തട്ടത്തിൽ തൊട്ട് കൈപൊള്ളി സി.പി.എം; തള്ളിപ്പറഞ്ഞ് തടിയൂരാൻ നീക്കം
text_fieldsതിരുവനന്തപുരം: മുസ്ലിം പെൺകുട്ടികളുടെ തട്ടത്തിൽ തൊട്ട് കൈപൊള്ളി സി.പി.എം. തിരുവനന്തപുരം എസൻസ് നാസ്തിക സമ്മേളനത്തിൽ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ. അനിൽകുമാർ നടത്തിയ പരാമർശത്തിനെതിരെ മുസ്ലിം സമുദായത്തിൽനിന്ന് കടുത്ത പ്രതിഷേധമാണുയരുന്നത്.
അനിൽകുമാറിന്റെ വാവിട്ട വാക്ക് പ്രതിപക്ഷവും ആയുധമാക്കി. വിവാദമുണ്ടാക്കുന്ന പരിക്ക് തിരിച്ചറിഞ്ഞ് സി.പി.എം നേതൃത്വം അനിൽകുമാറിനെ തള്ളിപ്പറഞ്ഞു. ഇതിനുപിന്നാലെ, പാർട്ടി നേതൃത്വത്തിന്റെ തിരുത്ത് അംഗീകരിച്ച് അനിൽകുമാർ രംഗത്തുവന്നത് ലോക്സഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, വിവാദം വേഗം അവസാനിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ്.
മോദിപ്പേടിയിൽ മുസ്ലിം വോട്ട് ഒന്നടങ്കം കോൺഗ്രസിന് അനുകൂലമായതാണ് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ 19 സീറ്റ് നേട്ടത്തിലെത്തിച്ചത്. അത് ആവർത്തിക്കാതെ, പാർട്ടിക്ക് ലഭിക്കാറുള്ള മുസ്ലിം വോട്ട് പിടിച്ചുനിർത്താനുള്ള പരിശ്രമത്തിലാണ് സി.പി.എം നേതൃത്വം. ഏക സിവിൽ കോഡ് ഉൾപ്പെടെ വിഷയങ്ങളിൽ പ്രതിഷേധവുമായി ആദ്യം രംഗത്തുവന്നത് അതിന്റെ ഭാഗമായാണ്.
സമസ്ത ഇ.കെ, മുജാഹിദ് വിഭാഗങ്ങളെ ഏകസിവിൽ കോഡിനെതിരായ പാർട്ടി സെമിനാറിലേക്ക് ക്ഷണിച്ചതും സമുദായത്തെ എല്ലാ വിഭാഗങ്ങളെയും പാർട്ടിയിലേക്ക് അടുപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്.
ഇതിനിടെ, അനിൽകുമാറിന്റെ തട്ടം പരാമർശമുണ്ടാക്കിയ പരിക്ക് ചെറുതല്ല. കമ്യൂണിസ്റ്റ് പാർട്ടികളുടെ മതവിരുദ്ധത തുറന്നുകാട്ടാനുള്ള അവസരമായാണ് എതിരാളികൾ ഇത് ഉപയോഗപ്പെടുത്തുന്നത്.
മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, സമസ്ത ഇ.കെ വിഭാഗം എന്നിവയുടെ പ്രതികരണവും സമാനമാണ്. സി.പി.എമ്മിനോട് ചേർന്നുനിൽക്കുന്ന എ.പി കാന്തപുരം വിഭാഗമടക്കം അനിൽകുമാറിനെതിരെ രംഗത്തുവന്നു.
മതവിരുദ്ധതക്കൊപ്പം ഇസ്ലാമോഫോബിയ കൂടി ആരോപിക്കപ്പെട്ടതോടെ, സി.പി.എമ്മിന് അനിൽകുമാറിനെ പിന്തുണക്കാനാകാത്ത നിലയായി. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പാർട്ടി നിലപാടല്ലെന്ന് വിശദീകരിച്ചതിനു പിന്നാലെ, ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജനും അനിൽകുമാറിന് തെറ്റുപറ്റിയെന്ന് വിശദീകരിച്ചു.
