അകത്തും പുറത്തും ചർച്ചയായി കോൺഗ്രസ്
text_fieldsകണ്ണൂർ: സി.പി.എം പാർട്ടി കോൺഗ്രസിന് അരങ്ങുണരുമ്പോൾ സമ്മേളനത്തിന് അകത്തും പുറത്തും പ്രധാന ചർച്ചയായി കോൺഗ്രസ് സഹകരണം. ബി.ജെ.പിക്കെതിരായ മുന്നണിയിൽ കോൺഗ്രസുമായുള്ള സഹകരണം എത്രത്തോളം എന്നത് സമ്മേളന ചർച്ചകളിൽ വിഷയമാകും. അതേസമയം, കോൺഗ്രസ് സഹകരണം സമ്മേളനത്തിന് പുറത്തും ചർച്ചയാണ്.
പാർട്ടി കോൺഗ്രസിെൻറ ഭാഗമായുള്ള സെമിനാറുകളിലേക്ക് കോൺഗ്രസ് നേതാക്കളെ സി.പി.എം പ്രത്യേകം ക്ഷണിച്ചിരുന്നു. ശശി തരൂർ എം.പി, കെ.വി. തോമസ് എന്നിവർ ക്ഷണം സ്വീകരിച്ച് പങ്കെടുക്കാൻ സമ്മതം അറിയിച്ചു. എന്നാൽ, കെ.പി.സി.സി ഇടപെട്ട് വിലക്കി. വിലക്ക് മനസ്സുകൊണ്ട് അംഗീകരിക്കാത്ത തരൂരും കെ.വി. തോമസും എ.ഐ.സി.സിയെ സമീപിച്ചെങ്കിലൂം എ.ഐ.സി.സി കനിഞ്ഞിട്ടില്ല. ഹൈകമാൻഡിനെ വെല്ലുവിളിച്ച് തരൂരും തോമസും കണ്ണൂരിലെത്തുമോ എന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.
ഇരുവരും പങ്കെടുക്കില്ലെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ ഉറപ്പിച്ചുപറയുന്നത്. എന്നാൽ, പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ പറഞ്ഞു. ക്ഷണം സ്വീകരിച്ചതാണ്. പങ്കെടുക്കാമെന്ന് ഉറപ്പുപറഞ്ഞതുമാണ്. മറിച്ചൊരു കാര്യം അറിയിക്കാത്തതിനാൽ വരുമെന്ന് പ്രതീക്ഷിക്കുന്നു- അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ കോൺഗ്രസിലെ ഭിന്നത പരമാവധി കത്തിക്കാനാണ് സി.പി.എം ശ്രമം. തരൂരിനെയും തോമസിനെയും ക്ഷണിച്ചതിന് പിന്നിലെ ലക്ഷ്യവും മറ്റൊന്നല്ല. കെ- റെയിൽ വിഷയത്തിൽ യു.ഡി.എഫ് സമരത്തിനോട് പൂർണമായി തരൂർ യോജിക്കുന്നില്ല. രാജ്യസഭ സ്ഥാനാർഥിത്വമുൾപ്പെടെ ആഗ്രഹിച്ച തോമസിന് പരിഗണിക്കപ്പെടാതെ പോയതിെൻറ പരിഭവവുമുണ്ട്.
വിലക്കിൽ നീരസമുണ്ടെങ്കിലും ഹൈകമാൻഡ് വിലക്ക് ധിക്കരിക്കാൻ തരൂർ തയാറാകില്ല. എന്നാൽ, സി.പി.എം സെമിനാറിലേക്കുള്ള ക്ഷണം കോൺഗ്രസ് നേതൃത്വത്തോട് കണക്കുതീർക്കാനുള്ള അവസരമായി കണ്ടുള്ള പ്രതികരണമാണ് തോമസിൽനിന്നുണ്ടായത്. സി.പി.എം വേദിയിൽ തോമസിന് സുസ്വാഗതമെന്ന് കോടിയേരി ബാലകൃഷ്ണൻ തന്നെ പറഞ്ഞത് ഈ സാഹചര്യത്തിലാണ്. അതിനിടെ, സെമിനാറിൽ പങ്കെടുക്കുന്നതിന് കെ.വി. തോമസിന് എ.ഐ.സി.സി അനുമതി നിഷേധിച്ചു. കെ.പി.സി.സി നിര്‍ദേശം അനുസരിക്കണമെന്ന് തോമസിനെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.