പാർട്ടി കോൺഗ്രസ് കണ്ണൂർ കരുത്തിന്‍റെ വിളംബരം
text_fieldsകണ്ണൂർ: പാർട്ടിപിറന്ന മണ്ണിന്റെ വിപ്ലവാവേശവും സംഘടനാക്കരുത്തും അക്ഷരാർഥത്തിൽ അജയ്യമാണെന്നതിന്റെ പ്രഖ്യാപനമായിരുന്നു കണ്ണൂരിൽ നടന്ന സി.പി.എം 23ാം പാർട്ടി കോൺഗ്രസ്. രാജ്യത്ത് സി.പി.എമ്മിന് എറ്റവും കരുത്തുള്ള ജില്ലയായ കണ്ണൂരിൽ നടന്ന അഖിലേന്ത്യ സമ്മേളനം നടത്തിപ്പിനാലും ജനപങ്കാളിത്തത്താലും ആരെയും അത്ഭുതപ്പെടുത്തുന്നതായി.
സ്വന്തം നാട്ടിൽ നടക്കുന്ന സമ്മേളനത്തിന് സംഘാടക സമിതി ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു നടത്തിപ്പിന്‍റെ ചുക്കാൻ. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സംഘാടക സമിതിയുടെ ജനറൽ കൺവീനർ. കണ്ണൂരിൽ പാർട്ടി കോൺഗ്രസ് വിളംബരം ചെയ്തതു മുതൽ ജില്ലയിലെങ്ങും ചുവരെഴുത്തും പ്രാദേശികമായി സംഘാടകസമിതി ഓഫിസുകളും ഉയർന്നു. പ്രാദേശികതലത്തിലെ സെമിനാറുകളിൽ ദേശീയ, സംസ്ഥാന നേതാക്കളുടെ പങ്കാളിത്തവും സജീവമായി. ഏപ്രിൽ ആറിന് തുടങ്ങുന്ന കോൺഗ്രസിന്‍റെ അനുബന്ധ പരിപാടികൾക്ക് ഒന്നുമുതലേ കണ്ണൂർ നഗരത്തിൽ തുടക്കമായിരുന്നു. കൊടിതോരണങ്ങളും ദീപാലങ്കാരങ്ങളുമായി ദിവസങ്ങൾക്കുമുന്നേ കണ്ണൂർ നഗരം ചുവന്നുതുടുത്തു.
കേരളത്തിന്‍റെ വിപ്ലവപോരാട്ടങ്ങളുടെ ചരിത്രം ദൃശ്യവത്കരിച്ചുള്ള ടൗൺ സ്ക്വയറിലെ ചരിത്ര-ചിത്രപ്രദർശനം, കലാസാംസ്കാരിക പരിപാടികൾ, സെമിനാറുകൾ തുടങ്ങിയ അനുബന്ധ പരിപാടികളിലെ വൈവിധ്യവും ജനപങ്കാളിത്തവും സംഘാടനമികവ് വിളിച്ചോതുന്നതായിരുന്നു. പ്രതിനിധി സമ്മേളനത്തിന് വേദിയായ നായനാർ അക്കാദമിയിൽ ആധുനിക സൗകര്യങ്ങളോടെയുള്ള പന്തലടക്കമാണ് ഒരുക്കിയത്.
പന്തൽ നിർമാണത്തിനുള്ള സാധനസാമഗ്രികൾ ഡൽഹിയിൽനിന്നാണ് കൊണ്ടുവന്നത്. നായനാർ അക്കാദമിയിൽ കേരളത്തിന് പുറത്തുനിന്നുള്ള പ്രതിനിധികളെ എത്തിക്കുന്നതിനും ഇവർക്കുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനും റെഡ് വളന്റിയർ സംഘം എണ്ണയിട്ട യന്ത്രം പോലെയാണ് പ്രവർത്തിച്ചത്.
ബംഗാളിൽനിന്നടക്കമുള്ള പ്രതിനിധികൾ കണ്ണൂരിലെ സൗകര്യത്തിൽ അത്ഭുതം കൂറുകയായിരുന്നു. പരാതികൾക്കിടയില്ലാത്ത വിധത്തിലുള്ള ക്രമീകരണങ്ങളായിരുന്നു അടിതൊട്ട് മുടിവരെ സി.പി.എം കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർട്ടി കോൺഗ്രസിനായി ഒരുക്കിയത്.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, കോൺഗ്രസ് നേതാവ് കെ.വി. തോമസ് എന്നിവരെ സെമിനാർ വേദിയിലെത്തിക്കാൻ പാർട്ടിക്ക് കഴിഞ്ഞതും സമ്മേളനത്തിന് ദേശീയശ്രദ്ധ നേടിക്കൊടുത്തു.
തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കുന്ന സെമിനാർ നടന്ന ജവഹർ സ്റ്റേഡിയത്തിൽ മഴഭീഷണിയെ തുടർന്ന് മണിക്കൂറുകൾക്കകം കൂറ്റൻ പന്തലൊരുക്കിയതും സംഘാടനത്തിന്‍റെ മികവ് വിളിച്ചോതുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.