സി.പി.എം ജില്ലാ സമ്മേളനത്തിന്റെയും ഊന്നൽ ‘മലപ്പുറം ഭീതി’യും തീവ്രവാദവും തന്നെ
text_fieldsമലപ്പുറം: താനൂരിൽ നടന്ന സി.പി.എം ജില്ലാസമ്മേളനത്തിന്റെയും ഊന്നൽ ‘മലപ്പുറം ഭീതി’യും തീവ്രവാദവും തന്നെ. ജില്ലയുടെ മതനിരപേക്ഷത അപകടത്തിലാണെന്നും ന്യൂനപക്ഷ-ഭൂരിപക്ഷ വർഗീയ വാദികൾ സേവന സന്നദ്ധപ്രവർത്തനങ്ങളിലൂടെ പൊതുരംഗത്തേക്ക് നുഴഞ്ഞുകയറുന്നുവെന്നുമാണ് സമ്മേളനത്തിന്റെ വിലയിരുത്തൽ. എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്‍ലാമി, ആർ.എസ്.എസ് എന്നീ സംഘടനകളുടെ പേരെടുത്താണ് വിമർശനം. ഇവരാവട്ടെ മലപ്പുറത്ത് മാത്രം സന്നദ്ധ പ്രവർത്തനം നടത്തുന്നവരല്ല. ചുരുക്കത്തിൽ മലപ്പുറം ജില്ലയിലെ സന്നദ്ധപ്രവർത്തനത്തിനും തീവ്രവാദ ചാപ്പ കുത്തിയിരിക്കയാണ് സി.പി.എം സമ്മേളനം എന്ന വിമർശനം ഉയരുന്നുണ്ട്.
ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം സി.പി.എം ആസൂത്രിതമായി സൃഷ്ടിക്കുന്ന മലപ്പുറം ഭീതിയുടെ തനിയാവർത്തനമാണ് ജില്ലാസമ്മേളനത്തിലും പ്രകടമായത് എന്നാണ് പൊതുവിലയിരുത്തൽ. പി.വി അൻവർ എം.എൽ.എ പിണറായി വിജയനെയും ആഭ്യന്തരവകുപ്പിനെയും പ്രതിക്കൂട്ടിലാക്കി നടത്തിയ വെളിപ്പെടുത്തലുകൾ വഴിതിരിഞ്ഞെത്തിയതും മലപ്പുറത്തെ തീവ്രവാദ-ദേശവിരുദ്ധ ചാപ്പയടിയിലായിരുന്നു. ദേശീയ ദിനപത്രത്തിന് മുഖ്യമന്ത്രി നൽകിയ വിവാദ അഭിമുഖത്തിലെ മലപ്പുറം പരാമർശം സർക്കാറിനെയും മുഖ്യമന്ത്രിയെയും തിരിഞ്ഞുകൊത്തി. സി.പി.എം ജില്ലാസമ്മേളനം ആവർത്തിച്ച് ആശങ്കപ്പെടുന്നതും മലപ്പുറം തീവ്രവാദ ശക്തികളുടെ സ്വാധീനത്തിൽ പെടുന്നു എന്നാണ്. സാമൂഹ്യമണ്ഡലങ്ങളിൽ ജമാഅത്തെ ഇസ്‍ലാമി, എസ്.ഡി.പി.ഐ ആർ.എസ്.എസ് എന്നിവയുടെ നുഴഞ്ഞുകയറ്റത്തെ ഗൗരവമായി കാണണമെന്നും പാലിയേറ്റീവ് പ്രവർത്തനങ്ങളിൽ പാർട്ടി സജീവമാകണമെന്നും സമ്മേളനം ആവശ്യപ്പെടുന്നു.