക്കത്ത് മുഖ്യമന്ത്രിക്കു കൈമാറിയ കാര്യം അറിയിച്ചു. ആ പത്രസമ്മേളനത്തിലും തനിക്കു തെറ്റു പറ്റിയതായി സജിചെറിയാന്‍ പറഞ്ഞില്ല. മാദ്ധ്യമങ്ങള്‍ പ്രസംഗം വളച്ചൊടിച്ചു എന്ന ആരോപണം തുടരുകയും ചെയ്തു. നിയമസഭയില്‍ പറഞ്ഞതുപോലെ നാക്കു പിഴയാണെന്നും ഈ പ്രസ്താവനയില്‍ പറഞ്ഞില്ല.
അന്വേഷണം നടക്കുമ്പോള്‍ മന്ത്രിസ്ഥാനത്തു തുടരുന്നതു ശരിയല്ലെന്ന ധാരണയിലാണത്രെ രാജി. അപ്പോള്‍ അദ്ദേഹം അന്വേഷണം പ്രതീക്ഷിക്കുന്നു. നല്ലത്. നിയമനടപടികള്‍ തീര്‍ച്ചയായും നടക്കണം. ദേശീയതലത്തില്‍ സി പി എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും നിലപാടുകളെ ക്ഷീണിപ്പിച്ച പരാമര്‍ശമാണ് തന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് സജി ചെറിയാന്‍ സമ്മതിക്കുന്നില്ല. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ പാര്‍ട്ടിയിലും അന്വേഷണം നേരിടാന്‍ യോഗ്യരാണ്.
സി പി എമ്മിന്റെ നേതാക്കള്‍ ലൗ ജിഹാദിനെ പറ്റി പറയുമ്പോഴും ഭരണഘടനയെ പറ്റി പറയുമ്പോഴും സംഘപരിവാര ഭാഷയില്‍ സംസാരിക്കുന്നു എന്നത് ഗൗരവതരമാണ്. ഇത്തരം ചിന്തകള്‍ക്ക് പാര്‍ട്ടിയില്‍ അനുകൂല സാഹചര്യം നിലനില്‍ക്കുന്നു എന്നത് ഞെട്ടിക്കേണ്ടതാണ്. നാക്കുപിഴയോ വളച്ചൊടിക്കലോ അല്ല നടന്നതെന്നു വ്യക്തം. രാഷ്ട്രീയമായ വ്യക്തതക്കുറവോ വ്യതിചലനമോ ആണ് സംഭവിക്കുന്നത്. സി പി എം ഇതിനെ എങ്ങനെ കാണുന്നു എന്നതും പ്രധാനമാവും. ഭരണഘടന സംരക്ഷിക്കുക എന്ന ആശയം മുന്‍നിര്‍ത്തി സി പി എം സമീപകാലത്ത് വിപുലമായ കാമ്പെയിന്‍ നടത്തിയിരുന്നു. അതിന്റെ അന്തസ്സത്തക്കു ചേരാത്ത പ്രസംഗം നടത്തിയതില്‍ അദ്ദേഹത്തിനു ഖേദം തോന്നേണ്ടിയിരുന്നു. അതുണ്ടായില്ല എന്നത് പാര്‍ട്ടി അംഗീകരിക്കുമോ എന്നുമറിയണം.
ഭരണഘടനയോടൊപ്പം ഭരണഘടനാ മൂല്യങ്ങളും ആദരിക്കപ്പെടണം. ഭരണഘടനക്കു നിന്ദയേല്‍ക്കുന്നതുപോലെ ജനാധിപത്യത്തിനും മതനിരപേക്ഷതക്കും നിന്ദയേല്‍ക്കുന്നതും അതീവ ഗുരുതരമായ വിഷയമാണ്. പൗരസമൂഹം തിരുത്തല്‍ പ്രേരണകളുമായി ഉണര്‍ന്നിരുന്നേ പറ്റൂ.
ആസാദ്
06 ജൂലായ് 2022
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.