ബില്ല് അടയ്ക്കാതിരുന്നതിനെ തുടർന്ന് വീട്ടിലെ ഫ്യൂസ് ഊരി; സി.പി.എം ബ്രാഞ്ച് സെക്രട്ടറി കെ.എസ്.ഇ.ബി ജീവനക്കാരെ മർദ്ദിച്ചു
text_fieldsകൊടുങ്ങല്ലൂർ: വൈദ്യുതി ബില്ല് അടക്കാതിരുന്നതിനെ തുടർന്ന് വീട്ടിലെ ഫ്യൂസ് ഊരിയെന്നാരോപിച്ച് സി.പി.എം ബ്രാഞ്ച് സെക്രട്ടറി കെ.എസ്.ഇ.ബി ജീവനക്കാരെ മർദ്ദിച്ചതായി പരാതി. പരിക്കേറ്റ മതിലകം സെക്ഷൻ ഓഫീസിലെ ലൈൻമാൻ ശ്രീനാരായണപുരം ഉല്ലാസ് വളവ് തോട്ടുപുറത്ത് സുധൻ (38), ഇലട്രിക് വർക്കർ മതിലകം കളരിപറമ്പ് തറപറമ്പിൽ സന്തോഷ് (45) എന്നിവരെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെ ശ്രീനാരായണപുരം ചാണാടിക്കൽ ക്ഷേത്രത്തിനുസമീപത്തുവെച്ചാണ് സി.പി.എം പതിയാശേരി ബ്രാഞ്ച് സെക്രട്ടറി സിയാദ് ആക്രമിച്ചതെന്ന് ജീവനക്കാർ പറയുന്നു. ഇവർ സഞ്ചരിച്ചിരുന്ന ഇരിചക്രവാഹനത്തിന്റെ താക്കോലും ഇയാൾ ഊരിയെടുത്തു. സംഭവത്തിൽ പ്രതിഷേധിച്ച് കെ.എസ്.ഇ.ബി ജീവനക്കാർ ശ്രീനാരായണപുരം സെന്ററിൽ പ്രകടനവും യോഗവും നടത്തി.
സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എൻ.ടി.യു.സി തൊഴിലാളി സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം നടന്നത്. കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) അംഗങ്ങളാണ് മർദ്ദനത്തിന് ഇരയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.