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സന്നദ്ധസേവനവും പാലിയേറ്റീവ് പ്രവർത്തനവും നടക്കുന്ന ജില്ലയാണ് മലപ്പുറം. ഏത് സർക്കാർ ഭരിച്ചാലും സർക്കാറിന്റെ ഇത്തരം പ്രവർത്തനങ്ങളെ ഏറ്റെടുത്ത് വിജയിപ്പിക്കുന്ന ജില്ലയാണ്. ദുരന്തങ്ങളുണ്ടാവുമ്പോഴും എല്ലാ സംഘടനകളും രക്ഷാപ്രവർത്തനവുമായി രംഗത്തിറങ്ങും. വയനാട് ഉരുൾ ദുരന്തം, കവണക്കല്ല് ദുരന്തം തുടങ്ങിയ ഘട്ടങ്ങളിലെല്ലാം മലപ്പുറത്ത് നിന്നുള്ള സന്നദ്ധപ്രവർത്തകരുടെ ഇടപെടൽ പ്രശംസനീയമായിരുന്നു. മലപ്പുറത്തിന്റെ സവിശേഷതയായി വിലയിരുത്തപ്പെടുന്നത് എല്ലാ വിഭാഗത്തിൽ പെട്ടവരും ഒരുമയോടെ അടിയന്തരഘട്ടങ്ങളിൽ രംഗത്തിറങ്ങുന്നുവെന്നതാണ്. അടിയന്തര ഘട്ടങ്ങളിൽ മാത്രമല്ല തുടർന്നുള്ള പുനരധിവാസപ്രവർത്തനങ്ങളിലും നാട് ഒറ്റക്കെട്ടായാണ് പ്രവർത്തിക്കാറുള്ളത്. എന്നാൽ ഇത്തരം സന്നദ്ധപ്രവർത്തനങ്ങളിൽ പോലും അപകടം പതിയിരിക്കുന്നു എന്നാണ് സി.പി.എം മലപ്പുറം ജില്ല സമ്മേളനം ആശങ്കപ്പെടുന്നത്. ഈ സംഘടനകളാവട്ടെ മലപ്പുറത്ത് മാത്രമല്ല കേരളത്തിലും പുറം സംസ്ഥനങ്ങളിലും സന്നദ്ധപ്രവർത്തനം നടത്തുന്നുണ്ട്. മലപ്പുറത്തെ പ്രവർത്തനങ്ങളെ വിലയിരുത്തി തീവ്രവാദികളുടെ നുഴഞ്ഞുകയറ്റമായി എങ്ങനെ വിലയിരുത്തും എന്ന ചോദ്യം ബാക്കിയാണ്.
ജില്ലയിലെ സാമൂഹ്യജീവിതത്തിന് കനത്തവെല്ലുവിളി സൃഷിക്കുന്ന ജമാഅത്തെ ഇസ്‍ലാമി, എസ്.ഡി.പി.ഐ, സംഘ് പരിവാർ തുടങ്ങിയ മതതീവ്രവാദ സംഘടനകൾക്കെതിരെ ആശയരാഷ്ട്രീയ സമരം ശക്‍തിപ്പെടുത്തണമെന്നും മുസ്‍ലിം ലീഗിന്റെ മതരാഷ്ട്ര വാദികളുമായുള്ള കൂട്ടുകെട്ട് തുറന്നു കാണിച്ചുള്ള പോരാട്ടത്തിന് കരുത്ത് പകരുന്നതാവും സി.പി.എമ്മിന്റെ താനൂർ സമ്മേളനമെന്നും ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ് സമ്മേളന സ്മരണികയിൽ വ്യക്തമാക്കിയിരുന്നു. മെക് 7 നെതിരെ സി.പി.എമ്മിന്റെ മാർഷൽ ആർട്സ് വ്യായാമ കൂട്ടായ്മ വ്യാപകമാക്കാൻ മലപ്പുറം ജില്ല സമ്മേളനം തീരുമാനിച്ചിട്ടുണ്ട്. പാർട്ടി അനുഭാവി കൂടിയായ ആൾ നല്ല ലക്ഷ്യത്തോടെയാണ് മെക് 7 തുടങ്ങിയതെങ്കിലും ചിലയിടങ്ങളിൽ അത് തീവ്രവാദശക്തികൾ ഹൈജാക് ചെയ്തതായി ജില്ല സെക്രട്ടറി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.