പാർട്ടി കോൺഗ്രസ് നഗരിയിൽ അമേരിക്കയിൽ നിന്നെത്തിയൊരു യുവാവുണ്ട്...
text_fieldsകണ്ണൂർ: പാർട്ടി കോൺഗ്രസ് നഗരിയിലെ ആൾക്കൂട്ടത്തിൽ അമേരിക്കയിൽ നിന്നെത്തിയൊരു യുവാവുണ്ട്, 32കാരൻ പാട്രിക് ഫേ. ലോകം മുഴുവൻ ചുവപ്പുപടരണമെന്ന് ആഗ്രഹിക്കുന്നൊരു സഖാവ്. വിപ്ലവകാരികളുടെ നാട്ടിലെ ചുവപ്പണിഞ്ഞ തെരുവുകളിലൂടെ നടക്കുമ്പോൾ പാട്രിക് അടിമുടിയൊരു കമ്യൂണിസ്റ്റാവുകയാണ്. കേരളത്തെക്കുറിച്ചും കമ്യൂണിസ്റ്റ് പാർട്ടിയെക്കുറിച്ചുമുള്ള ആഴത്തിലുള്ള വായനയാണ് പാട്രിക്കിനെ പാർട്ടി പിറന്ന മണ്ണിലെത്തിച്ചത്. സന്ദർശനം ദേശീയ സമ്മേളനം നടക്കുന്ന സമയത്തുതന്നെയായത് ആവേശം ഇരട്ടിപ്പിക്കുന്നത് അദ്ദേഹത്തിെൻറ വാക്കുകളിലുണ്ട്.
''പാർട്ടി കോൺഗ്രസ് അത്ഭുതകരമാണ്. എന്റെ ജീവിതത്തിൽ ഇതുപോലൊന്ന് ഞാൻ അനുഭവിച്ചിട്ടില്ല. പിന്തിരിപ്പൻ യു.എസിൽ ഇതുപോലുള്ള കാര്യങ്ങൾ സംഭവിക്കുന്നില്ല. കമ്യൂണിസ്റ്റ് പാർട്ടിക്ക് ഏറെ വേരോട്ടമുള്ള കേരളത്തിൽ ഈ സമ്മേളന സമയത്തുതന്നെ ഉണ്ടാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്''- പാട്രിക് പറയുന്നു.
ജെ.എൻ.യു വിദ്യാർഥിയും എസ്.എഫ്.ഐ നേതാവുമായ നിതീഷ് നാരായണൻ വഴിയാണ് കേരളത്തിലെത്തുന്നത്. അമേരിക്കപോലൊരു രാജ്യത്തുനിന്ന് വർഗരഹിത സാമൂഹികവ്യവസ്ഥയുടെ വീണ്ടെടുപ്പിനായി പ്രവർത്തിക്കുന്ന കമ്യൂണിസത്തിൽ ആകൃഷ്ടനായതെങ്ങനെയെന്ന ചോദ്യത്തിനും കൃത്യമായ ഉത്തരം. യു.എസ് സാമ്രാജ്യത്വത്തിനും ആഗോള ദാരിദ്ര്യത്തിനും എതിരായ തന്റെ വികാരങ്ങളിൽനിന്നാണ് കമ്യൂണിസത്തോട് താൽപര്യമുണ്ടായത്. രാഷ്ട്രീയ വിശ്വാസങ്ങളിൽ ഭൂരിഭാഗവും ചരിത്രകാരനും എഴുത്തുകാരനുമായ മൈക്കൽ പരേന്തിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്നും പാട്രിക് തുടർന്നു. ന്യൂജഴ്സി സ്വദേശിയായ പാട്രിക് ഒറ്റക്കാണ് 60 ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയത്. ലഹരിവസ്തുക്കളുടെ പിടിയിലകപ്പെട്ടവരെ ജീവിതത്തിലേക്ക് തിരികെയെത്തിക്കുന്ന സാമൂഹിക സംഘടനയുടെ ഭാഗമായി പ്രവർത്തിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.