എൽ.ഡി.എഫിന്‍റെ കാലത്ത് വികസനമൊന്നും നടക്കരുതെന്നാണ് ചിലരുടെ നിലപാട് -പിണറായി
text_fieldsകണ്ണൂർ: എൽ.ഡി.എഫിന്‍റെ കാലത്ത് വികസന പ്രവർത്തനങ്ങളൊന്നും നടക്കാൻ പാടില്ല എന്നതാണ് ചിലരുടെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിവേഗ റെയിൽപാത കോൺഗ്രസിനാകാം. എന്നാൽ, എൽ.ഡി.എഫിന് പാടില്ല. നാടിന്‍റെ വികസന പ്രവർത്തനങ്ങളുമായി ശക്തമായി മുന്നോട്ടുപോകുമെന്നും പാർട്ടി കോൺഗ്രസ് പൊതുസമ്മേളനത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
വികസന പ്രവർത്തനങ്ങളുമായി ധൈര്യത്തിൽ മുന്നോട്ടുപോകാമെന്നാണ് കണ്ണൂരിലെ പാർട്ടി കോൺഗ്രസ് പകർന്ന സന്ദേശം. പാർട്ടിയുടെ അതിവിപുലമായ ഐക്യമാണ് കണ്ണൂരിൽ പ്രകടമായത്. കണ്ണൂരിലെ പാർട്ടി സമ്മേളനം കരുത്തുറ്റ സമ്മേളനമായി മാറിയത് ഈ ഐക്യത്താലാണ്.
സർക്കാറിന്‍റെ വികസന നയം തെറ്റായ കാര്യമാണെന്ന പ്രതീതി മാധ്യമങ്ങളടങ്ങുന്ന ചില കമ്യൂണിസ്റ്റ് വിരുദ്ധ ശക്തികൾ സൃഷ്ടിക്കുകയാണ്. ഇത്തരം ശക്തികൾക്ക് വഴങ്ങില്ല. സിൽവർ ലൈനിന് കേന്ദ്ര അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. പദ്ധതി നടപ്പാക്കുമ്പോഴുണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങൾ പരഹരിക്കാൻ കാര്യമായ നടപടി സ്വീകരിക്കും. അന്തിച്ചർച്ച നടത്തുന്ന മാധ്യമങ്ങൾ സർക്കാറിന്‍റെ വികസന പ്രവർത്തനങ്ങളെ എതിർക്കുകയാണ്. ചില മാധ്യമങ്ങൾക്ക് നാടിന്‍റെ വികസനത്തിനോടല്ല താൽപര്യമെന്നും പിണറായി പറഞ്ഞു.
സി.പി.എമ്മിൽ കേരളം, ബംഗാൾ എന്നിങ്ങനെ വ്യത്യസ്ത ചേരികളുണ്ടെന്ന് വരുത്തിത്തീർക്കാൻ കമ്യൂണിസ്റ്റ് വിരുദ്ധ ശക്തികൾ ശ്രമിക്കുകയാണെന്ന് സമ്മേളനത്തിൽ സംസാരിച്ച സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. മാധ്യമങ്ങൾ ഇത്തരം പ്രചാരണങ്ങൾക്ക് കൂട്ടുനിൽക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.