ജലീലിനോട് മുഖംതിരിച്ച് സി.പി.എം നേതൃത്വം
text_fieldsതിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി വിവാദത്തിൽ ഇടപെട്ട് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ തുടർച്ചയായി വ്യക്തിയധിക്ഷേപം നടത്തുന്ന മുൻമന്ത്രി ഡോ. കെ.ടി. ജലീൽ എം.എൽ.എയോട് മുഖംതിരിച്ച് സി.പി.എം നേതൃത്വം. വിമർശനങ്ങൾ പാർട്ടി നയമല്ലെന്നാണ് സി.പി.എം നിലപാട്. അതേസമയം, ജലീലിന്‍റെ വിമർശനങ്ങൾ തടയാനും തയാറാകില്ല. ഗുരുതര ആക്ഷേപം ഉയർത്തിയിട്ടും സി.പി.എം മുഖപത്രം പാടേ തിരസ്കരിച്ചത് ശ്രദ്ധേയമായി.
ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെ നിയമിച്ചത് ജലീൽകൂടി അംഗമായിരുന്ന ഒന്നാം പിണറായി സർക്കാറാണ്. ആ സ്ഥിതിക്ക് സ്വന്തം സർക്കാറിന്‍റെ നടപടി ചോദ്യംചെയ്യുന്ന വിമർശനം അതിരുകടന്നതാകും. മാത്രമല്ല, നിയമഭേദഗതി ലോകായുക്ത ജഡ്ജിയോടുള്ള വ്യക്തിവിരോധം കൊണ്ടാണെന്ന് പൊതുസമൂഹം ചിന്തിക്കുന്നതരത്തിലേക്ക് എത്താനും സി.പി.എം ആഗ്രഹിക്കുന്നില്ല. മറിച്ചായാൽ, മുഖ്യമന്ത്രിക്കും മന്ത്രി ബിന്ദുവിനും എതിരായ കേസുകളിൽനിന്ന് രക്ഷപ്പെടാനാണ് നിയമഭേദഗതിയെന്ന പ്രതിപക്ഷ വിമർശനത്തിന് ശക്തിപകരും. ജലീലിന്‍റെ രാജിയിലേക്ക് നയിച്ച വിധിയുടെ പശ്ചാത്തലത്തിലാണ് നിയമഭേദഗതിയെന്ന പ്രതിപക്ഷ വാദഗതി സാധൂകരിക്കാൻ അത് വഴിയൊരുക്കും. അത്തരം വ്യാഖ്യാനങ്ങൾ കൂടുതൽ പ്രതിരോധത്തിലാക്കുമെന്ന് സി.പി.എം കരുതുന്നു. ലോകായുക്തക്ക് എതിരായ വ്യക്തിപരമായ വിമർശനങ്ങൾ ഏറ്റുപിടിച്ചാൽ സർക്കാർ നിയമനങ്ങളുടെ സാധുത ചോദ്യം ചെയ്യപ്പെടുന്ന നിലയിലേക്ക് വളരുമെന്നും സി.പി.എം കരുതുന്നു. എങ്കിലും വിവാദത്തിൽ പുകമറ സൃഷ്ടിക്കാൻ ജലീലിന്‍റെ വിമർശനങ്ങൾ വഴിയൊരുക്കിയെന്നാണ് പാർട്ടി വിലയിരുത്തൽ. അത് തുടരുന്നെങ്കിൽ ആവട്ടെ എന്നാണ് നിലപാട്.
നിയമഭേദഗതിയിലേക്ക് വഴിവെച്ചത് വ്യക്തിപരമായ കാര്യങ്ങളല്ലെന്നും നിയമത്തിലെ പഴുതുകളാണെന്നുമാണ് സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പരസ്യനിലപാട്. ജലീലിന്‍റെയോ മറ്റാരുടെയെങ്കിലുമോ വ്യക്തിപരമായ അനുഭവങ്ങളല്ല ഭേദഗതിക്ക് കാരണമെന്നാണ് വിശദീകരണം. ജലീലിന്‍റെ ആക്ഷേപങ്ങളോട് പരോക്ഷമായി വിയോജിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തുവന്നു. ആക്ഷേപങ്ങൾ വ്യക്തിപരമാണ്. ജലീൽ ഒരു പ്രസ്ഥാനത്തിന്‍റെ ഭാഗമല്ല, വ്യക്തിയാണ്. അനുഭവത്തിന്‍റെ അടിസ്ഥാനത്തിലാകാം അഭിപ്രായം പറഞ്ഞതെന്നും കാനം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.