'വടക്കൊരു ചിതയണഞ്ഞിരുന്നില്ല, തെക്കൊരു തിരുവാതിര നിരന്നപ്പോൾ'
text_fieldsസിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് അരങ്ങേറിയ മെഗാ തിരുവാതിരക്കെതിരേ വിമർശനം ശക്തമാകുന്നു. സമൂഹമാധ്യമങ്ങളിലെ ഇടത് അനുകൂല പ്രൊഫൈലുകളിൽ മിക്കതും മെഗാ തിരുവാതിരയെ വിമർശിച്ച് രംഗത്തുവന്നിട്ടുണ്ട്. 502 പേര്‍ പങ്കെടുത്ത തിരുവാതിരയാണ് സി.പി.എം സംഘടിപ്പിച്ചത്.
പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയുള്ള തിരുവാതിര കളി.ഇടുക്കി എൻജിനീയറിങ് കോളജിലുണ്ടായ സംഘർഷത്തിൽ എസ്.എഫ്.െഎ പ്രവർത്തകൻ കൊല്ലപ്പെട്ട സാഹചര്യത്തിൽ നടന്ന ആഘോഷം സി.പി.എം അണികൾക്കിടയിലും രോഷത്തിന് കാരണമായിട്ടുണ്ട്.
പാറശാലയില്‍ 14ന് തുടങ്ങുന്ന സിപിഎം ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായാണ് തിരുവാതിര നടത്തിയത്. ജനാധിപത്യ മഹിള അസോസിയേഷന്‍ പാറശാല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. പൊതുപരിപാടിയില്‍ 150 പേരില്‍ കൂടരുതെന്ന നിയന്ത്രണം നിലനില്‍ക്കെ 502 പേര്‍ തിരുവാതിര കളിയുടെ ഭാഗമായി. ചെറുവാരക്കോണം സിഎസ്ഐ സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന തിരുവാതിരയ്ക്ക് അത്രതന്നെ കാണികളുമെത്തി.
'വടക്കൊരു ചിതയണഞ്ഞിരുന്നില്ല,തെക്കൊരു തിരുവാതിര നിരന്നപ്പോൾ'എന്നായിരുന്നു മാധ്യമപ്രവർത്തകൻ അരുൺ കുമാർ ഇൗ സംഭവത്തെപറ്റി സമൂഹമാധ്യത്തിൽ കുറിച്ചത്. 'ജൻഡർ ന്യൂട്രൽ കാലത്തെ തിരുവാതിര യാണ്. കാമദേവൻ, ശിവൻ ,പാർവ്വതി ഒക്കെയുള്ള കഥ മാറിയിട്ടുണ്ട്. പക്ഷെ നർത്തകിമാരും ലാസ്യവും പഴേതു തന്നെ. ഓമിക്രോൺ ഓടിയൊളിച്ചിട്ടുണ്ടാവും. തിരുവാതിരയുടെ വിമോചക മൂല്യം തിരിച്ചറിഞ്ഞ സൈദ്ധാന്തിക ദർശനത്തിന് അഭിവാദ്യങ്ങൾ. ഇനി നമുക്ക് ബെല്ലി ഡാൻസും ദേവദാസി നൃത്തവും കൂടെ കൊണ്ടുവരണം. അങ്ങനെ വിമോചനം പൂർത്തിയാക്കണം. വടക്കൊരു ചിതയണഞ്ഞിരുന്നില്ല,തെക്കൊരു തിരുവാതിര നിരന്നപ്പോൾ'-അരുൺ കുമാർ ഫേസ്ബുക്കിൽ കുറിച്ചു.
സി.പി.എമ്മിന് അനുകൂലമായി സമൂഹമാധ്യമങ്ങളിൽ നിരന്തരം ഇടപെടുന്ന മാധ്യമപ്രവർത്തകൻ കെ.ജെ.ജേക്കബും തിരുവാതിരക്കളിയെ വിമർശിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.
'അസമയത്തിന്റെ അരുചി മാറ്റിവച്ചാലും സുഹൃത്തുക്കളെ, സംഭവം ബോറാണ്. അത് തിരുവാതിരക്കളിയുടെ പ്രശ്നമല്ല. ഇത്രയും സ്ത്രീകൾക്ക് ഒരുമിച്ചു ഒരു കലാരൂപം അവതരിപ്പിക്കാൻ പറ്റുന്നത് മോശം കാര്യവുമല്ല.
പക്ഷെ നിങ്ങളീ നേതാക്കന്മാരുടെ പേരൊക്കെ എടുത്തു പറഞ്ഞു ഇത്തരം ഒരു സംഭവം അവതരിപ്പിക്കുമ്പോൾ നിങ്ങൾക്ക് മുൻപേ പോയവർ ഏതൊക്കെ അസംബന്ധങ്ങൾ എടുത്തു കുഴിയിലിട്ടു മൂടാൻ ശ്രമിച്ചുവോ അതൊക്കെ നിങ്ങൾ വലിച്ചു വാരി പുറത്തിടുകയാണ്.
കേട്ടാൽ ചെടിക്കാതിരിക്കാൻ മാത്രം കമ്യൂണിസ്റ്റ് ബോധം ഇല്ലാത്തവരാണ് നിങ്ങളീ എടുത്തു പറയുന്ന പേരുകാർ എന്ന് വിശ്വസിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. ക്ഷമിക്കണം'-ജേക്കബ് ഫേസ്ബുക്കിൽ കുറിച്ചു.
സി.പി.എം പോളിറ്റ്ബ്യൂേറാ അംഗം എം.എ.ബേബിയെ കൂടാതെ, ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, സി.കെ.ഹരീന്ദ്രന്‍ എംഎല്‍എ തുടങ്ങിയ നേതാക്കളും തിരുവാതിര കാണാനെത്തിയിരുന്നു. സര്‍ക്കാരിന്‍റെ ഭരണ നേട്ടങ്ങളും പാര്‍ട്ടി ചരിത്രവുമായിരുന്നു തിരുവാതിരകളിപ്പാട്ടിന്‍റെ പ്രമേയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.