കഫിയ അണിഞ്ഞുള്ള ഐക്യദാർഢ്യം ആവേശകരമായ അനുഭവം, ജോർദാൻ നദി മുതൽ മെഡിറ്ററേനിയൻ കടൽ വരെയുള്ള ഫലസ്തീൻ സ്വതന്ത്രമാവുക തന്നെ ചെയ്യും -പിണറായി വിജയൻ
text_fieldsമധുര: സി.പി.എം പാർട്ടി കോൺഗ്രസിൽ ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം. പ്രതിനിധികൾ കഫിയ ധരിച്ചാണ് സമ്മേളനത്തിൽ എത്തിയത്. ചെറുത്തുനില്‍പ്പിന്റെയും ഐക്യദാർഢ്യത്തിന്റെയും ചിഹ്നമായ കഫിയ അണിഞ്ഞു ഫലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ചത് ആവേശകരമായ അനുഭവമായിരുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.
എല്ലാ മാനുഷിക മൂല്യങ്ങളും അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനങ്ങളും കാറ്റിൽ പറത്തിക്കൊണ്ട് ഹീനമായ അധിനിവേശവുമായി മുന്നോട്ടുപോവുകയാണ് ഇസ്രായേൽ. ഈ സാഹചര്യത്തിൽ ഫലസ്തീൻ ജനതയോടൊപ്പം അണിനിരക്കുന്നതിന് പകരം ഇസ്രായേലിനെ ന്യായീകരിക്കുകയാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാറെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സ്വാതന്ത്ര്യാനന്തരം രാജ്യം തുടർന്നുപോന്ന നിലപാടിൽ വെള്ളം ചേർക്കുന്ന നടപടിയാണിത്. ജോർദാൻ നദി മുതൽ മെഡിറ്ററേനിയൻ കടൽ വരെയുള്ള പലസ്തീൻ സ്വതന്ത്രമാവുക തന്നെ ചെയ്യുമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
നേതാക്കളും പ്രതിനിധികളും ഉൾപ്പെടെ പാർട്ടി കോൺഗ്രസ് സദസിലെ എല്ലാവരും കഫിയ അണിഞ്ഞാണ് ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
ഫലസ്തീൻ ജനതക്ക് പിന്തുണ അറിയിച്ച് പ്രതിനിധികൾ മുദ്രാവാക്യം വിളിച്ചു.ഡൗൺ ഡൗൺ സയണിസം എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടാണ് പാർട്ടി കോൺഗ്രസിൽ ഫലസ്തീൻ ജനതക്കുള്ള ഐക്യദാർഢ്യം പങ്കുവെച്ചത്.
ഏപ്രിൽ ആറ് വരെയാണ് മധുരയിൽ 24ാമത് പാർട്ടി കോൺഗ്രസ് നടക്കുന്നത്.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
"സി.പി.ഐ.എം ഇരുപത്തിനാലാം പാർടി കോൺഗ്രസ് പ്രതിനിധികൾ ചെറുത്തുനില്‍പ്പിന്റെയും ഐക്യദാർഢ്യത്തിന്റെയും ചിഹ്നമായ കഫിയ അണിഞ്ഞു പലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ചത് ആവേശകരമായ അനുഭവമായിരുന്നു. ഇസ്രായേൽ തുടരുന്ന വംശഹത്യക്കെതിരെ പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രതിനിധി സമ്മേളനത്തിൽ പ്രമേയം പാസാക്കി. എല്ലാ മാനുഷിക മൂല്യങ്ങളും അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനങ്ങളും കാറ്റിൽ പറത്തിക്കൊണ്ട് ഹീനമായ അധിനിവേശവുമായി മുന്നോട്ടുപോവുകയാണ് ഇസ്രായേൽ. ഈ സാഹചര്യത്തിൽ പലസ്തീൻ ജനതയോടൊപ്പം അണിനിരക്കുന്നതിന് പകരം ഇസ്രായേലിനെ ന്യായീകരിക്കുകയാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ. സ്വാതന്ത്ര്യാനന്തരം രാജ്യം തുടർന്നുപോന്ന നിലപാടിൽ വെള്ളം ചേർക്കുന്ന നടപടിയാണിത്. സമ്മേളനം പാസാക്കിയ പ്രമേയം പലസ്തീനിൽ അടിയന്തിരമായി സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. ജോർദാൻ നദി മുതൽ മെഡിറ്ററേനിയൻ കടൽ വരെയുള്ള പലസ്തീൻ സ്വതന്ത്രമാവുക തന്നെ ചെയ്യും."

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.