‘ഷുക്കൂറിന്റേത് വൈകാരിക പ്രതികരണം, മാധ്യമങ്ങൾ ഊതിപ്പെരുപ്പിച്ചു’; വിമർശനവുമായി സി.പി.എം ജില്ലാ സെക്രട്ടറി
text_fieldsപാലക്കാട്: ഏരിയ കമ്മിറ്റിയംഗം അബ്ദുൽ ഷുക്കൂർ പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചത് വൈകാരിക പ്രതികരണം മാത്രമായിരുന്നുവെന്നും മാധ്യമങ്ങൾ ഇക്കാര്യങ്ങൾ ഊതിപ്പെരുപ്പിച്ചതാണെന്നും സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു. വൈകാരിക പ്രതികരണങ്ങളെ ചൂഷണെ ചെയ്യുന്ന സമീപനമാണ് മാധ്യമങ്ങളുടേത്. മരണ വീട്ടിൽ പോലും ഇത്തരത്തിലാണ് പെരുമാറുന്നത്. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സംഘടനാ സംവിധാനമുണ്ട്. ഏരിയ കമ്മിറ്റി അംഗമെന്ന നിലയിൽ ഷുക്കൂർ മാധ്യമങ്ങളെ കാണാൻ പാടില്ലായിരുന്നു. എൻ.എൻ. കൃഷ്ണദാസ് മാധ്യമങ്ങളെ അധിക്ഷേപിച്ച സംഭവത്തിൽ താൻ അഭിപ്രായം പറയുന്നില്ലെന്നും സുരേഷ് ബാബു വ്യക്തമാക്കി.
ഇടതുപക്ഷത്തെ എങ്ങനെ പുറകോട്ടടിപ്പിക്കാം എന്നതാണ് മാധ്യമങ്ങൾ നോക്കുന്നത്. പാലക്കാട്ടെ സി.പി.എമ്മിൽ പൊട്ടിത്തെറി എന്ന രീതിയിൽ വാർത്ത നൽകിയത് ശരിയായ സമീപനമല്ല. അതിന്റെ തുടർച്ചയായാണ് കൃഷ്ണദാസ് അത്തരത്തിൽ പ്രതികരിച്ചത്. സരിനും ഷാനിബും കോൺഗ്രസ് വിട്ടതും ഷുക്കൂറിന്റെ പ്രതികരണവും ഒരുപോലെ കാണുന്നത് ശരിയല്ല. ജില്ലാ സെക്രട്ടറി പറഞ്ഞത് വിഷമമുണ്ടാക്കി എന്നായിരുന്നു ഷുക്കൂർ പറഞ്ഞത്. പാർട്ടിക്ക് പ്രശ്നങ്ങൾ പരിഹരിക്കാൻ അതിന്റേതായ രീതിയുണ്ട്. എല്ലാ വിഷയവും പാർട്ടിക്കുള്ളിൽ ചർച്ച ചെയ്യും. ഇനിയും കർശന നിലപാടുകൾ സ്വീകരിക്കേണ്ട സാഹചര്യങ്ങൾ വന്നേക്കാം. പാർട്ടി സെക്രട്ടറിക്കെതിരായ പരാമർശത്തിൽ ഷുക്കൂർ ഇന്നലെ തന്നെ ഖേദം പ്രകടിപ്പിച്ചിരുന്നു. കോൺഗ്രസിനെതിരെ ആരോപണങ്ങൾ വരുമ്പോൾ മാധ്യമങ്ങൾ പ്രാധാന്യം നൽകുന്നില്ലെന്നും സുരേഷ് ബാബു പറഞ്ഞു.
