ഫലസ്തീൻ റാലിയിലേക്ക് ലീഗിനുള്ള ക്ഷണം: തൊരപ്പന്റെ പണിയാണ് സി.പി.എം എടുക്കുന്നതെന്ന് കെ.മുരളീധരൻ
text_fieldsകോഴിക്കോട്: സി.പി.എം ഫലസ്തീൻ റാലിയിലേക്ക് മുസ്‍ലിം ലീഗിനെ ക്ഷണിച്ചത് യു.ഡി.എഫിനെ ദുർബലപ്പെടുത്താനാണെന്നും തൊരപ്പന്റെ പണിയാണ് സി.പി.എം എടുക്കുന്നതെന്നും കെ.മുരളീധരൻ പറഞ്ഞു.
ഫലസ്തീൻ വിഷയത്തിൽ ആദ്യം പ്രമേയം പാസാക്കിയത് കോൺഗ്രസിന്റെ പ്രവർത്തക സമിതിയാണ്. സി.പി.എമ്മിന് ഫലസ്തീൻ സ്നേഹം വന്നത് ഇപ്പോഴാണെന്നും ഇതുകൊണ്ടൊന്നും ലോക്സഭ തെരഞ്ഞെടുപ്പിൽ തലകുത്തി നിന്നാലും മാക്സിസ്റ്റ് പാർട്ടിക്ക് ഒരു സീറ്റുപോലും ലഭിക്കില്ലെന്ന് കെ.മുരളീധരൻ പറഞ്ഞു.
യു.ഡി.എഫിൽ തർക്കമുണ്ടാക്കാനാണ് സി.പി.എം ശ്രമം. മുസ്‍ലിം ലീഗ് ഒരിക്കലും സി.പി.എം ക്ഷണം സ്വീകരിച്ച് പരിപാടിയിൽ പങ്കെടുക്കില്ലെന്നും കെ.മുരളീധരൻ പറഞ്ഞു.
അതേസമയം, ലീഗിനെതിരെ നടത്തിയ പട്ടി പരാമർശത്തിൽ കെ.പി.സി.സി പ്രസിഡൻറ് കെ സുധാകരനെ മുരളീധരൻ പ്രതിരോധിച്ചു. കെ സുധാകരൻ ഒരു പഴഞ്ചൊല്ല് പറഞ്ഞതാണ്. അത് അത്ര ഗൗരവമാക്കേണ്ടതില്ലെന്ന് മുരളീധരൻ പറഞ്ഞു.
സി.പി.എം ഫലസ്തീൻ റാലിയിൽ പങ്കെടുക്കുമെന്ന ഇ.ടി മുഹമ്മദ് ബഷീറിന്റെ പ്രസ്താവനയോട് പ്രതികരിക്കവെ നടത്തിയ പരാമർശമാണ് വിവാദമായത്. അടുത്ത ജന്മത്തിൽ പട്ടിയാകണമെന്നു കരുതി ഇപ്പോൾ തന്നെ കുരക്കേണ്ടതില്ലെന്നായിരുന്നു കെ. സുധാകരൻ പറഞ്ഞത്. എന്നാൽ പിന്നീട് സുധാകരൻ അത് തിരുത്തി. ലീഗിനേയോ ഇ.ടിയേയോ ഉദ്ദേശിച്ചായിരുന്നില്ല പരാമർശമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.