സി.പി.എം അംഗത്വം പുതുക്കില്ല -ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെ എസ്. രാജേന്ദ്രൻ
text_fieldsതൊടുപുഴ: സി.പി.എം അംഗത്വം പുതുക്കില്ലെന്ന് ദേവികുളം മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ. ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പാർട്ടി അംഗത്വം പുതുക്കാനായി നേതാക്കൾ അപേക്ഷഫോറം രാജേന്ദ്രന്‍റെ വീട്ടിലെത്തിച്ച് കൊടുത്തപ്പോഴായിരുന്നു പ്രതികരണം.
അംഗത്വം പുതുക്കാൻ ആഗ്രഹിക്കുന്നില്ലെന്നും നീതി ലഭിക്കാത്തതാണ് കാരണമെന്നുമാണ് രാജേന്ദ്രൻ പ്രതികരിച്ചത്. താൻ അനുഭവിച്ച മാനസികവിഷമം അത്രത്തോളമുണ്ട്. അതിനർഥം ബി.ജെ.പിയിൽ പോകുമെന്നല്ല. താൻ എ. രാജയെ തോൽപിക്കാൻ ശ്രമിച്ചുവെന്നത് കെട്ടിച്ചമച്ചതാണ്. ചതിച്ചവർക്കൊപ്പം പ്രവർത്തിക്കാനാകില്ല. സി.പി.എമ്മിൽ തുടരരുതെന്ന് ജില്ല സെക്രട്ടേറിയറ്റ് അംഗം കെ.വി. ശശി ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം മൂന്നാർ ഏരിയ സെക്രട്ടറി കെ.കെ. വിജയൻ, ജില്ല കമ്മിറ്റി അംഗങ്ങളായ എം. ലക്ഷ്മണൻ, ആർ. ഈശ്വരൻ എന്നിവരാണ് ശനിയാഴ്ച വൈകീട്ട് രാജേന്ദ്രന്‍റെ ഇക്കാ നഗറിലെ വീട്ടിലെത്തി ഫോറം നൽകിയത്. ജില്ല കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് നേതാക്കൾ ഫോറവുമായി വീട്ടിലെത്തിയത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ദേവികുളം മണ്ഡലത്തിലെ സി.പി.എം സ്ഥാനാർഥി എ. രാജയെ പരാജയപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പാർട്ടി രാജേന്ദ്രനെ പ്രാഥമിക അംഗത്വത്തിൽനിന്ന് ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു. സസ്‌പെൻഷൻ കാലാവധി 2023 ജനുവരിയിൽ അവസാനിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.