കെ-റെയിൽ വർഗപ്രശ്നമല്ലാതാകുന്നത് എങ്ങനെയെന്ന് സി.പി.എം വ്യക്തമാക്കണം -സാറ ജോസഫ്
text_fieldsതൃശൂർ: കാലാവസ്ഥ വ്യതിയാനം പോലുള്ള പാരിസ്ഥിതിക ആഘാതങ്ങളിൽ വർഗ പ്രശ്നമുണ്ടെന്ന് പാർട്ടി കോൺഗ്രസിലൂടെ കണ്ടെത്തിയ സി.പി.എം കെ-റെയിൽ വർഗപ്രശ്നം അല്ലാതാകുന്നത് എങ്ങനെയെന്ന് വ്യക്തമാക്കണമെന്ന് എഴുത്തുകാരി സാറ ജോസഫ്. 'സിൽവർ ലൈൻ സമരക്കാരായ സ്ത്രീകളെ കേൾക്കാം' സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
കാലാവസ്ഥ വ്യതിയാനവും ആഗോള താപനം പോലുള്ള കെടുതികളും മുതലാളിത്തം അമിതമായി പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്യുന്നതിന്‍റെ ഭാഗമായാണ് സംഭവിച്ചതെന്ന പാർട്ടി കോൺഗ്രസ് കരട് രേഖയിലെ ഒരു വാചകം വ്യത്യസ്തമായി തോന്നി.
അതാണ് നിലപാടെങ്കിൽ കേരളത്തിൽ ഇപ്പോൾ സംഭവിക്കാൻ പോകുന്നത് എന്താണെന്ന് സി.പി.എം വ്യക്തമാക്കണം. എത്ര ലക്ഷം ഘന അടി മണ്ണ്, എത്ര ഏക്കർ തണ്ണീർതടം, ഭൂമി, പാരിസ്ഥിതിക ലോല പ്രദേശങ്ങൾ, പാറകൾ, വസ്തുക്കൾ എന്നിവ ചൂഷണം ചെയ്യേണ്ടി വരും.
ജനങ്ങൾക്ക് വേണ്ടിയാണ് വികസന പദ്ധതിയെങ്കിൽ ജനങ്ങൾക്ക് സംസാരിക്കാനുള്ള സുതാര്യത നടത്തിപ്പിൽ ഉണ്ടാകണം. അത് ഇല്ല എന്നതാണ് അപകടകരം. ജനാഭിപ്രായ രൂപീകരണത്തിന് ഇടഞ്ഞ് നിൽക്കുന്ന ഒന്നാണ് വികസന പദ്ധതികൾ. പദ്ധതിയുടെ പാരിസ്ഥിതിക ആഘാതം എന്താണ് എന്നതിൽ വ്യക്തതയില്ല. വർഗപ്രശ്നമാണെന്ന് പറഞ്ഞ് ചിലർക്ക് ഓഫിസിൽ ഇരുന്നാൽ മതി. അത് അനുഭവിക്കേണ്ടിവരുന്നത് ജനങ്ങളാണ്. ഇടതുപക്ഷത്തിന്‍റെ കണ്ണ് തുറക്കട്ടെയെന്നും സാറ ജോസഫ് പറഞ്ഞു.
കുസുമം ജോസഫ് അധ്യക്ഷത വഹിച്ചു. സിൽവർ ലൈൻ പദ്ധതിക്കെതിരായ സമരത്തിൽ നേതൃപരമായ ഇടപെടൽ നടത്തുന്ന ശരണ്യ രാജ്, സിന്ധു ജയിംസ്, മാരിയ അബു എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു. കെ.ജി. ശങ്കരപ്പിള്ള, എം. സുചിത്ര, കെ. സഹദേവൻ എന്നിവർ സംസാരിച്ചു. വി.കെ. ശശികുമാർ സ്വാഗതവും ശരത് ചേലൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.