എലത്തൂർ എൻ.സി.പിയിൽനിന്ന് ഏറ്റെടുക്കാൻ സി.പി.എമ്മിൽ മുറവിളി
text_fieldsകോഴിക്കോട്: എലത്തൂർ സീറ്റിലെ സ്ഥാനാർഥിയെചൊല്ലി ഒരുവിഭാഗം എൻ.സി.പിയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചതോടെ സീറ്റ് ഏറ്റെടുക്കണമെന്ന വാദം സി.പി.എമ്മിൽ ശക്തമായി.
ജില്ലയിൽ ഇടതുപക്ഷത്തിെൻറ ഉരുക്കുകോട്ടയായി അറിയപ്പെടുന്ന മണ്ഡലം ഘടകകക്ഷിക്ക് നൽകിയതിനെതിരെ തുടക്കത്തിൽതന്നെ സി.പി.എം കക്കോടി ഏരിയ കമ്മിറ്റിയിൽ വിമർശനമുയർന്നിരുന്നു. എന്നാൽ, എൻ.സി.പി നേരത്തെ മത്സരിച്ച ബാലുശ്ശേരി സംവരണമായതോടെയാണ് കോഴിക്കോട്ട് ഒരു ഉറച്ച സീറ്റ് നൽകണമെന്ന സംസ്ഥാനതല ധാരണയെത്തുടർന്ന് എലത്തൂർ 2011ൽ കൈമാറിയത്.
രണ്ടു ടേമിനുശേഷം സീറ്റ് ഏറ്റെടുക്കുമെന്ന് അന്ന് സി.പി.എം ജില്ല നേതൃത്വം പാർട്ടി കീഴ്ഘടകത്തിനു ഉറപ്പുനൽകിയാണ് പ്രതിഷേധങ്ങൾ തണുപ്പിച്ചത്.
ഇക്കാര്യത്തിൽ പ്രാദേശികൾ നേതാക്കൾക്കിടയിൽ 'രഹസ്യ ചർച്ച' തുടരവെയാണ് എ.കെ. ശശീന്ദ്രൻ ഇത്തവണ മാറി നിൽക്കണമെന്ന തരത്തിൽ എൻ.സി.പിയിലെ ഒരുവിഭാഗം പരസ്യ പ്രതിേഷധമുയർത്തിയത്. ഈ അവസരത്തിൽ പാർട്ടിയുടെ ശക്തികേന്ദ്രമായ എലത്തൂർ ഏറ്റെടുത്ത് പകരം സീറ്റ് നൽകണമെന്നാണ് സി.പി.എം പ്രാദേശിക നേതാക്കളുടെ ആവശ്യം. ശശീന്ദ്രൻ തന്നെ മത്സരിക്കുന്നുവെങ്കിൽ അദ്ദേഹത്തിന് സ്വന്തം ജില്ലയായ കണ്ണൂരിൽ സീറ്റ് നൽകട്ടെയെന്നാണ് ഇവരുടെ പക്ഷം.
കോഴിക്കോട്ടും കണ്ണൂരുമായി എട്ടുതവണയാണ് ശശീന്ദ്രൻ മത്സരിച്ചത്. ഇതിൽ കോഴിക്കോട്ടുനിന്ന് മൂന്നുതവണ എം.എൽ.എയും ഒരുതവണ മന്ത്രിയുമായതിനാൽ ഇനി ഒഴിഞ്ഞുനിൽക്കുകയോ പാർട്ടിയെ നയിക്കുന്ന ചുമതലയിലേക്ക് വരികയോ ചെയ്യട്ടെയെന്നാണ് പ്രതിഷേധമുയർത്തുന്ന എൻ.സി.പിക്കാർ പറയുന്നത്. എന്നാൽ ഇത്തവണകൂടി മത്സര രംഗത്തുണ്ടാകുമെന്നാണ് എ.കെ. ശശീന്ദ്രനെ അനുകൂലിക്കുന്നവർ പറയുന്നത്. വിജയം ഉറപ്പായതിനാൽ സി.പി.എമ്മിലെ മുൻനിര നേതാക്കളുൾപ്പെടെയുള്ളവർ എലത്തൂരിൽ കണ്ണുെവക്കുന്നുണ്ട്.
ശശീന്ദ്രൻ മാറണമെന്ന് പാർട്ടിയിൽ ആവശ്യമുയർന്നിട്ടില്ല –മുക്കം മുഹമ്മദ്
കോഴിക്കോട്: മന്ത്രി എ.കെ. ശശീന്ദ്രൻ ഇത്തവണ സ്ഥാനാർഥിത്വത്തിൽ നിന്ന് മാറി നിൽക്കണമെന്ന് ഇതുവരെ എൻ.സി.പിയിൽ ആവശ്യമുയർന്നിട്ടില്ലെന്ന് ജില്ല പ്രസിഡൻറ് മുക്കം മുഹമ്മദ്. മാണി സി. കാപ്പൻ പാർട്ടി വിട്ട സാഹചര്യത്തിൽ പാർട്ടിയിൽനിന്ന് ഒരാളും വിട്ടുപോകാതെ സംഘടനയെ സജീവമാക്കാനുള്ള പ്രവർത്തനമാണ് നടക്കുന്നത്. എൽ.ഡി.എഫ് സംസ്ഥാന തലത്തിൽ സീറ്റ് വിഭജന ചർച്ച പൂർത്തിയാക്കിയശേഷമേ സ്ഥാനാർഥി നിർണയം സംബന്ധിച്ച് ആലോചിക്കുകയുളളൂ. അപ്പോഴാണ് ബന്ധപ്പെട്ട ബ്ലോക്ക്, ജില്ല കമ്മിറ്റികൾ ചർച്ചചെയ്ത് അഭിപ്രായം മേൽ കമ്മിറ്റിയെ അറിയിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.