വിദേശ സർവകലാശാലയിൽ ഉരുണ്ട് സി.പി.എം
text_fieldsതിരുവനന്തപുരം: വിദേശ സർവകലാശാലകൾ സംബന്ധിച്ച ബജറ്റ് പ്രഖ്യാപനത്തിൽ ഉരുണ്ടുകളിച്ച് സി.പി.എം. വിദേശ സർവകലാശാലകൾ നാളെ നടപ്പാക്കുമെന്നല്ല, സാധ്യതകൾ പരിശോധിക്കുമെന്നാണ് ബജറ്റിൽ പറഞ്ഞതെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. വിദേശ സർവകലാശാലകൾക്ക് അന്നും ഇന്നും സി.പി.എം എതിരാണ്. എന്നാൽ, പാർട്ടിയും സർക്കാറും രണ്ടാണ്.
പാർട്ടി നിലപാടുകളും തീരുമാനങ്ങളും അതേപടി സർക്കാറിന് നടപ്പാക്കാനാകില്ല. സോഷ്യലിസ്റ്റ് വിപ്ലവം നടന്ന നാടല്ല ഇത്. വിദേശ സർവകലാശാലകൾ എന്നത് കേന്ദ്രസർക്കാർ പുതിയ വിദ്യാഭ്യാസ നയത്തിൽ ഉൾപ്പെടുത്തിയ കാര്യമാണ്. സർക്കാറെന്ന നിലയിൽ കേരളത്തിന് ഇക്കാര്യത്തിൽ നിലപാട് എടുക്കാതെ മാറി നിൽക്കാനാകില്ല. മറ്റ് സംസ്ഥാനങ്ങളെല്ലാം ഇത്തരത്തിൽ യൂനിവേഴ്സിറ്റികൾ ആരംഭിച്ചിട്ടുണ്ട്. കേന്ദ്രം പറഞ്ഞപടി കോപ്പിയടിക്കാനല്ല കേരളം തീരുമാനിച്ചത്. അതുകൊണ്ടാണ് പരിശോധിക്കാമെന്ന് ബജറ്റിൽ പരാമർശിച്ചത്. ആരോടെല്ലാം ചർച്ച നടത്താമോ അവരുമായെല്ലാം സംസാരിക്കും.
നാളെ തന്നെ വിദേശ സർവകലാശാല അംഗീകരിക്കുമെന്നല്ല ഇതിനർഥം. സർക്കാറെന്ന നിലയിൽ എന്ത് സമീപനം ഇക്കാര്യത്തിൽ സ്വീകരിക്കാനാകുമെന്നാണ് നോക്കുന്നത്. സി.പി.ഐ ഇക്കാര്യത്തിൽ എതിർപ്പൊന്നും പറഞ്ഞിട്ടില്ല. അതേ സമയം വിദേശ സർവകലാശാലകൾ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന നിലപാട് സ്വീകരിക്കാനുമാകില്ല. വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ നിക്ഷേപം നേരത്തേ തന്നെ കേരളത്തിലുണ്ട്. അതുകൊണ്ട് സ്വകാര്യ നിക്ഷേപം പ്രശ്നമല്ല. വിദേശ സർവകലാശാലകൾക്കുള്ള അനുമതിയുടെ കാര്യത്തിൽ പി.ബിയുടെ അംഗീകാരം വേണോ എന്ന ചോദ്യത്തിന് പി.ബിയെ പ്രതിനായക സ്ഥാനത്ത് നിർത്തേണ്ടതില്ലെന്നായിരുന്നു ഗോവിന്ദന്‍റെ പ്രതികരണം.
വിയോജിപ്പറിയിച്ച് സി.പി.ഐ
തിരുവനന്തപുരം: വിദേശ സർവകലാശാല വിഷയത്തിൽ സി.പി.ഐ സി.പി.എമ്മിനെ വിയോജിപ്പ് അറിയിച്ചു. നയപരമായി വിയോജിപ്പുണ്ടെന്നാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ അറിയിച്ചത്.
സംസ്ഥാന എക്സിക്യൂട്ടിവ് കൗൺസിൽ യോഗങ്ങളിൽ വലിയ വിമർശനമുയർന്ന പശ്ചാത്തലത്തിലാണ് സി.പി.ഐ നടപടി. കൂടിയാലോചനകളില്ലാതെയുള്ള ഏകപക്ഷീയ തീരുമാനമെന്നാണ് സി.പി.ഐയുടെ വിമർശനം. ഇടത് നയത്തിന് വിരുദ്ധമായ വിദേശ സർവകലാശാല മുന്നണിക്കുള്ളിൽ ചർച്ച ചെയ്യാതെ നടപ്പാക്കാൻ കഴിയില്ലെന്ന് എം.വി. ഗോവിന്ദനോട് ബിനോയ് വിശ്വം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.