നേരത്തെ ജില്ലാ നേതൃത്വം അപമാനിക്കുകയും അവഗണിക്കുകയും ചെയ്തെന്ന് ആരോപിച്ചാണ് ഷുക്കൂർ പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചത്. മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും പാലക്കാട് നഗരസഭ കൗൺസിലറും പാലക്കാട് ഓട്ടോ ടാക്സി യൂണിയൻ ജില്ലാ ട്രഷററുമാണ് അബ്ദുൽ ഷുക്കൂർ. സമാന അനുഭവസ്ഥർ പാർട്ടിയിൽ വേറെയുമുണ്ടെന്ന് മാധ്യമങ്ങൾക്ക് മുമ്പിൽ പൊട്ടിക്കരഞ്ഞ് കൊണ്ട് ഷുക്കൂർ പറഞ്ഞു. പാർട്ടിക്ക് വേണ്ടി ആത്മാർഥമായാണ് താൻ പ്രവർത്തിച്ചത്. എന്നാൽ, പാർട്ടിക്കുള്ളിൽ ചവിട്ടി താഴ്ത്തുകയാണ്.
ഒരുപാടായി സഹിക്കുകയാണ്. ജില്ല സെക്രട്ടറി ഏകാധിപതിയെ പോലെ പെരുമാറുന്നു. ജില്ല സെക്രട്ടറിയുടെ പെരുമാറ്റം സഹിക്കാവുന്നതിലും അപ്പുറമാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ബോർഡുകൾ സ്ഥാപിച്ചില്ലെന്നും ചുമരെഴുതിയില്ലെന്നുമാണ് തനിക്കെതിരായ നേതൃത്വത്തിന്‍റെ കുറ്റാരോപണം. ഇതൊന്നും തന്നെ ഏൽപിച്ചിട്ടുള്ള കാര്യങ്ങളായിരുന്നില്ല. ബൂത്ത് സെക്രട്ടറിമാർ ചെയ്യാത്ത കാര്യങ്ങളിൽ തനിക്കുമേൽ കുറ്റം ചുമത്തുകയാണ്. നാൽപതോളം പേരുള്ള യോഗത്തിലാണ് തന്നെ അവഹേളിച്ചത്. നിന്നെ കാണിച്ചു തരാമെന്ന് ഏതാനും ദിവസം മുമ്പ് സെക്രട്ടറി ഭീഷണിപ്പെടുത്തിയിരുന്നു. അതിന് ശേഷം യോഗത്തിൽ അപമാനിച്ചു. സഹിച്ചു നിൽക്കാൻ സാധിക്കാത്തത് കൊണ്ട് പാർട്ടിയുമായി എല്ലാ ബന്ധവും ഉപേക്ഷിച്ചതെന്നും ഷുക്കൂർ വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ ജയിക്കണമെന്ന് ജില്ല സെക്രട്ടറിക്ക് ആഗ്രഹമില്ലെന്നും ഷുക്കൂർ ആരോപിച്ചു.
എന്നാൽ വൈകിട്ടോടെ മുതിർന്ന സി.പി.എം നേതാവ് എൻ.എൻ കൃഷ്ണദാസ് ഷുക്കൂറിന്‍റെ വീട്ടിലെത്തി സംസാരിച്ചതിനു ശേഷം ഷുക്കൂർ പാർട്ടി കൺവെൻഷനിൽ പങ്കെടുക്കുകയായിരുന്നു. തുടർ പ്രതികരണങ്ങൾക്ക് ഷുക്കൂർ തയാറായിട്ടില്ല. അതേസമയം അബ്ദുൽ ഷുക്കൂറിനെ സി.പി.എമ്മുകാർ ഭീഷണിപ്പെടുത്തി കൺവെൻഷന് എത്തിക്കുകയായിരുന്നു എന്ന് വി.കെ. ശ്രീകണ്ഠൻ എം.പി ആരേപിച്ചു. സി.പി.എം പോലെയൊരു പാർട്ടിയിൽ തുടരുക എളുപ്പമല്ല. ഷുക്കൂറിനെ കോൺഗ്രസിലേക്ക് കൊണ്ടുവരാനായി പ്രാദേശിക നേതാക്കൾ ഇടപെട്ട് ചർച്ച നടത്തിയിരുന്നുവെന്നും ശ്രീകണ്ഠൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.