സി.പി.എം ഏരിയ സെക്രട്ടറി ബ്രാഞ്ച് കമ്മിറ്റി ഓഫിസിൽ മരിച്ച നിലയിൽ
text_fieldsപത്തനംതിട്ട: സി.പി.എം പത്തനംതിട്ട ഏരിയ സെക്രട്ടറി ബ്രാഞ്ച് കമ്മിറ്റി ഓഫിസിൽ തൂങ്ങിമരിച്ചനിലയിൽ. ഏരിയ സെക്രട്ടറി പി.ആർ. പ്രദീപിനെയാണ് (46) ഇലന്തൂർ വലിയവട്ടത്തെ ബ്രാഞ്ച് കമ്മിറ്റി ഓഫിസിൽ മരിച്ചനിലയിൽ കണ്ടത്. മുറി അകത്തുനിന്ന് പൂട്ടിയിരുന്നതിനാൽ ആത്മഹത്യയാണെന്നാണ് കരുതുന്നതെന്ന് പൊലീസ് അറിയിച്ചു.
വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് മൃതദേഹം കണ്ടത്. പത്തനംതിട്ട ഡിവൈ.എസ്.പി നന്ദകുമാറിന്‍റെ നേതൃത്വത്തിൽ എത്തിയ പൊലീസ് മൃതദേഹം അഴിച്ചിറക്കി പോസ്റ്റ്മോർട്ടത്തിന് അയച്ചു. വെള്ളിയാഴ്ച രാവിലെ ബ്രാഞ്ച് സെക്രട്ടറിയിൽനിന്ന് ഓഫിസിന്‍റെ താക്കോൽ വാങ്ങിക്കൊണ്ടുപോയ പ്രദീപ് 10 മണി വരെ അവിടെയുണ്ടായിരുന്നു. പിന്നീട് കണ്ടിരുന്നില്ല.
പാർട്ടിനേതാക്കൾ രാവിലെ ഫോണിൽ വിളിച്ചപ്പോൾ പത്തനംതിട്ട കോടതിയിൽ ഹാജരാകാൻ പോകുന്നുവെന്ന് പറഞ്ഞിരുന്നു. ഉച്ച മുതൽ പലരും വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. ഉച്ചകഴിഞ്ഞ് മൂന്നിന് നടത്താനിരുന്ന ഏരിയ കമ്മിറ്റിയിലും എത്തിയില്ല.
പത്തനംതിട്ടയിലെ കോടതികളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പൊലീസിൽ അറിയിച്ചതിനെ തുടർന്ന് സൈബർ സെല്ലിന്‍റെ സഹായത്തോടെ പരിശോധിച്ചപ്പോൾ വലിയവട്ടത്തെ ബ്രാഞ്ച് കമ്മിറ്റി ഓഫിസായിരുന്നു ലൊക്കേഷൻ. പ്രവർത്തകരും പൊലീസുമെത്തി വാതിലിന്‍റെ പൂട്ട് തകർത്ത് അകത്ത് കയറിയപ്പോഴാണ് മൃതദേഹം കണ്ടത്.
ഇലന്തൂർ സർവിസ് സഹകരണ ബാങ്ക് പ്രസിഡന്‍റാണ്. എസ്.എഫ്.ഐയിലൂടെ പാർട്ടിയിൽ എത്തിയ പ്രദീപ് ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡന്‍റുമായിരുന്നു. കഴിഞ്ഞ സമ്മേളന കാലത്താണ് ഏരിയ സെക്രട്ടറിയായത്. മികച്ച പ്രസംഗകനായ പ്രദീപ് നല്ലൊരു കർഷകനുമായിരുന്നു.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്‌കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ. തിങ്കളാഴ്‌ച രാവിലെ 7.30ന് ഏരിയ കമ്മിറ്റി ഓഫിസിലും ഒമ്പതിന് ഇലന്തൂർ സർവിസ് സഹകരണ സംഘത്തിലും 10ന് വീട്ടിലും മൃതദേഹം പൊതുദർശനത്തിന് വെക്കും. ഭാര്യ: ശ്രുതി (അധ്യാപിക - എസ്.വി.ജി.വി.എച്ച്.എസ്.എസ്, കിടങ്ങന്നൂർ). പത്താം ക്ലാസ് വിദ്യാർഥി ഗോവിന്ദ്, ഏഴാം ക്ലാസ് വിദ്യാർഥി ഗൗരി എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.