താൻ പറഞ്ഞ കാര്യത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി വിശദീകരിച്ചത് അംഗീകരിക്കുന്നെന്ന് വ്യക്തമാക്കി അനിൽകുമാറും രംഗത്തുവന്നു. ഇതോടെ, വിവാദം അവസാനിച്ചെന്നാണ് സി.പി.എം കരുതുന്നത്. എന്നാൽ, സി.പി.എമ്മിന്റെ മുസ്ലിം വിരുദ്ധത തുറന്നുകാട്ടാനുള്ള ആയുധമായി ഉപയോഗിക്കാനാണ് പ്രതിപക്ഷം കോപ്പുകൂട്ടുന്നത്.
അഡ്വ. കെ. അനിൽ കുമാർ പറഞ്ഞത്
‘മുസ്ലിം സ്ത്രീകൾ പട്ടിണി കിടക്കുന്നില്ലെങ്കിൽ അതിന് നന്ദി പറയേണ്ടത് എസൻസിനോടല്ല, കമ്യൂണിസ്റ്റ് പാർട്ടിയോടാണ്. യുക്തിവാദ പ്രസ്ഥാനത്തിന്റെ പിന്തുണ കൊണ്ടല്ല പട്ടിണി മാറുന്നത്. പട്ടിണി മാറ്റുകയെന്നത് മുതലാളിയുടെ പണിയല്ല, കോർപറേറ്റുകളുടെ പണിയല്ല, വർഗസമരത്തിന്റെ ഭാഗമായി തൊഴിലാളിയുടെ പണിയാണ്. കൃഷിക്കാരന്റെ പണിയാണ്. ആ കൃഷിക്കാരൻ ദൈവത്തിൽ വിശ്വസിക്കുന്നുണ്ടാകും, മതത്തിൽ വിശ്വസിക്കുന്നുണ്ടാകും, അത് രണ്ടാമത്തെ കാര്യമാണ്. ചൂഷണത്തെ എതിർക്കാൻ അണിനിരത്തുകയെന്നതാണ് നമ്മുടെ രാഷ്ട്രീയം. ഞങ്ങളുടെ ഒന്നാമത്തെ അജണ്ട, കോർപറേറ്റ് മുതലാളിമാർ നാടിനെ വിഴുങ്ങാൻ വരുമ്പോൾ അവർക്കെതിരായ സമരത്തിനാണ് ഞങ്ങൾ പ്രാധാന്യം കൊടുക്കുന്നത്. രണ്ടാമത്തെ പ്രധാന കാര്യം, കേരളത്തിൽ മുസ്ലിം സ്ത്രീകൾ എങ്ങനെ നിർമിക്കപ്പെട്ടിരിക്കുന്നു.
മലപ്പുറത്തെ വിദ്യാഭ്യാസം പോയി നോക്കൂ. ഏതെങ്കിലും മതസംഘടനയുണ്ടാക്കിയ വിദ്യാഭ്യാസമാണോ? മലപ്പുറത്തെ പുതിയ പെൺകുട്ടികളെ കാണൂ നിങ്ങൾ. തട്ടം തലയിലിടാൻ വന്നാൽ അതു വേണ്ടായെന്ന് പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ ഭാഗമായി തന്നെ, വിദ്യാഭ്യാസമുണ്ടായതിന്റെ ഭാഗമായി തന്നെയെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. സ്വതന്ത്രചിന്ത വന്നതിൽ ഈ പ്രസ്ഥാനത്തിന്റെ പങ്ക് ചെറുതല്ല.
വിവാദമായശേഷം അനിൽകുമാർ ഫേസ്ബുക്കിൽ കുറിച്ചത്:
‘എസൻസ് സമ്മേളനത്തിൽ അവർ ഉന്നയിച്ച ഒരു വിഷയത്തോട് ഞാൻ നടത്തിയ മറുപടിയിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നൽകിയ വിശദീകരണം എന്റെ നിലപാടാണ്. കേവല യുക്തിവാദത്തിനെതിരെയും ഫാഷിസ്റ്റ്-തീവ്രവാദ രാഷ്ട്രീയങ്ങൾക്കെതിരെയും എല്ലാവരെയും അണിനിരത്തേണ്ട സമരത്തിൽ ഒരുമിക്കാൻ പാർട്ടി നൽകിയ വിശദീകരണം വളരെ സഹായിക്കും. പാർട്ടി ചൂണ്ടിക്കാട്ടിയത് ഒരു കമ്യൂണിസ്റ്റുകാരനെന്ന നിലയിൽ ഞാൻ ഏറ്റെടുക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.