പാർട്ടി കോൺഗ്രസ്: ചുവപ്പുടുത്ത് കണ്ണൂർ
text_fieldsകണ്ണൂർ: സി.പി.എം പാർട്ടി കോൺഗ്രസിെൻറ ആവേശത്തിൽ ചുവപ്പണിഞ്ഞ് കണ്ണൂർ. അംഗബലത്തിൽ സി.പി.എമ്മിന് രാജ്യത്ത് ഏറ്റവും കരുത്തുള്ള ജില്ലയാണ് കണ്ണൂർ. എണ്ണയിട്ട യന്ത്രം കണക്കെ ചലിക്കുന്ന സംഘടന സംവിധാനത്തിെൻറ കരുത്ത് പാർട്ടി കോൺഗ്രസ് ഒരുക്കങ്ങളിൽ പ്രകടം. ഏപ്രിൽ ആറു മുതൽ 10 വരെ കണ്ണൂർ നഗരത്തിലെ നായനാർ അക്കാദമിയിലാണ് സി.പി.എമ്മിെൻറ അഖിലേന്ത്യ സമ്മേളനമായ പാർട്ടി കോൺഗ്രസ് നടക്കുക.
കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി പിറവികൊണ്ടത് കണ്ണൂർ പിണറായി പാറപ്രം സമ്മേളനത്തിലാണ്. പാർട്ടി പിറന്ന ജില്ലയിൽ ആദ്യമായി വിരുന്നെത്തുന്ന പാർട്ടി കോൺഗ്രസ് വർധിത ആവേശത്തോടെയാണ് അണികൾ നെഞ്ചേറ്റിയത്. പാർട്ടി ഗ്രാമങ്ങൾ സമ്മേളനത്തിെൻറ ആരവങ്ങളിലമർന്നിട്ട് ആഴ്ചകളായി. ജില്ലയിലെ 4247 ബ്രാഞ്ചുകളിലും സ്വാഗതസംഘം രൂപവത്കരിച്ച് പ്രചാരണങ്ങൾ സജീവം. ജില്ല ആസ്ഥാനം മാത്രമല്ല, നഗരങ്ങളും നാട്ടിടവഴികളും കവലകളുമെല്ലാം ചെങ്കൊടി തോരണങ്ങളാൽ അലംകൃതമാണ്.
നായനാർ അക്കാദമിയിൽ പ്രതിനിധി സമ്മേളനത്തിനായി കൂറ്റൻ പന്തൽ തയാറായി. സെമിനാറുകളും അനുബന്ധപരിപാടികളും നടക്കുന്ന ടൗൺസ്ക്വയറിലെ വേദിയും ഒരുങ്ങി. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പി.ബി അംഗം എസ്.ആർ.പി, എം.എ. ബേബി തുടങ്ങിയവർ ആഴ്ചകളായി കണ്ണൂരിൽ ക്യാമ്പ് ചെയ്യുകയാണ്. മന്ത്രിമാർ മിക്കവരും ദിവസങ്ങളായി കണ്ണൂരിലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും ജനറൽ സെക്രട്ടറി െയച്ചൂരി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും അടുത്ത ദിവസങ്ങളിൽ കണ്ണൂരിലെത്തും.
കണ്ണൂർ പാർട്ടി കോൺഗ്രസ് ചരിത്രസംഭവമാക്കി മാറ്റാനുള്ള ഒരുക്കങ്ങളിലാണ് അണികൾ. സമാപന സമ്മേളനം ഏപ്രിൽ 10ന് വൈകുന്നേരം കണ്ണൂർ ജവഹർ സ്റ്റേഡിയം ഗ്രൗണ്ടിലാണ്. ലക്ഷത്തിലേറെ പേർ പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നത്. പാർട്ടി കോൺഗ്രസിെൻറ അനുബന്ധമായി വിപുലമായ പരിപാടികളാണ് ജില്ലയിൽ നടന്നുവരുന്നത്. പോയകാലത്തെ പോരാട്ടകഥകൾ പറയുന്ന ചരിത്രപ്രദർശനം ബുധനാഴ്ച തുടങ്ങി. അന്താരാഷ്ട്ര നിലവാരത്തിലാണ് പ്രദർശനം. റെക്കോഡ് കുറിക്കാനൊരുങ്ങുന്ന 'റെഡ് ഫ്ലാഗ് ഡേ' ഏപ്രിൽ ഒന്നിന് നടക്കും. കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് രക്തസാക്ഷികളായ അബു മാസ്റ്ററും, ചാത്തുക്കുട്ടിയും ബ്രിട്ടീഷ് പൊലീസിെൻറ വെടിയേറ്റു മരിച്ചുവീണ തലശ്ശേരി ജവഹര്‍ഘട്ടില്‍നിന്ന് കണ്ണൂര്‍ കാല്‍ടെക്‌സിലെ എ.കെ.ജി പ്രതിമവരെ 23 കിലോമീറ്റര്‍ നീളത്തിലാണ് ദേശീയപാതയില്‍ റെഡ് ഫ്ലാഗ് നാട്ടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.